പാലത്തായി പീഡനക്കേസിൽ സർക്കാരിനെ കടന്നാക്രമിച്ച് ഇകെ സമസ്ത മുഖപത്രം; 'ശിക്ഷ മരവിപ്പിച്ച വിധി സർക്കാർ ചോദിച്ചുവാങ്ങിയ പരാജയം'
കോഴിക്കോട്: കണ്ണൂരിലെ പാലത്തായി പീഡനക്കേസിൽ യുഡിഎഫ് സർക്കാരിനെ കടന്നാക്രമിച്ച് ഇകെ സമസ്ത വിഭാഗത്തിന്റെ മുഖപത്രമായ ‘സുപ്രഭാതം’. പാലത്തായി കേസിൽ പ്രതിയായ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ച കോടതി വിധി സംസ്ഥാന സർക്കാരും പ്രോസിക്യൂഷനും ചോദിച്ചുവാങ്ങിയ പരാജയമാണെന്നാണ് സുപ്രഭാതത്തിന്റെ മുഖപ്രസംഗം.
പ്രോസിക്യൂഷന്റെ ഭാഗത്തു നിന്നുമുണ്ടായത് അക്ഷന്തവ്യമായ അലംഭാവമാണ്. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഒരിടപെടലും നടത്തിയില്ല. മറ്റു പല കേസുകളിലും ശിക്ഷിക്കപെട്ട പ്രതികളുടെ ജാമ്യ ഹർജിയിൽ കാണാത്ത എന്ത് താല്പര്യമാണ് ബിജെപി നേതാവിന്റെ കാര്യത്തിൽ സർക്കാരിന്നുള്ളതെന്നും മുഖപ്രസംഗത്തിൽ ചോദിക്കുന്നു. സുപ്രീം കോടതിയെ സമീപിച്ചു ഇരയ്ക്ക് നീതി ഉറപ്പാക്കാൻ സർക്കാർ ഇടപെടണമെന്നും മുഖപ്രസംഗത്തിൽ ആവശ്യപ്പെടുന്നുണ്ട്.
പാലത്തായിയിൽ നാലാംക്ലാസുകാരിയെ പീഡിപ്പിച്ച കേസിലാണ് അധ്യാപകനും ബിജെപി നേതാവുമായിരുന്ന പത്മരാജന്റെ ജീവപര്യന്തം തടവുശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. തലശ്ശേരി അതിവേഗ പ്രത്യേക കോടതിയുടെ ശിക്ഷാവിധി ചോദ്യംചെയ്തുള്ള അപ്പീലിലാണ് ഹൈക്കോടതി ശിക്ഷ മരവിപ്പ് ജാമ്യം അനുവദിച്ചത്. പെൺകുട്ടിയുടെ മൊഴികളിൽ വലിയ പൊരുത്തക്കേടുകളുണ്ടെന്ന വാദത്തിൽ കഴമ്പുണ്ടെന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തൽ. വൈദ്യപരിശോധന റിപ്പോർട്ടിലെ വൈരുദ്ധ്യവും കോടതി പരിഗണിച്ചു. തുടർന്നാണ് കർശന വ്യവസ്ഥകളോടെ പ്രതിക്ക് ജാമ്യം അനുവദിച്ചത്.
Post a Comment