Join News @ Iritty Whats App Group

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതിയിൽ ഹർജി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതിയിൽ ഹർജി


ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതിയിൽ ഹർജി. തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നത ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകൻ ശൈലേന്ദ്ര മണി ഹർജി നൽകിയത്. രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ സമ്മതമില്ലാതെ എസ്ഐആർ സംബന്ധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ തീരുമാനമെടുക്കുന്നു എന്നാണ് ഹർജിയിലെ ആരോപണം. വോട്ടര്‍മാരെ ഒഴിവാക്കിയത് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും ചുമതലകളില്‍ വീഴ്ച വരുത്തിയ ഗ്യാനേഷ് കുമാറിനും ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടിയെടുക്കണമെന്നുമാണ് ഹർജിയിലെ ആവശ്യങ്ങൾ. ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിൽ വന്ന റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്.

അതിനിടെ കമ്മീഷണർമാർക്കിടയിലെ ഭിന്നതയിൽ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ എൻഡിഎ നേതാവും മന്ത്രിയുമായ ചിരാഗ് പാസ്വാൻ രംഗത്തത്തി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ നിലപാട് വ്യക്തമാക്കണം. രാഹുൽ ഗാന്ധിയോടല്ല, പൊതുജനത്തോട് വിശദീകരിക്കണം. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ജനങ്ങൾക്ക് സംശയമുണ്ടായാൽ പ്രതിസന്ധിയുണ്ടാകും. അതില്ലാതാക്കാനുള്ള ബാധ്യത കമ്മീഷനുണ്ടെന്നും ചിരാഗ് പാസ്വാൻ പ്രതികരിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നതയുടെ വിവരങ്ങൾ പുറത്തു വന്നതോടെ സി ജെ പി വീണ്ടും സമര പ്രഖ്യാപനവുമായി രംഗത്തു വന്നിരിക്കുകയാണ്. ഗോവയിൽ 97 വോട്ടർമാരെ പട്ടികയിൽ ഉൾപ്പെടുത്താത്തതിനെ രണ്ട് കമ്മീഷണർമാർ ഒന്നിലധികം തവണ ചോദ്യം ചെയ്തു. ഫോം 6 ലെ മാറ്റങ്ങൾ നിയമ വിരുദ്ധമെന്ന് കമ്മീഷണർമാർ ഗ്യാനേഷ് കുമാറിനെ നേരിട്ട് അറിയിക്കുകയും ചെയ്തു. ഇക്കാര്യത്തിൽ നിർദ്ദേശങ്ങൾ അവഗണിച്ചതിലുള്ള കടുത്ത അതൃപ്തി കമ്മീഷണർമാർ പ്രകടിപ്പിച്ചു. ഭിന്നത സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നതിനിടെ ഗ്യാനേഷ് കുമാറിന്‍റെ ഇന്നത്തെ പരിപാടികൾ റദ്ദാക്കി. ജെൻസിയുമായുള്ള ഇന്നത്തെ സംവാദവും 28ന് വാരണാസിയിൽ നിശ്ചയിച്ചിരുന്ന പരിപാടിയുമാണ് റദ്ദാക്കിയത്.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വെക്കണമെന്ന് സി ജെ പി ഇന്നലെ അന്ത്യശാസനം നൽകിയിരുന്നു. 48 മണിക്കൂറിനുള്ളിൽ രാജി വെക്കണമെന്നാണ് ആവശ്യമുന്നയിച്ചിരിക്കുന്നത്. രാജി വെച്ചില്ലെങ്കിൽ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് സിജെപിയുടെ മുന്നറിയിപ്പ്. എസ്ഐആർ നിർത്തിവെക്കണമെന്നും സിജെപി ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post
Join Our Whats App Group