‘മുഖ്യമന്ത്രി പറഞ്ഞിട്ടല്ല പോസ്റ്റ് പിൻവലിച്ചത്’; അമിത് ഷാ വിവാദത്തിൽ വിശദീകരണവുമായി മന്ത്രി ഒജെ ജനീഷ്
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ച ദൃശ്യം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ശേഷം പോസ്റ്റ് പിൻവലിച്ചത് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടല്ലെന്ന് മന്ത്രി ഒ.ജെ. ജനീഷ്. പോസ്റ്റ് പിൻവലിച്ചതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന മാധ്യമവാർത്തകൾ വസ്തുതയ്ക്ക് നിരക്കാത്തതാണെന്നും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി.
തന്റെ സോഷ്യൽ മീഡിയ ടീം അഡ്മിൻ പാനലാണ് പോസ്റ്റ് പ്രസിദ്ധീകരിച്ചതെന്ന് മന്ത്രി പറഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്ന നിലയിലാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് പങ്കുവെച്ചത്. എന്നാൽ സംസ്ഥാന മന്ത്രിയുടെ പേരിൽ തന്നെ പ്രസ്തുത പോസ്റ്റ് പ്രചരിക്കുന്നത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കുമെന്നതിനാൽ പോസ്റ്റ് ഒഴിവാക്കാൻ ഓഫീസ് നിർദേശം നൽകുകയായിരുന്നുവെന്നും ജനീഷ് വ്യക്തമാക്കി.
പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിനിടെയാണ് പോസ്റ്റ് പിൻവലിച്ചതെന്നും അതിനാൽ ഇക്കാര്യം തൽസമയം ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അമിത് ഷായെ കരിങ്കൊടി കാണിച്ച പ്രതിഷേധം യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ കമ്മിറ്റിയുടെ പൊതുതീരുമാനപ്രകാരമായിരുന്നുവെന്നും ജനീഷ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുന്ന വാർത്തകളിൽ നിന്ന് മാധ്യമങ്ങൾ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, അമിത് ഷായെ യൂത്ത് കോൺഗ്രസ് കരിങ്കൊടി കാണിച്ചതിന്റെ പേരിൽ കേരളത്തിലെ മന്ത്രിമാർക്ക് നേരെ യുവമോർച്ച കരിങ്കൊടി കാണിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണെന്നും മന്ത്രി വിമർശിച്ചു. പോസ്റ്റ് പിൻവലിച്ചതിന്റെ പേരിൽ തന്നെ വിമർശിക്കുന്ന സിപിഎം–ഡിവൈഎഫ്ഐ പ്രവർത്തകർ കേരളത്തിലെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സന്ദർശനം പോലും അറിയാതെ ഉറക്കത്തിലായിരുന്നുവെന്നത് പരിഹാസ്യമാണെന്നും ജനീഷ് പ്രതികരിച്ചു.
Post a Comment