സംഭാവന ക്രമക്കേട് വിവാദത്തിന് പിന്നാലെ അഴിച്ചുപണി; പണം എണ്ണലിന് സാങ്കേതികവിദ്യയുമായി രാമക്ഷേത്ര ട്രസ്റ്റ്
അയോധ്യയിലെ രാമക്ഷേത്രത്തിലെ സംഭാവന ക്രമക്കേട് വിവാദത്തിന് പിന്നാലെ ഭരണ-സാമ്പത്തിക സംവിധാനങ്ങളിൽ വൻ മാറ്റങ്ങൾക്ക് ഒരുങ്ങി ക്ഷേത്ര ട്രസ്റ്റ്. സംഭാവനയായി ലഭിക്കുന്ന പണം എണ്ണുന്നതിൽ മനുഷ്യ ഇടപെടൽ പരമാവധി കുറച്ച് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന സംവിധാനമാണ് പരിഗണിക്കുന്നത്. ഇതിനായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെയും രണ്ട് ബാങ്കുകളുടെയും നിർദേശങ്ങൾ ട്രസ്റ്റ് ചർച്ച ചെയ്തുവരികയാണ്.
കഴിഞ്ഞ ദിവസങ്ങളിലാണ് ട്രസ്റ്റിൽ നിർണായക അഴിച്ചുപണി നടന്നത്. മൂന്ന് പുതിയ ട്രസ്റ്റ് അംഗങ്ങളെ നിയമിച്ചതിന് പിന്നാലെ ആദ്യമായി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ (സിഇഒ) തസ്തികയും സൃഷ്ടിച്ചു. രാമക്ഷേത്രത്തിന്റെ ഭരണസംവിധാനവും സാമ്പത്തിക ഉത്തരവാദിത്വവും കൂടുതൽ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് തസ്തിക രൂപീകരിച്ചത്. വിരമിച്ച എയർ മാർഷൽ ജിതേന്ദ്ര മിശ്രയെയാണ് പുതിയ സിഇഒയായി നിയമിച്ചത്.
അതേസമയം, സിഇഒ നിയമനത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. ആരോപണവിധേയനായ മുൻ നിർമാണ സമിതി അധ്യക്ഷൻ നൃപേന്ദ്ര മിശ്ര സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ മറ്റൊരു മിശ്രയെ സിഇഒയായി നിയമിച്ചതിൽ കോൺഗ്രസ് വിമർശനം ഉന്നയിച്ചു. സംഭാവന ക്രമക്കേടിൽ പുതിയ സിഇഒ നടപടിയെടുക്കുമോ എന്ന ചോദ്യവും കോൺഗ്രസ് ഉയർത്തി. സിഇഒ നിയമനം ട്രസ്റ്റിന്റെ തീരുമാനമാണെന്ന് പറയുമ്പോഴും ഇതിന് പിന്നിൽ ബിജെപിയാണെന്നാണ് അഖിലേഷ് യാദവിന്റെ ആരോപണം.
അതിനിടെ, അയോധ്യ രാമക്ഷേത്ര ട്രസ്റ്റിന്റെ നിർണായക യോഗം ആരംഭിച്ചു. പുതിയ സിഇഒ ജിതേന്ദ്ര മിശ്ര ചുമതലയേറ്റ ശേഷമുള്ള ആദ്യ യോഗമാണിത്. ട്രസ്റ്റ് അംഗങ്ങൾക്കൊപ്പം സിഇഒയും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഭരണസംവിധാനം ശക്തിപ്പെടുത്തുന്നതിനും സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുന്നതിനുമുള്ള നടപടികൾ ഉൾപ്പെടെ യോഗത്തിൽ ചർച്ചയാകും.
Post a Comment