ഉറക്കത്തില്‍ ക്രൂരത; കണ്ണൂര്‍ ചെറുപുഴയില്‍ വയോധികനെ ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ തലയില്‍ കല്ലിട്ടുകൊന്നു, പ്രതി അറസ്റ്റില്‍
ചെറുപുഴ: പുളിങ്ങോത്ത് വയോധികനെ ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ തലയില്‍ കല്ലിട്ടുകൊന്നു. ഇടവരമ്പ് പൂമലയിലെ മ്ലാക്കുഴി ജോസഫ് (ജോസ്‌കുട്ടി-68) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ പുളിങ്ങോം വിളക്കുവട്ടത്തെ കൂലേരി ചന്ദ്രനെ (48) ചെറുപുഴ പോലീസ് അറസ്റ്റ് ചെയ്തു. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
സെപ്റ്റംബർ 13-ന് ഞായറാഴ്ച വെളുപ്പിന് നാട്ടുകാരാണ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ഇരിപ്പിടത്തില്‍ ജോസുകുട്ടിയുടെ മൃതദേഹം കണ്ടത്. ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ സ്ഥിരമായി കിടന്നുറങ്ങാറുള്ള ജോസുകുട്ടിയുടെ തലയ്ക്ക്, പുലർച്ചെ മൂന്നോടെ പ്രതി വെട്ടുകല്ല് കൊണ്ടുവന്ന് ഇടുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു. ഉറക്കത്തിലായിരുന്ന വയോധികന് രക്ഷപ്പെടാൻ അവസരം ലഭിച്ചില്ല.
കഴിഞ്ഞ വർഷം ജൂലായ് 19-ന് മദ്യലഹരിയില്‍ ചന്ദ്രൻ ജോസുകുട്ടിയെ ആക്രമിച്ചതായി ചെറുപുഴ പോലീസില്‍ കേസുണ്ട്. അന്ന് ചന്ദ്രൻ നടത്തിയ ആയുധം കൊണ്ടുള്ള ആക്രമണത്തില്‍ ജോസുകുട്ടിയുടെ ഇടതുകാല്‍ ഒടിഞ്ഞിരുന്നു. ഈ കേസില്‍ റിമാൻഡിലായിരുന്ന പ്രതി, ജയില്‍ മോചിതനായ ശേഷം വൈരാഗ്യം തീർക്കാൻ വീണ്ടും ആക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്ത് കണ്ണൂരില്‍നിന്നുള്ള വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി തെളിവ് ശേഖരിച്ചു. പെരിങ്ങോം പോലീസ് ഇൻസ്പെക്ടർ കെ. ഷാജു, ചെറുപുഴ എസ്.ഐ. ജി. ജിഷ്ണു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
Post a Comment