'അഴുകിച്ചീര്‍ത്ത ശരീരം എത്തിച്ചത് പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ്... രാജേഷിന്റെ മൃതദേഹം എംബാം ചെയ്തില്ല; അച്ഛന്റെ മുഖം അവസാനമായി കാണണമെന്ന മക്കളുടെ ആഗ്രഹം നടന്നില്ല; ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചെങ്കിലും, ഭൗതികദേഹത്തോട് കാട്ടിയ അവഹേളനമെന്ന് ആക്ഷേപം; കണ്ണൂര്‍ കലക്ടറോട് റിപ്പോര്‍ട്ട് തേടി മന്ത്രി
കണ്ണൂര്‍: സ്വന്തം ജീവന്‍ പണയം വെച്ച് പ്രളയ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ ജീവന്‍ പൊലിഞ്ഞ ധീരയുവാവ് കല്ലിയൂര്‍ സ്വദേശി രാജേഷിന്റെ ഭൗതികദേഹത്തോട് അനാദരവ് കാട്ടിയെന്ന് ആക്ഷേപം.
നാലുദിവസം പുഴയില്‍ കിടന്ന് അഴുകിച്ചീര്‍ത്ത മൃതദേഹം എംബാം ചെയ്യുകയോ ഫ്രീസര്‍ ബോക്‌സുള്ള ആംബുലന്‍സ് ഏര്‍പ്പാടാക്കുകയോ ചെയ്യാതെ, വെറും പ്ലാസ്റ്റിക് ഷീറ്റില്‍ പൊതിഞ്ഞ് തിരുവനന്തപുരത്തേക്ക് അയച്ച പരിയാരം മെഡിക്കല്‍ കോളേജ് അധികൃതരുടെയും നടപടിയാണ് വിവാദമായത്.
സംസ്‌കാര ചടങ്ങുകള്‍ക്ക് മുന്‍പ് അവസാനമായി അച്ഛന്റെ മുഖമൊന്ന് കാണണമെന്ന് രാജേഷിന്റെ മക്കള്‍ കേണപേക്ഷിച്ചിട്ടും മൃതദേഹം തുറന്നു കാണിക്കാന്‍ കഴിഞ്ഞില്ല. എംബാം ചെയ്യാതെ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് അയച്ചതിനാല്‍ മൃതദേഹം അഴുകി വികൃതമായിരുന്നു. വീട്ടിലെത്തിച്ചാല്‍ മൃതദേഹം യാതൊരു കാരണവശാലും തുറന്നു കാണിക്കരുതെന്ന് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നതായും വ്യക്തമായിട്ടുണ്ട്.
കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ ആംബുലന്‍സ് കോഴിക്കോട് പിന്നിട്ടതോടെ അസഹ്യമായ ദുര്‍ഗന്ധം വമിക്കുകയും പഴുപ്പ് പുറത്തേക്ക് വരികയും ചെയ്തിരുന്നു. ഇതോടെ വഴിമധ്യേ തൃശൂര്‍ ചാവക്കാട് ഹയാത്ത് ആശുപത്രിക്ക് മുന്നില്‍ നിര്‍ത്തിയാണ് മൃതദേഹം ഫ്രീസര്‍ സൗകര്യമുള്ള മറ്റൊരു ആംബുലന്‍സിലേക്ക് ഡ്രൈവര്‍മാര്‍ മാറ്റിയത്. ഈ ദൃശ്യങ്ങള്‍ സിസിടിവിയിലൂടെ പുറത്തുവന്നതോടെയാണ് പൊതുജനങ്ങളെയും ബന്ധുക്കളെയും ഒരുപോലെ ഞെട്ടിച്ച ക്രൂരത പുറത്തറിയുന്നത്.
രാജേഷിന്റെ മൃതദേഹത്തെ അനുഗമിച്ചിരുന്ന വാര്‍ഡ് മെമ്പര്‍ കെ. മഹേഷും പൊതുപ്രവര്‍ത്തകന്‍ റാണെയും ഫ്രീസറുള്ള ആംബുലന്‍സ് വേണമെന്ന് പരിയാരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അധികൃതര്‍ കൈമലര്‍ത്തുകയായിരുന്നു. തൃശൂരില്‍ വെച്ച് ഫ്രീസറുള്ള ആംബുലന്‍സിലേക്ക് മാറ്റിയില്ലായിരുന്നെങ്കില്‍ ശരീരഭാഗങ്ങള്‍ വേര്‍പെട്ടു പോകുമായിരുന്നുവെന്ന് ആംബുലന്‍സ് ഡ്രൈവര്‍മാരായ മുഹമ്മദ് നിയാസും മുഹമ്മദ് തന്‍വീറും വ്യക്തമാക്കി. തുടര്‍ന്ന് യാത്ര തിരിച്ച പുതിയ ആംബുലന്‍സ് ചെങ്ങന്നൂരില്‍ വെള്ളക്കെട്ടില്‍ പെട്ട് കേടായതും ദുരിതം ഇരട്ടിയാക്കി.
