Join News @ Iritty Whats App Group

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; വൈകിട്ട് 6.15 മുതൽ രാത്രി 12.45 വരെ

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; വൈകിട്ട് 6.15 മുതൽ രാത്രി 12.45 വരെ


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി. വൈകിട്ട് 6.15 മുതൽ രാത്രി 12.45 വരെയുള്ള സമയത്താണ് നിയന്ത്രണത്തിന് സാധ്യത. മഴ കുറഞ്ഞതും അന്തരീക്ഷ താപനില ഉയർന്നുനിൽക്കുന്നതും വൈദ്യുതി ഉപഭോഗം ഉയരാൻ കാരണമായിട്ടുണ്ട്.

സെപ്റ്റംബർ മാസത്തെ മുൻവർഷങ്ങളിലെ ശരാശരി ആവശ്യകതയെ അപേക്ഷിച്ച് ഇത്തവണ വൈദ്യുതി ഡിമാൻഡ് ഏകദേശം 1200 മെഗാവാട്ട് വരെ വർധിച്ചു. ഇതുമൂലം ഇന്ന് 700 മുതൽ 900 മെഗാവാട്ട് വരെ വൈദ്യുതി ലഭ്യതക്കുറവ് നേരിടാൻ സാധ്യതയുണ്ടെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ.

രാജ്യവ്യാപകമായി വൈദ്യുതി ആവശ്യകത ഉയർന്നതോടെ പവർ എക്സ്ചേഞ്ചിൽനിന്നുള്ള വൈദ്യുതി ലഭ്യതയിലും കുറവുണ്ടായി. കാറ്റാടി വൈദ്യുതി ഉൽപ്പാദനം കുറയാനും വൈദ്യുതി ആവശ്യകത ഉയരാനും സാധ്യതയുണ്ടെന്ന് ദേശീയ ലോഡ് ഡെസ്പാച്ച് സെന്ററും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സെൻട്രൽ ജനറേറ്റിംഗ് സ്റ്റേഷനുകളിൽനിന്നുള്ള വൈദ്യുതി ലഭ്യതയിലും അപ്രതീക്ഷിത കുറവുണ്ടായിട്ടുണ്ട്.

ഇതിനുപുറമെ, മധ്യപ്രദേശിൽനിന്ന് സ്വാപ്പ് വ്യവസ്ഥയിൽ ലഭിച്ചിരുന്ന 200 മെഗാവാട്ട് വൈദ്യുതിയും ഇന്ന് ലഭിക്കില്ല. ഇതോടെ സംസ്ഥാനത്തെ വൈദ്യുതി ലഭ്യതയിൽ 200 മെഗാവാട്ടിന്റെ അധിക കുറവുണ്ടാകുമെന്നും കെഎസ്ഇബി അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group