‘ദലിതുകൾക്ക് ഈ രാജ്യത്ത് സ്ഥാനമില്ല, അവർ എല്ലാവരെയും മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കുകയാണ്’; രാംലീല മൈതാനിയിലെ ശുദ്ധികലശത്തിൽ രൂക്ഷവിമർശനവുമായി ഖാർഗെ
ഉത്തരാഖണ്ഡിലെ രാംലീല മൈതാനിയിൽ തന്റെ പ്രസംഗത്തിന് പിന്നാലെ ഹിന്ദുത്വ സംഘടന ശുദ്ധികലശം നടത്തിയ സംഭവത്തിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് ദേശീയാധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. രാജ്യത്ത് ദലിതുകൾക്ക് അർഹമായ സ്ഥാനമില്ലെന്നും മതത്തിന്റെ പേരിൽ സമൂഹത്തെ ഭിന്നിപ്പിക്കുകയാണ് ചെയ്യുന്നതെന്നും രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് കൂടിയായ ഖാർഗെ വിമർശിച്ചു.
കഴിഞ്ഞ ശനിയാഴ്ച ഹൽദ്വാനിയിലെ രാംലീല മൈതാനിയിൽ നടന്ന വിജയശംഖനാഥ് റാലിയിലാണ് ഖാർഗെ പ്രസംഗിച്ചത്. ഇതിന് പിന്നാലെ തിങ്കളാഴ്ച ശ്രീരാമ സേനയുടെ നേതൃത്വത്തിൽ മൈതാനത്ത് ശുദ്ധികലശം നടത്തി. സംഭവത്തിൽ വലിയ രാഷ്ട്രീയ വിവാദം ഉയർന്നിരുന്നു. പാർലമെന്റിന്റെ വർഷകാല സമ്മേളനം അവസാനിക്കാനിരിക്കെ വ്യാഴാഴ്ചയാണ് ഖാർഗെ വിഷയം രാജ്യസഭയിൽ ഉന്നയിച്ചത്.
‘ഈ രാജ്യത്ത് ദളിതർക്ക് ഇടമില്ലെന്ന് ഞങ്ങൾ എല്ലായ്‌പ്പോഴും പറഞ്ഞിട്ടുണ്ട്. അവർ എല്ലാവരെയും മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കുകയാണ്. അവിടെ ഒരു ഹോമം നടത്തേണ്ട ആവശ്യമെന്തായിരുന്നു? രാംലീല മൈതാനി എല്ലാ പാർട്ടികളും പൊതുയോഗങ്ങൾക്കായി ഉപയോഗിക്കുന്ന വേദിയാണ്. എന്നാൽ അവർ ചെയ്തത് ഹിന്ദു മതത്തിന് തന്നെ എതിരാണ്. രണ്ടാമതായി, അവർ രാജ്യത്തെ ഭിന്നിപ്പിക്കാനും ജാതികൾ തമ്മിൽ സംഘർഷം ഉണ്ടാക്കാനുമായാണ് പ്രവർത്തിക്കുന്നത്.
രാംലീല മൈതാനിയിൽ ഞാൻ പ്രസംഗിച്ചു. ലക്ഷക്കണക്കിന് ആളുകൾ അവിടെയുണ്ടായിരുന്നു. ആ സമയത്ത് ഞാൻ ഒരു സമുദായത്തിന്റെയും മതത്തിന്റെയും പേര് പരാമർശിച്ചിരുന്നില്ല. സർക്കാരിന്റെ വിഷയങ്ങൾ മാത്രമാണ് ഞാൻ ആവർത്തിച്ചത്. എന്നാൽ എന്റെ പ്രസംഗത്തിന് ശേഷം, ബിജെപി പ്രവർത്തകർ ആ വേദി ശുദ്ധീകരിക്കാൻ അവിടെ ഹോമം നടത്തി. ഇതാണോ ജനാധിപത്യ രീതി? നിങ്ങൾ എങ്ങനെയാണ് ഭരണഘടന സംരക്ഷണത്തിന്റെ വക്താക്കളാകുന്നത്?’ ഖാർഗെ ചോദിച്ചു
ഖാർഗെയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ രംഗത്തെത്തി. സംഭവം ദൗർഭാഗ്യകരമാണെന്നും ഇതിൽ ബിജെപി അംഗങ്ങൾക്ക് യാതൊരു പങ്കുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ അന്വേഷണം നടത്തുമെന്നും നഡ്ഡ ഉറപ്പുനൽകി. അതേസമയം, ശ്രീരാമ സേനയ്ക്ക് ബിജെപിയുമായി ബന്ധമുണ്ടെന്ന ഉത്തരാഖണ്ഡ് കോൺഗ്രസ് അധ്യക്ഷൻ ഗണേഷ് ഗോഡിയാലിന്റെ ആരോപണം ബിജെപി തള്ളി. സംഘടനയ്‌ക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ നൈനിറ്റാൾ പൊലീസ് സൂപ്രണ്ടിനെയും ഗോഡിയാൽ വിമർശിച്ചു.
അതേസമയം, ഖാർഗെയുടെ റാലിക്കിടെ ഉയർന്ന ചില മുദ്രാവാക്യങ്ങൾ സനാതന സമൂഹത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് ബിജെപി സംസ്ഥാന വക്താവും കാബിനറ്റ് മന്ത്രിയുമായ ഖജൻ ദാസ് ആരോപിച്ചു. മതപരമായ പ്രാധാന്യമുള്ള രാംലീല മൈതാനിയിൽ മറ്റൊരു മതവുമായി ബന്ധപ്പെട്ട മുദ്രാവാക്യങ്ങൾ ഉയർന്നത് ആളുകളുടെ വികാരം വ്രണപ്പെടുത്തുകയും പ്രകോപനത്തിന് ഇടയാക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു
Post a Comment