ഗ്യാനേഷ് കുമാറിനെതിരെ കൈകോർക്കാൻ ഇന്ത്യ സഖ്യം, രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധത്തിന് നീക്കം; തെര. കമ്മീഷനിലെ ഭിന്നതയുടെ പുതിയ വിവരങ്ങൾ പുറത്ത്
ദില്ലി: തെരഞ്ഞെടുപ്പ് കമ്മീഷനിലെ ആഭ്യന്തര ഭിന്നതകൾ പരസ്യമായ സാഹചര്യത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷ പാർട്ടികളുടെ ഇന്ത്യ സഖ്യം. കഴിഞ്ഞകാലങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ കൈക്കൊണ്ട തീരുമാനങ്ങൾ സുപ്രീംകോടതി അടിയന്തരമായി പരിശോധിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഗ്യാനേഷ് കുമാർ അടിയന്തരമായി രാജി വെക്കണമെന്ന ആവശ്യവും പ്രതിപക്ഷം ശക്തമാക്കിയിട്ടുണ്ട്. രാഹുൽ ഗാന്ധിക്കും എം എ ബേബിക്കും മമത ബാനർജിക്കും പിന്നാലെ തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉൾപ്പെടെയുള്ള നേതാക്കൾ ഇക്കാര്യം ആവശ്യപ്പെട്ടു കഴിഞ്ഞു. സി ഇ സിയുടെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുന്നതിനൊപ്പം വിഷയം സുപ്രീം കോടതിക്ക് മുന്നിലെത്തിക്കാനും സഖ്യനേതാക്കൾ ആലോചിക്കുന്നുണ്ട്. ഒന്നിച്ച് സുപ്രീം കോടതിയെത്താനാണ് ഇന്ത്യ സഖ്യത്തിന്‍റെ ആലോചന
അതേസമയം സി ഇ സി ഗ്യാനേഷ് കുമാറിനെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ അഭിഭാഷകൻ ബ്രജേഷ് സിംഗ് അറ്റോർണി ജനറലിന് കത്തുനൽകി. കമ്മീഷന്റെ ഭരണഘടനാ സംവിധാനങ്ങളെ അട്ടിമറിച്ച് സി ഇ സി ഏകപക്ഷീയമായി പ്രവർത്തിച്ചെന്നും ഇത് സുപ്രീം കോടതി വിധികളുടെ ലംഘനമാണെന്നും കത്തിൽ ആരോപിക്കുന്നു. വരുംദിവസങ്ങളിൽ വിഷയം കൂടുതൽ രാഷ്ട്രീയ കൊടുങ്കാറ്റിന് വഴിവെക്കുമെന്നാണ് കരുതുന്നത്.
ഭിന്നതയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്
അതിനിടെ തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നതയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ഗോവയിൽ 97 വോട്ടർമാരെ പട്ടികയിൽ ഉൾപ്പെടുത്താത്തതിനെ രണ്ട് കമ്മീഷണർമാർ ഒന്നിലധികം തവണ ചോദ്യം ചെയ്തു. ഫോം 6 ലെ മാറ്റങ്ങൾ നിയമവിരുദ്ധമെന്ന് കമ്മീഷണർമാർ ഗ്യാനേഷ് കുമാറിനെ നേരിട്ട് അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ നിർദ്ദേശങ്ങൾ അവഗണിച്ചതിലുള്ള കടുത്ത അതൃപ്തി കമ്മീഷണർമാർ പ്രകടിപ്പിച്ചു. ഗോവയിൽ ഒഴിവാക്കിയ വോട്ടർമാരെ തിരിച്ചു ചേർക്കാൻ സംസ്ഥാന ഉദ്യോഗസ്ഥർ എട്ട് ഇ മെയിലുകൾ അയച്ചു. സുപ്രീം കോടതി നിർദ്ദേശത്തിന് ശേഷവും ഇവരെ പട്ടികയിൽ ചേർക്കാൻ ദില്ലിയിലെ ഉദ്യോഗസ്ഥർ തയ്യാറായില്ല എന്നത് വിഷയത്തിന്‍റെ ഗൗരവം വർധിപ്പിക്കുകയാണ്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നതയെന്ന വാർത്ത ഇന്നലെ രാവിലെയാണ് പുറത്തുവന്നത്. കഴിഞ്ഞ 10 മാസത്തിനിടെ 14 തവണയാണ് കമ്മീഷനിലെ തീരുമാനങ്ങളിൽ മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും വിയോജിപ്പ് അറിയിച്ചെന്നായിരുന്നു വാർത്ത. പശ്ചിമ ബംഗാളിലെ വോട്ടർമാർക്കെതിരായ അപ്പീലുകൾ, പുതിയ വോട്ടർമാർക്കുള്ള ഫോം ആറിലെ ചോദ്യങ്ങൾ, പോർട്ടലിന്റെ പൂർണ്ണ നിയന്ത്രണം കേന്ദ്രീകരിച്ചത് തുടങ്ങിയ കാര്യങ്ങളിൽ സി ഇ സി ഏകപക്ഷീയമായി തീരുമാനങ്ങളെടുത്തതാണ് കമ്മീഷനിൽ വൻ ഭിന്നതയ്ക്ക് വഴിവെച്ചത്.
Post a Comment