Join News @ Iritty Whats App Group

പൂജാമുറിയിൽ സ്വർണവും പണവും, നോട്ട് കൊണ്ട് അഭിഷേകം, യൂട്യൂബറുടെ വീഡിയോക്ക് പിന്നാലെ വീട്ടിൽ കള്ളൻ കയറി; 118 പവൻ സ്വർണവും പണവും കവർന്നു

പൂജാമുറിയിൽ സ്വർണവും പണവും, നോട്ട് കൊണ്ട് അഭിഷേകം, യൂട്യൂബറുടെ വീഡിയോക്ക് പിന്നാലെ വീട്ടിൽ കള്ളൻ കയറി; 118 പവൻ സ്വർണവും പണവും കവർന്നു


തിരുവനന്തപുരം: തന്‍റെ വീട്ടിലെ പൂജാമുറിയിലടക്കം സൂക്ഷിച്ചിരുന്ന പണവും സ്വർണവും കാണിച്ച് സാമൂഹികമാധ്യമത്തിൽ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ യൂട്യൂബറുടെ വീട്ടിൽ മോഷണം. വീട് കുത്തിത്തുറന്ന് മോഷ്ടാവ് 118 പവൻ സ്വർണവും പണവും കവർന്നാണ് മുങ്ങിയത്. നാഗർകോവിലിനുസമീപം തമ്മട്ടുകോണത്ത് വിഐപി ഗാർഡനിൽ താമസക്കാരനായ പ്രശസ്ത യൂട്യൂബർ ദമ്പതിമാരായ വിനോദ് കുമാറിന്‍റെയും മധുമിതയുടെയും വീട്ടിലാണ് മോഷണം നടന്നത്. തങ്ങൾ വാങ്ങിയ പുതിയ സ്വർണ്ണാഭരണങ്ങളും വീട്ടിലുള്ള സമ്പാദ്യവും കാണിച്ചുകൊണ്ട് ദമ്പതികൾ അടുത്തിടെ പങ്കുവെച്ച ഷോർട്സ് വീഡിയോ സോഷ്യൽ മീഡിയയിൽ വൻതോതിൽ വൈറലായിരുന്നു.

ഈ വീഡിയോ ശ്രദ്ധയിൽപ്പെട്ട കള്ളന്മാർ വീട് നിരീക്ഷിച്ച് ആസൂത്രിതമായി കവർച്ച നടത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. മധുമിത കഴിഞ്ഞദിവസം പൂജാമുറിയിൽ തങ്ങളുടെ സമ്പത്ത് പ്രദർശിപ്പിച്ചുകൊണ്ടുള്ള ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. കൂടാതെ കുഞ്ഞിനെ നോട്ടുകൾ കൊണ്ട് അഭിഷേകം നടത്തുന്ന വീഡിയോകളും പ്രചരിപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് വീട്ടിൽ കവർച്ച നടന്നതെന്ന് പരാതിയിൽ പറയുന്നു.

ദമ്പതികൾ പുറത്തുപോയ സമയത്താണ് വീടിന്റെ പൂട്ട് തകർത്ത് മോഷണം നടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന 118 പവൻ സ്വർണ്ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ ദമ്പതികൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സിസിടിവികൾ ഉൾപ്പെടെ സ്ഥാപിച്ചിട്ടുള്ള, അതീവ സുരക്ഷാ മേഖലയിൽ താമസിക്കുന്ന ഇവരുടെ വീടിന്‍റെ പിൻവാതിൽ തകർത്താണ് മോഷ്ടാക്കൾ വീട്ടിനുള്ളിൽ പ്രവേശിച്ചത്. തുടർന്ന് രാജഗമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവിയും, ഫോൺകോളുകളും ഉൾപ്പെടെ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group