വാഹനങ്ങളിൽ തോന്നിയപോലെ രൂപമാറ്റം വേണ്ട; അനധികൃത മോഡിഫിക്കേഷനുകൾക്കെതിരെ കർശന നിലപാടുമായി ഹൈക്കോടതി
വാഹനങ്ങളിൽ അനധികൃതമായി രൂപമാറ്റം വരുത്തുന്നതിനെതിരെ വീണ്ടും കർശന നിലപാടുമായി ഹൈക്കോടതി. ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന വിഷയങ്ങളിൽ അധികൃതർ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ആവശ്യമായ പരിശോധനകൾ നടത്താതെയാണ് പല കാര്യങ്ങളും നടക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. വാഹനങ്ങളുടെ രൂപമാറ്റത്തിൽ കർശന പരിശോധനയും നിയമനടപടികളും ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി.
ജീപ്പുകളിൽ വലിയ വലുപ്പത്തിലുള്ള ടയറുകൾ ഘടിപ്പിക്കുന്നതടക്കമുള്ള മാറ്റങ്ങൾ അപകടങ്ങൾക്ക് കാരണമാകാമെന്നും കോടതി നിരീക്ഷിച്ചു. കോട്ടയം, കാസർഗോഡ് ജില്ലകളിലുണ്ടായ വാഹനാപകടങ്ങളും കോടതി പരാമർശിച്ചു. നിർമാതാക്കൾ നിശ്ചയിച്ച സാങ്കേതിക സവിശേഷതകളിൽനിന്ന് വ്യത്യസ്തമായി വാഹനങ്ങളിൽ മാറ്റം വരുത്തുന്നത് റോഡ് സുരക്ഷയെ പ്രതികൂലമായി ബാധിക്കാമെന്ന് ഹൈക്കോടതി നേരത്തെയും വ്യക്തമാക്കിയിരുന്നു.
അനധികൃത ലൈറ്റുകൾ, വീൽ സ്‌പേസറുകൾ, വാഹനത്തിന്റെ ബോഡിക്ക് പുറത്തേക്ക് തള്ളിനിൽക്കുന്ന വീതിയേറിയ ടയറുകൾ തുടങ്ങിയവയ്ക്കെതിരെയും കോടതി നേരത്തെ കർശന നിലപാട് സ്വീകരിച്ചിരുന്നു. ഇത്തരം രൂപമാറ്റങ്ങൾ വാഹനത്തിന്റെ സുരക്ഷയെയും നിയന്ത്രണത്തെയും ബാധിക്കാമെന്നും മറ്റ് റോഡ് ഉപയോക്താക്കൾക്ക് ഭീഷണിയാകാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
വാഹനങ്ങളുടെ രൂപമാറ്റവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് പരിശോധനകൾ ശക്തമാക്കണമെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. റോഡിലെ മറ്റ് യാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും കോടതി വ്യക്തമാക്കി.
Post a Comment