13 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞ ലഹരി കടത്ത് കേസിലെ ഇരിട്ടി മട്ടിണി സ്വദേശിയായ പ്രതി പിടിയില്‍
കണ്ണൂർ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കണ്ണൂർ സിറ്റി ഡിവിഷൻ പോലീസ് നടത്തിയ പ്രത്യേക അന്വേഷണത്തില്‍, സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റർ ചെയ്ത കഞ്ചാവ് കടത്ത് കേസുകളില്‍ പ്രതിയായി 13 വർഷത്തോളം ഒളിവില്‍ കഴിഞ്ഞിരുന്ന ഇരിട്ടി മട്ടിണി സ്വദേശി കിഴക്കുമ്പുറം കെ.ടി.ജോസ് (56) പിടിയിലായി.
കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ വിജയ് ഭാരത് റെഡ്ഡിയുടെ നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ആന്ധ്രാപ്രദേശില്‍ നടത്തിയ സമർത്ഥമായ അന്വേഷണത്തിനൊടുവില്‍ പ്രതിയെ പിടികൂടിയത്. ആന്ധ്രാപ്രദേശില്‍ 'കൊറ ജോഷ് ബാബു' എന്ന പേരില്‍ കഴിഞ്ഞുവരികയായിരുന്നു ഇയാള്‍.
മുൻകാലങ്ങളില്‍ കേരളത്തിലേക്ക് വാണിജ്യാടിസ്ഥാനത്തില്‍ ലഹരി വസ്തുക്കള്‍ കടത്തിയിരുന്നവരെ കണ്ടെത്തുന്നതിനായി സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് കെ.ടി. ജോസിനെക്കുറിച്ചുള്ള നിർണായക വിവരങ്ങള്‍ ലഭിച്ചത്. കണ്ണൂർ ടൗണ്‍, തലശ്ശേരി, ഇരിട്ടി, ഉളിക്കല്‍, പാലക്കാട് ടൗണ്‍ സൗത്ത് എന്നീ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റർ ചെയ്ത കഞ്ചാവ് കടത്ത് കേസുകളില്‍ ഇയാള്‍ പ്രതിയാണ്.
2012ല്‍ മട്ടിണിയിലുള്ള ജോസ് താമസിച്ചിരുന്ന വീട്ടില്‍ നിന്ന് 8 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. കേസില്‍ അറസ്റ്റിലായ ശേഷം ജാമ്യത്തില്‍ പുറത്തിറങ്ങിയ ഇയാള്‍ പിന്നീട് ഒളിവില്‍ പോവുകയായിരുന്നു. തുടർന്ന് വിവിധ സ്ഥലങ്ങളില്‍ നടത്തിയ അന്വേഷണത്തില്‍ ഇയാളെ കണ്ടെത്താൻ കഴിയാതിരുന്നതിനെ തുടർന്ന് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കണ്ണൂർ റേഞ്ച് ഡി.ഐ.ജി. കെ. കാർത്തിക് ഐ.പി.എസ്.യുടെ മേല്‍നോട്ടത്തിലും സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലും നടത്തിയ പ്രത്യേക അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. പ്രത്യേക അന്വേഷണ സംഘം പ്രതിയുടെ സ്വദേശമായ ഇരിട്ടി മട്ടിണിയില്‍ നടത്തിയ അന്വേഷണത്തില്‍, ജാമ്യത്തില്‍ പുറത്തിറങ്ങിയ ശേഷം ജോസ് പിന്നീട് നാട്ടില്‍ തിരിച്ചെത്തിയിട്ടില്ലെന്നും, മാതാവിന്റെയും സഹോദരന്റെയും മരണസമയത്ത് പോലും നാട്ടിലെത്തിയിട്ടില്ലെന്നും കണ്ടെത്തി. ഇതോടെ ഇയാള്‍ മരണപ്പെട്ടിരിക്കാമെന്ന തരത്തിലുള്ള വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.
തുടർന്ന്, 2012ല്‍ ഒളിവില്‍ പോകുന്നതിന് മുമ്പ് ജോസ് ജോലി ചെയ്തിരുന്ന സ്ഥലങ്ങളെക്കുറിച്ചും സുഹൃത്തുക്കള്‍, പരിചയക്കാർ തുടങ്ങിയവരെക്കുറിച്ചും വിശദമായ അന്വേഷണം നടത്തി. ശാസ്ത്രീയ അന്വേഷണത്തിലൂടെ ഇയാള്‍ വയനാട്, പാലക്കാട്, തിരുവനന്തപുരം ജില്ലകളില്‍ വിവിധ കാലയളവുകളില്‍ ഒളിവില്‍ കഴിഞ്ഞിരുന്നതായി കണ്ടെത്തി.
മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് അന്വേഷണ സംഘം ആന്ധ്രാപ്രദേശിലേക്ക് എത്തിയത്. ആന്ധ്രാപ്രദേശ്-ഒഡീഷ അതിർത്തിയിലെ ഒരു ഗ്രാമത്തില്‍ ചിക്കൻ ഫാം നടത്തി താമസിക്കുന്ന ഒരാളെക്കുറിച്ചുള്ള വിവരങ്ങളാണ് അന്വേഷണത്തില്‍ നിർണായകമായത്. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ 'കൊറ ജോഷ് ബാബു' എന്ന പേരില്‍ ആന്ധ്ര സ്വദേശിയായി കഴിഞ്ഞുവരുന്നയാള്‍ യഥാർത്ഥത്തില്‍ കെ.ടി. ജോസ് തന്നെയാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു.
ഒളിവില്‍ പോയതിന് ശേഷം ഒരിക്കല്‍ പോലും ഇരിട്ടിയിലേക്ക് മടങ്ങിവരാതിരുന്ന ഇയാള്‍, പിടിക്കപ്പെടാതിരിക്കാനായി പേരും വിലാസവും മാറ്റി പുതിയ വ്യക്തിത്വത്തില്‍ വർഷങ്ങളായി അവിടെ താമസിച്ചുവരികയായിരുന്നു. തുടർന്ന് അന്വേഷണ സംഘം ആന്ധ്രാപ്രദേശ്-ഒഡീഷ അതിർത്തിയിലെ ഇയാള്‍ താമസിച്ചിരുന്ന ഗ്രാമത്തിലെത്തി ദിവസങ്ങളോളം രഹസ്യമായി നിരീക്ഷണം നടത്തി. പ്രതിയുടെ നീക്കങ്ങള്‍ സ്ഥിരീകരിച്ചശേഷം ഇയാള്‍ താമസിച്ചിരുന്ന വീട് വളഞ്ഞ് പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലില്‍, 'കൊറ ജോഷ് ബാബു' എന്ന പേരില്‍ കഴിഞ്ഞുവന്നത് താൻ തന്നെയാണ് എന്ന് ഇയാള്‍ സമ്മതിച്ചു.
കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ കീഴില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തില്‍ നാർക്കോട്ടിക് സെല്‍ എ.സി.പി. വി.വി. മനോജ്, കണ്ണൂർ എ.സി.പി. എം.പി. ആസാദ് എന്നിവരുടെ നേതൃത്വത്തില്‍ എസ്.ഐമാരായ വിനോദ്, ഷാജി, എ.എസ്.ഐമാരായ രാജീവൻ, സ്നേഹേഷ്, സജിത്ത്, ലെവൻ, സിവില്‍ പോലീസ് ഓഫീസർമാരായ നാസർ, അനൂപ്, ഷംസീർ അഹമ്മദ് എന്നിവർ ഉണ്ടായിരുന്നു.
Post a Comment