ഗ്യാസ് ക്ഷാമം തീര്‍ന്നു; ഹോട്ടലുകളില്‍ ഭക്ഷണവില കുറച്ചില്ല
കണ്ണൂര്‍:പാചകവാതക ക്ഷാമത്തിന്റെ മറവില്‍ വര്ധിപ്പിച്ച ഭക്ഷണവില, ഗ്യാസ് വിതരണം സാധാരണ നിലയിലായിട്ടും കുറയ്ക്കാതെ ഹോട്ടലുടമകള്.
അമേരിക്ക-ഇറാന് സംഘര്ഷ പശ്ചാത്തലത്തിലാണ് മൂന്നുമാസം മുമ്പ് പാചകവാതക പ്രതിസന്ധി ഉടലെടുത്തത്. പ്രതിസന്ധി മാറിയിട്ടും ചായക്കും എണ്ണക്കടികള്ക്കും ഊണിനും വില കുറയ്ക്കാന് ഹോട്ടലുടമകള് മടിക്കുകയാണ്.
അഞ്ചു മുതല് 25 രൂപ വരെയാണ് വര്ധിപ്പിച്ചത്. പല ഹോട്ടലുകളിലും ചായക്കും എണ്ണക്കടികള്ക്കും 15-20 രൂപയാണ്. 120 രൂപയായിരുന്ന സദ്യയ്ക്ക് 140 ആയി. 60 രൂപയുടെ ഊണിന് 80 രൂപയും. ബിരിയാണി, മന്തി തുടങ്ങിയ വിഭവങ്ങള്ക്കും നിരക്കില് വ്യത്യാസമുണ്ട്. ഇറച്ചി, മീന് വിഭവങ്ങള്ക്കും വന്വിലയാണ്. വാണിജ്യസിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ കരിഞ്ചന്തയില് 5000 രൂപയോളം നല്കിയാണ് പല വ്യാപാരികളും സിലിണ്ടര് വാങ്ങിയിരുന്നത്.
ഗ്യാസ് ലഭ്യത മെച്ചപ്പെട്ടിട്ടും വിലയിറക്കമില്ലെന്നു മാത്രം. ഓരോ ഹോട്ടലിലും ഭക്ഷണത്തിന് വ്യത്യസ്ത നിരക്കാണ്. അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും കെട്ടിട വാടകയും ചൂണ്ടിക്കാട്ടിയാണ് ഉയര്ന്ന നിരക്കിനെ ന്യായീകരിക്കുന്നത്. പാചകവാതകക്ഷാമം പരിഹരിച്ച സാഹചര്യത്തില് ഭക്ഷണവില കുറയ്ക്കാന് അധികൃതര് ഇടപെടണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.
ഹോട്ടലുകളില് കൃത്യമായ വിലവിവരപ്പട്ടിക ഉറപ്പുവരുത്തണമെന്നും ജനങ്ങളെ ചൂഷണം ചെയ്യുന്നവര്ക്കെതിരേ കര്ശന നടപടി വേണമെന്നും ആവശ്യമുണ്ട്.
വില കുറയ്ക്കാന് നിര്വാഹമില്ലെന്ന് അസോസിയേഷൻ
സിലിണ്ടര് ക്ഷാമം മാറിയെങ്കിലും വാണിജ്യസിലിണ്ടറുകള്ക്ക് കേന്ദ്ര സര്ക്കാര് വര്ധിപ്പിച്ച വില നാമമാത്രമായേ കുറച്ചിട്ടുള്ളൂ എന്ന് ഹോട്ടല് ആന്റ് റസ്റ്ററന്റ് അസോസിയേഷന്. 19 കിലോ തൂക്കം വരുന്ന വാണിജ്യസിലിണ്ടറിന് 3150 രൂപയാണ്. പച്ചക്കറിവിലയും നിത്യവും ഉയരുകയാണെന്ന് ഹോട്ടല് ആന്റ് റസ്റ്ററന്റ് അസോസിയേഷന് കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം ടി.ജയപ്രകാശന് പറഞ്ഞു.
തേങ്ങ, വെളിച്ചെണ്ണ, ഉള്ളി, വിലയിലാണ് കുതിപ്പ്. കെട്ടിടവാടക വര്ധനയും ഹോട്ടല് വ്യവസായത്തെ ബാധിക്കുന്നു. തൊഴിലാളിക്ഷാമത്തോടൊപ്പം കൂലി വര്ധനയും പ്രതിസന്ധിയാണ്. ഓണനാളുകളില് നാക്കിലയ്ക്ക് ഏഴുമുതല് 10 രൂപവരെയായിരുന്നു. പൊറോട്ടയടിക്കാര്ക്ക് ദിവസക്കൂലിയായിരുന്നെങ്കില് ഇപ്പോള് മൈദയുടെ തൂക്കത്തിനനുസരിച്ചാണ്. തൊഴിലാളിക്ഷാമവും നഷ്ടക്കണക്കും കാരണം ഓരോദിവസും പലയിടത്തും ഹോട്ടലുകള്‍ക്ക് താഴുവീഴുകയാണെന്നും പള്ളിക്കുന്നിലെ ലക്ഷ്മിവിലാസം ഹോട്ടല് ഉടമ കൂടിയായ ജയപ്രകാശന് വ്യക്തമാക്കി.
Post a Comment