കണ്ണൂര്‍ ചെറുപുഴയില്‍ പ്രളയ രക്ഷാപ്രവര്‍ത്തനത്തിനിടെ കഴിഞ്ഞ ശനിയാഴ്ചയാണ് രാജേഷ് അപകടത്തില്‍പ്പെട്ടത്. പ്രളയത്തില്‍ തുരുത്തില്‍ അകപ്പെട്ടയാളെ രക്ഷിക്കാന്‍ കുത്തിയൊഴുകുന്ന പുഴ നീന്തിക്കടന്ന് തന്റെ ലൈഫ് ജാക്കറ്റ് ഊരി നല്‍കി രാജേഷ് അയാളെ രക്ഷപ്പെടുത്തുകയായിരുന്നു. എന്നാല്‍ തിരികെ നീന്തുന്നതിനിടെ കയ്യിലുണ്ടായിരുന്ന കയറില്‍ നിന്ന് പിടിവിട്ട് രാജേഷ് ഒഴുക്കില്‍പ്പെട്ടു. മീന്‍തുള്ളി വെള്ളച്ചാട്ടത്തിലെ റെപ്പലിംഗ് ഇന്‍സ്ട്രക്ടറായിരുന്ന രാജേഷ് സ്വന്തം ഇഷ്ടപ്രകാരമാണ് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത്. ചൊവ്വാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവത്തില്‍ പരിയാരം മെഡിക്കല്‍ കോളേജിന് വീഴ്ച സംഭവിച്ചോ എന്നതിനെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കണ്ണൂര്‍ ജില്ലാ കളക്ടര്‍ പി. വിഷ്ണുരാജ് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് നിര്‍ദ്ദേശം നല്‍കി. വിശദാന്വേഷണത്തിനായി എ.ഡി.എം പി.എന്‍. പുരുഷോത്തമനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൂടാതെ സ്‌പെഷ്യല്‍ ബ്രാഞ്ചും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവന്‍ വെടിഞ്ഞ ധീരനായ യുവാവിന്റെ ഭൗതികദേഹത്തോട് അനാദരവ് കാണിച്ച സംഭവത്തില്‍ റവന്യൂമന്ത്രി എ.പി. അനില്‍ കുമാര്‍ കണ്ണൂര്‍ ജില്ലാ കളക്ടറോട് അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് വി. ശിവന്‍കുട്ടിയും ആവശ്യപ്പെട്ടു.
നാട്ടുകാരും ജനപ്രതിനിധികളും ആംബുലന്‍സ് സൗകര്യത്തെക്കുറിച്ച് പരാതി ഉന്നയിച്ചപ്പോഴും പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് പയ്യന്നൂര്‍ തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ മറുപടി നല്‍കിയതെന്ന് വാര്‍ഡ് അംഗം കെ. മഹേഷ് കുറ്റപ്പെടുത്തി. അതേസമയം, ആംബുലന്‍സില്‍ ഫ്രീസര്‍ ബോക്‌സ് ഇല്ലാത്ത വിഷയം തന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നാണ് പയ്യന്നൂര്‍ തഹസീല്‍ദാറുടെ വിശദീകരണം.
രാജേഷിന്റെ ഭൗതികദേഹം ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കരിച്ചത്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ അന്ത്യോപചാരമര്‍പ്പിച്ചു. അതേസമയം, വലിയ മാനസിക വിഷമത്തിലൂടെ കടന്നുപോകുന്നതിനാല്‍ സംഭവത്തില്‍ പൊലീസിലോ സര്‍ക്കാരിലോ ഔദ്യോഗികമായി പരാതി നല്‍കുന്നതിനെക്കുറിച്ച് നിലവില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് രാജേഷിന്റെ കുടുംബാംഗങ്ങള്‍ പ്രതികരിച്ചു.
Post a Comment