പാതിരാത്രിയിൽ എഡിജിപിയെ ഡിജിപിയാക്കാൻ കാണിച്ച ശുഷ്കാന്തി എന്താണ് കീഴുദ്യോഗസ്ഥരുടെ കാര്യത്തിൽ ഇല്ലാത്തത്? മേലുദ്യോഗസ്ഥർക്ക് മാത്രമാണോ പ്രമോഷൻ ബാധകം? തുറന്നടിച്ച് വീണ്ടും ഹൈക്കോടതി
എഡിജിപി ശ്രീജിത്തിനെ ഡിജിപിയാക്കിയതിന് എതിരെ ആഞ്ഞടിച്ച് വീണ്ടും ഹൈക്കോടതി രംഗത്ത്. “നിങ്ങൾ പാതിരാത്രിയിൽ എഡിജിപിയെ ഡിജിപിയാക്കാൻ കാണിച്ച ശുഷ്കാന്തി എന്താണ് കീഴുദ്യോഗസ്ഥരുടെ ന്യായമായ പ്രമോഷൻ്റെ കാര്യത്തിൽ കാണിക്കാത്തതെന്നാണ് ” കോടതി ചോദിച്ചത്.
“മേലുദ്യോഗസ്ഥർക്ക് മാത്രമാണോ പ്രമോഷൻ ബാധകം, കീഴുദ്യോഗസ്ഥർക്ക് ഇത് ബാധകമല്ലേ എന്ന് ചോദിച്ച ജസ്റ്റിസ് ബദറുദ്ദീൻ, ഇതാണ് യഥാർത്ഥ അനീതിയെന്നും തുറന്നടിച്ചു.
മുനമ്പം സിഐ ആയ പി ശ്രീകുമാറിൻ്റെ ഡിവൈഎസ്പി റാങ്കിലേക്കുള്ള പ്രമോഷൻ തടഞ്ഞ് വെച്ചതിന് എതിരായ ഹർജി പരിഗണിക്കുമ്പോഴാണ് സർക്കാരിനെതിരെ കോടതി ആഞ്ഞടിച്ചത്. ആഭ്യന്തര സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും ആയിരുന്നു ഈ കേസിലെ എതിർ കക്ഷികൾ. ഹർജി എതിർ ഭാഗത്തിൻ്റെ മറുപടിക്കായി മാറ്റി വച്ചിട്ടുണ്ട്.
സി.ഐ ശ്രീകുമാറിന് എതിരെ മുൻപ് ഉണ്ടായിരുന്ന വിജിലൻസിൻ്റെ പ്രാഥമിക റിപ്പോർട്ട് ചലഞ്ച് ചെയ്ത് മുൻപ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ, വിജിലൻസ് നൽകിയ മറുപടിയിൽ കേസ് നിലവിലില്ലെന്നും ഫയൽ ക്ലോസ് ചെയ്തെന്നും വ്യക്തമാക്കിയിരുന്നു.
തുടർന്ന് ഇതിൻ്റെ അടിസ്ഥാനത്തിൽ സിഐക്ക് പ്രമോഷൻ നൽകാൻ ഹൈക്കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാൽ കോടതി ഉത്തരവിട്ട് കഴിഞ്ഞ രണ്ട് മാസമായിട്ടും വിധി നടപ്പാക്കാത്തതിനാൽ ആഭ്യന്തര സെക്രട്ടറിയെയും ഡിജിപിയെയും എതിർകക്ഷിയാക്കി ഹർജിക്കാരൻ കോടതി അലക്ഷ്യ ഹർജി ഫയൽ ചെയ്യാൻ നിർബന്ധിതമാവുകയാണ് ഉണ്ടായത്.
ഈ കേസ് ഇന്ന് എട്ടാമത്തെ ഐറ്റമായി ഹൈകോടതി മുൻപാകെ വന്നപ്പോഴാണ് കോടതി സർക്കാർ അഭിഭാഷകനെ നിർത്തി “പൊരിച്ചത്”.
എഡിജിപി എസ് ശ്രീജിത്തിന് എതിരെ വിജിലൻസ് അന്വേഷണത്തിന് ആവശ്യമായ നടപടി സ്വീകരിക്കാൻ ഹൈക്കോടതി നൽകിയ ഉത്തരവ് നിലനിൽക്കെ, വിജിലൻസ് ക്ലിയറൻസ് വാങ്ങാതെ ശ്രീജിത്തിനെ ഡിജിപിയായി സ്ഥാനകയറ്റം നൽകിയത് നേരത്തെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഈ മാസം 10 ന് മുൻപ് ഇക്കാര്യത്തിൽ തീരുമാനം എടുത്ത് അറിയിച്ചില്ലങ്കിൽ കോടതി നേരിട്ട് ഇടപെടുമെന്ന മുന്നറിയിപ്പും ജസ്റ്റിസ് ബദറുദ്ദിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്.
കഴിഞ്ഞ വർഷം അവസാനം ചേർന്ന സ്‌ക്രീനിങ് കമ്മറ്റിയാണ് എഡിജിപിമാരായ എസ് ശ്രീജിത്ത്, സുരേഷ് രാജ് പുരോഹിത് എന്നിവരെ ഡിജിപി റാങ്കിലേക്ക് ഉയർത്താൻ തീരുമാനിച്ചിരുന്നത്. ഇത്തരം സ്‌ക്രീനിങ് കമ്മറ്റിയുടെ കാലാവധി 3 മാസം മാത്രമാണ് എന്നിരിക്കെ എന്തടിസ്ഥാനത്തിലാണ് ആ സ്‌ക്രീനിങ് കമ്മറ്റിയുടെ തീരുമാനം ഇപ്പോൾ നടപ്പാക്കിയതെന്ന ചോദ്യമാണ് നിയമ വിദഗ്ധരും ഉയർത്തുന്നത്.
അതേസമയം, മുനമ്പം സിഐയുടെ ഹർജിയിലെ ഹൈകോടതിയുടെ പുതിയ പരാമർശം, ചെറിയ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഉദ്യോഗകയറ്റം തടയപ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ നിയമ നടപടിയിലേക്ക് പ്രേരിപ്പിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
Post a Comment