Join News @ Iritty Whats App Group

പാസ്പോർട്ടിൽ നിന്ന് പങ്കാളിയുടെ പേര് ഒഴിവാക്കാൻ വിവാഹമോചന ഉത്തരവ് നിർബന്ധമല്ലെന്ന് ഹൈക്കോടതി

പാസ്പോർട്ടിൽ നിന്ന് പങ്കാളിയുടെ പേര് ഒഴിവാക്കാൻ വിവാഹമോചന ഉത്തരവ് നിർബന്ധമല്ലെന്ന് ഹൈക്കോടതി


കൊച്ചി: ജീവിതപങ്കാളിയുടെ പേര് പാസ്പോർട്ടിൽ നിന്ന് നീക്കം ചെയ്യാൻ വിവാഹമോചന ഉത്തരവ് ഹാജരാക്കേണ്ടതില്ലെന്ന് ഹൈക്കോടതി. പാസ്പോർട്ട് ചട്ടങ്ങളിൽ ഇത്തരമൊരു നിബന്ധന ഇല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ജസ്റ്റിസ് മുരളി പുരുഷോത്തമൻ ഉത്തരവിട്ടത്.

തലാഖ് വഴി വിവാഹമോചനം നേടിയ തൃശൂർ സ്വദേശിനിയായ 28കാരി പാസ്പോർട്ടിൽ നിന്ന് മുൻ ഭർത്താവിന്റെ പേര് ഒഴിവാക്കുന്നതിനായി നൽകിയ അപേക്ഷയിൽ വിവാഹമോചന ഉത്തരവ് സമർപ്പിക്കണമെന്ന പാസ്പോർട്ട് അധികൃതരുടെ നിർദേശത്തെ ചോദ്യം ചെയ്ത് നൽകിയ ഹർജിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

വിവാഹമോചന ഉത്തരവ് നിർബന്ധമാണെന്ന് വ്യക്തമാക്കിക്കൊണ്ട് 2024ൽ ഓഫീസ് മെമ്മോറാണ്ടം പുറത്തിറക്കിയിട്ടുണ്ടെന്ന് കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. എന്നാൽ പാസ്പോർട്ട് ചട്ടങ്ങളിൽ വിവാഹമോചന ഉത്തരവ് ഹാജരാക്കുന്നതുമായി ബന്ധപ്പെട്ട നിർദേശം ഒഴിവാക്കിയിട്ടുണ്ടെന്ന് കോടതി വ്യക്തമാക്കി.

ഓഫീസ് മെമ്മോറാണ്ടം വഴി ചട്ടത്തിലെ വ്യവസ്ഥകളെ മറികടക്കാനാകില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. ഹർജിക്കാരിയുടെ അപേക്ഷ വീണ്ടും പരിഗണിച്ച് ഉചിതമായ തീരുമാനം എടുക്കാൻ റീജിയണൽ പാസ്പോർട്ട് ഓഫീസർക്ക് കോടതി നിർദേശം നൽകി.

Post a Comment

Previous Post Next Post
Join Our Whats App Group