മിഠായി പദ്ധതി താളം തെറ്റുന്നു; ഇൻസുലിനും സ്ട്രിപ്പുകളും കിട്ടാതെ ടൈപ്പ് 1 പ്രമേഹബാധിതരായ കുട്ടികൾ ദുരിതത്തിൽ
കേരളത്തിലെ ടൈപ്പ് 1 പ്രമേഹബാധിതരായ കുട്ടികൾക്ക് ആശ്വാസമായിരുന്ന സർക്കാർ മിഠായി പദ്ധതി താളം തെറ്റുന്നതായി പരാതി. മരുന്ന് വിതരണം ക്രമരഹിതമായതോടെ കുട്ടികളും കുടുംബങ്ങളും ദുരിതത്തിൽ. ചികിത്സ മുടങ്ങാതിരിക്കാനായി ടൈപ്പ് വൺ ഡയബറ്റിക് സൊസൈറ്റി സ്വന്തം നിലയിൽ പണം സ്വരൂപിച്ച് മരുന്നുകൾ വാങ്ങി വിതരണം ചെയ്യുകയാണ്.
മിഠായി പദ്ധതി വഴി നൽകിയിരുന്ന ഇൻസുലിനിൽ മാറ്റം വരുത്തിയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. റാപ്പിഡ് ആക്ഷൻ ഇൻസുലിന് പകരം ചെലവ് കുറഞ്ഞ ഇൻസുജൻ ആർ നൽകിയിരുന്നെങ്കിലും ഇപ്പോൾ അതും ആവശ്യത്തിന് ലഭിക്കുന്നില്ലെന്നാണ് പരാതി. രക്തത്തിലെ ഗ്ലൂക്കോസ് അളവ് നിരീക്ഷിക്കാൻ ആവശ്യമായ സ്ട്രിപ്പുകളുടെ വിതരണം പൂർണമായും നിലച്ചതും കുട്ടികളുടെ ചികിത്സയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
ഇൻസുലിനും ഗ്ലൂക്കോസ് പരിശോധിക്കുന്നതിനുള്ള സ്ട്രിപ്പുകൾക്കും വലിയ തുക ചെലവാകുന്നതിനാൽ സാധാരണക്കാരായ കുടുംബങ്ങൾക്ക് ചികിത്സ മുന്നോട്ടുകൊണ്ടുപോകുന്നത് ബുദ്ധിമുട്ടാണ്. ഈ സാഹചര്യത്തിലാണ് ടൈപ്പ് വൺ ഡയബറ്റിക് സൊസൈറ്റി പണം സ്വരൂപിച്ച് മരുന്നുകൾ സംഘടിപ്പിച്ച് വിതരണം ചെയ്യുന്നത്. പുതിയ സർക്കാർ 100 ദിവസം പൂർത്തിയാക്കിയിട്ടും ടൈപ്പ് 1 പ്രമേഹബാധിതരായ കുട്ടികളുടെ ചികിത്സാ ആവശ്യങ്ങൾ വേണ്ടത്ര പരിഗണിക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
Post a Comment