കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിൽ ചികിത്സാപിഴവെന്ന് പരാതി
കണ്ണൂർ: പരിയാരം കണ്ണൂർ ഗവ. മെഡിക്കല്‍ കോളജിലെ ചികിത്സാപിഴവും അവഗണനയും കാരണം രോഗി അതീവഗുരുതരാവസ്ഥയിലായതായി പരാതി.നണിയൂർ നന്പ്രത്തെ കെ.പി.ആയിഷയുടെ ബന്ധുക്കളാണ് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കിയത്. കൃത്യമായ സമയത്ത് ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് യാതൊരു കിഡ്നി രോഗവുമില്ലാതിരുന്ന ആയിഷയുടെ വൃക്കകളുടെ പ്രവർത്തനം തരാറിലാവുകയും അതീവഗുരുതരാവസ്ഥയിലാകുകയും ചെയ്തെന്നാണ് പരാതി. ഇതേത്തുടർന്ന് കണ്ണൂർ എകെജി ആശുപത്രിയിലേക്ക് മാറ്റിയ ആയിഷ ഇപ്പോള്‍ ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്.
കണ്ണൂർ ഗവ. മെഡിക്കല്‍ കോളജില്‍ ആൻജിയോപ്ലാസ്റ്റി സർജറിക്ക് വിധേയയായ ആയിഷ കഴിഞ്ഞ 24നാണ് ഡിസ്ചാർജായത്. വീട്ടിലെത്തിയശേഷം പനിയും കടുത്ത ശരീരവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് വീണ്ടും മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ വാർഡില്‍ പ്രവേശിപ്പിച്ചു. ഹൃദയസംബന്ധമായ ഓപ്പറേഷൻ കഴിഞ്ഞ രോഗിയായിരുന്നിട്ടും യാതൊരുവിധ മുൻഗണനയോ പ്രത്യേക പരിചരണമോ നല്‍കാൻ ഡോക്ടർമാർ തയാറായില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. ആൻജിയോപ്ലാസ്റ്റി സമയത്തുണ്ടായ അണുബാധയെ തുടർന്ന് രോഗിക്ക് മൂത്രതടസവും മൂത്രത്തില്‍ ഗുരുതരമായ അണുബാധയും ഉണ്ടായെന്നും എന്നാല്‍ ഇതിനാവശ്യമായ വിദഗ്ധ ചികിത്സയോ ആന്റിബയോട്ടിക് മരുന്നുകളോ നല്‍കിയില്ലെന്നും പരാതിയിലുണ്ട്
.സീനിയർ ഡോക്ടർമാരോ നെഫ്രോളജി വിഭാഗത്തിലെ വിദഗ്ധ ഡോക്ടർമാരോ രോഗിയെ പരിശോധിക്കാൻ എത്തിയില്ല. മെഡിസിൻ വിഭാഗത്തിലെ പിജി വിദ്യാർഥികളായ ഡോക്ടമാർ മാത്രമാണ് രോഗിയെ നോക്കിയത്. സാധാരണ വൈറല്‍ പനിയാണെന്ന് പറഞ്ഞ് ദിവസങ്ങളോളം കൃത്യമായ ചികിത്സ നല്‍കാതെ തള്ളിനീക്കിയെന്നും ഇതിനിടയില്‍ നെഫ്രോളജി വിഭാഗത്തിലെ വനിതാ ഡോക്ടറോട് രോഗിയെ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഗൗനിച്ചില്ലെന്നും പരാതിയിലുണ്ട്. ഇതേത്തുടർന്നാണ് കണ്ണൂർ എകെജി ആശുപത്രിയിലേക്ക് മാറ്റിയത്.
ചികിത്സയില്‍ ഗുരുതര വീഴ്ച വരുത്തിയ മെഡിക്കല്‍ കോളജിലെ ഉത്തരവാദികളായ മുഴുവൻ ഡോക്ടർമാർക്കും ജീവനക്കാർക്കുമെതിരെ കേസെടുത്ത് സമഗ്രമായ അന്വേഷണം നടത്തി മാതൃകാപരമായ ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്നും രോഗിയുടെ മുഴുവൻ ചികിത്സാ ചെലവുകളും സർക്കാർ ഏറ്റെടുക്കണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം. സംഭവത്തില്‍ വ്യവസായമന്ത്രി, കെ.സുധാകരൻ എംപി, മനുഷ്യാവകാശ കമ്മീഷൻ തുടങ്ങിയർക്കും പരാതി നല്കിയിട്ടുണ്ട്.
Post a Comment