‘ടെലിപ്രോംപ്റ്ററില്ലാതെ മോദിയും അമിത് ഷായും മുഴുവന്‍ പാടുമോ? വന്ദേമാതരത്തോട് അത്ര സ്‌നേഹമെങ്കില്‍ ശാഖകളില്‍ നിന്ന് തുടങ്ങട്ടെ; ബിജെപിയെ വെല്ലുവിളിച്ച് പ്രിയങ്ക് ഖാർഗെ
ദേശീയഗീതമായ വന്ദേമാതരവുമായി ബന്ധപ്പെട്ട വിവാദത്തിൽ ബി.ജെ.പിക്കും ആർ.എസ്.എസിനുമെതിരെ ആഞ്ഞടിച്ച് കർണാടക ഐ.ടി, ഗ്രാമവികസന മന്ത്രി പ്രിയങ്ക് ഖാർഗെ. ബി.ജെ.പിക്കും ആർ.എസ്.എസിനും വന്ദേമാതരത്തോട് പെട്ടെന്ന് ഇത്രയധികം സ്നേഹം തോന്നിയിട്ടുണ്ടെങ്കിൽ, അത് സ്വന്തം ശാഖകളിൽ നിന്ന് പാടിത്തുടങ്ങട്ടെയെന്ന് അദ്ദേഹം വെല്ലുവിളിച്ചു.
ആർ.എസ്.എസിന്റെ ദിവസേനയുള്ള പ്രാർത്ഥനയായ ‘നമസ്തേ സദാ വത്സലേ മാതൃഭൂമേ’ എന്നത് ഒഴിവാക്കി പകരം ശാഖകളിൽ വന്ദേമാതരം പാടാൻ തയ്യാറാകുമോ എന്നാണ് പ്രിയങ്ക് ഖാർഗെയുടെ ചോദ്യം. ഇതിനുപുറമെ, ടെലിപ്രൊംപ്റ്ററിന്റെ സഹായമില്ലാതെ വന്ദേമാതരം മുഴുവനായി പാടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ധൈര്യമുണ്ടോ എന്നും അദ്ദേഹം വെല്ലുവിളിച്ചു. എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ രൂക്ഷവിമർശനം.
മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു, സർദാർ വല്ലഭഭായ് പട്ടേൽ, നേതാജി സുഭാഷ് ചന്ദ്രബോസ്, രബീന്ദ്രനാഥ ടാഗോർ തുടങ്ങിയ സ്വാതന്ത്ര്യസമര സേനാനികളാണ് വന്ദേമാതരത്തിന്റെ ആദ്യ രണ്ട് വരികൾ മാത്രം പൊതുവേദികളിൽ ആലപിക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അങ്ങനെയെങ്കിൽ ഇന്നത്തെ മാനദണ്ഡപ്രകാരം അവരെയും ബി.ജെ.പി ‘രാജ്യവിരുദ്ധർ’ എന്ന് വിളിക്കുമോ എന്നും ഖാർഗെ പരിഹസിച്ചു.
രാജ്യം നേരിടുന്ന യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാൻ ബി.ജെ.പി നടത്തുന്ന ബോധപൂർവ്വമായ തന്ത്രം മാത്രമാണിതെന്ന് പ്രിയങ്ക് ഖാർഗെ ആരോപിച്ചു. തൊഴിലില്ലായ്മ, പരീക്ഷാ ക്രമക്കേട്, സാമ്പത്തിക പ്രതിസന്ധികൾ, പി.എം കെയേഴ്സ് ഫണ്ടിലെ അഴിമതി ആരോപണങ്ങൾ തുടങ്ങിയ ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടാനാണ് ഇത്തരം വ്യാജ വിവാദങ്ങൾ സൃഷ്ടിക്കുന്നത്. ഭരണകൂടത്തിന് ജനങ്ങൾക്ക് മുന്നിൽ ഉത്തരവാദിത്തം പറയേണ്ടി വരുമ്പോഴൊക്കെ വിഷയം മാറ്റുകയെന്നത് ബി.ജെ.പിയുടെ പതിവ് തന്ത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സ്വാതന്ത്ര്യസമരത്തിൽ യാതൊരു പങ്കും വഹിക്കാത്ത സംഘടനകളിൽ നിന്ന് രാജ്യസ്നേഹത്തിന്റെ സർട്ടിഫിക്കറ്റ് വാങ്ങേണ്ട ഗതികേട് കോൺഗ്രസിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡൽഹിയിലും ഗോവയിലും നടന്ന പാർട്ടി പരിപാടികൾക്കിടയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും സോണിയാ ഗാന്ധിയും ദേശീയഗീതത്തിന്റെ അപൂർണമായ പതിപ്പാണ് ആലപിച്ചതെന്നാരോപിച്ച് ബി.ജെ.പി കഴിഞ്ഞ ദിവസങ്ങളിൽ രംഗത്തുവന്നിരുന്നു. ഇതിന് മറുപടിയായാണ് 1937-ലെ കോൺഗ്രസ് വർക്കിങ് കമ്മിറ്റി തീരുമാനം ചൂണ്ടിക്കാണിച്ച് പ്രിയങ്ക് ഖാർഗെ രംഗത്തെത്തിയത്. വിവിധ സമുദായങ്ങൾക്കിടയിൽ ഐക്യം നിലനിർത്തുന്നതിന് വേണ്ടിയാണ് ടാഗോർ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഖണ്ഡികകൾ മാത്രം പൊതുവേദികളിൽ പാടാൻ അന്ന് തീരുമാനിച്ചിരുന്നത്.
Post a Comment