Join News @ Iritty Whats App Group

ആദ്യഘട്ടത്തിൽ 14 ജില്ലകളിലും ഓരോ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ; 10 രൂപ നിരക്കിൽ ഇനി സാനിറ്ററി നാപ്കിൻ ലഭിക്കും

ആദ്യഘട്ടത്തിൽ 14 ജില്ലകളിലും ഓരോ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ; 10 രൂപ നിരക്കിൽ ഇനി സാനിറ്ററി നാപ്കിൻ ലഭിക്കും


തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ സാനിറ്ററി നാപ്കിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി. സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീന്‍റെയും ഇൻസിനറേറ്ററിന്‍റെയും പ്രവർത്തനോദ്ഘാടനം തമ്പാനൂർ കെഎസ്ആർടിസി ബസ് ടെർമിനലിൽ വനിതാ, ശിശു വികസന, തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ നിർവഹിച്ചു. സ്ത്രീകളുടെ അന്തസ്സും ആരോഗ്യവും സംരക്ഷിക്കുന്നത് സമൂഹം ഒരുക്കുന്ന അടിസ്ഥാനസൗകര്യത്തിന്‍റെ ഭാഗമായി കാണണമെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.

വിമൻ ഓൺ ദ മൂവ് ആൻഡ് മെൻസ്ട്ര്വൽ നീഡ്‌സ് എന്ന് പേരിട്ട പദ്ധതിയിലൂടെ യാത്രാവേളയിൽ സ്ത്രീകൾക്ക് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാക്കുകയും ഉപയോഗശേഷം പരിസ്ഥിതി സൗഹൃദമായി സംസ്‌കരിക്കുന്നതിന് ഇൻസിനറേറ്റർ സൗകര്യം ഒരുക്കുകയും ചെയ്യുന്നു. 14 ജില്ലകളിലും ഓരോ കെഎസ്ആർടിസി ബസ് ടെർമിനലിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. തമ്പാനൂർ, കരുനാഗപ്പള്ളി, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, മൂന്നാർ, എറണാകുളം സെൻട്രൽ, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, മാനന്തവാടി, കണ്ണൂർ, കാസർഗോഡ് ബസ് സ്റ്റാൻഡുകളിലാണ് മെഷീൻ സ്ഥാപിച്ചിട്ടുള്ളത്.

93 കെഎസ്ആർടിസി ഡിപ്പോകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. തുടർന്ന് ടൂറിസം കേന്ദ്രങ്ങളിലും പൊതുവിടങ്ങളിലും സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീനും ഇൻസിനറേറ്ററും സ്ഥാപിക്കും. സർക്കാരിന്‍റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. കെഎസ്ആർടിസി ടെർമിനലുകളിലെ ശുചിമുറിക്ക് സമീപമാണ് മെഷീൻ സ്ഥാപിച്ചിട്ടുള്ളത്. ഒരു പാക്കറ്റിൽ മൂന്ന് സാനിറ്ററി നാപ്കിനുകൾ ഉണ്ടാകും. 10 രൂപയാണ് വില. എച്ച്.എൽ.എല്ലിന്‍റെ സഹകരണത്തോടെയാണ് വനിതാ ശിശുവികസനവകുപ്പ് പദ്ധതി നടപ്പാക്കുന്നത്. മെഷീനുകളുടെ പരിപാലനം കെഎസ്ആർടിസി നിർവഹിക്കും. ഉദ്ഘാടനചടങ്ങിൽ വനിതാ ശിശുവികസനവകുപ്പ് ഡയറക്ടർ വി വിഘ്‌നേശ്വരി സ്വാഗതം ആശംസിച്ചു. തമ്പാനൂർ വാർഡ് കൗൺസിലർ ആർ ഹരികുമാർ അധ്യക്ഷത വഹിച്ചു. കെഎസ്ആർടിസി സിഎംഡി ഡോ. പി എസ് പ്രമോജ് ശങ്കർ ആശംസകൾ നേർന്നു.

Post a Comment

Previous Post Next Post
Join Our Whats App Group