കർണാടക ബന്ദ് തുടങ്ങി; ബസ്, മെട്രോ സർവീസുകൾ പതിവുപോലെ; വൻ സുരക്ഷ; അവസാനനിമിഷം ബന്ദിൽനിന്ന് പിന്മാറി വിവിധ സംഘടനകൾ
ബെംഗളൂരു: കാവേരി നദീജലത്തർക്കവുമായി ബന്ധപ്പെട്ട് വിവിധ കന്നഡ അനുകൂല സംഘടനകൾ ആഹ്വാനംചെയ്ത കർണാടക ബന്ദ് തുടങ്ങി. വ്യാഴാഴ്ച രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ബന്ദ്.
അതേസമയം, ബന്ദിന് ആഹ്വാനമുണ്ടെങ്കിലും ബെംഗളൂരുവിലും മൈസൂരുവിലും കർണാടക ആർടിസി ബസുകൾ സാധാരണനിലയിൽ സർവീസ് നടത്തുന്നതായാണ് റിപ്പോർട്ട്. കർണാടക ആർടിസി മൈസൂരു ഡിവിഷൻ വ്യാഴാഴ്ച ഷെഡ്യൂൾ ചെയ്ത എല്ലാ സർവീസുകളും നടത്തുമെന്ന് അറിയിച്ചു. മൈസൂരുവിനും ബെംഗളൂരുവിനും ഇടയിലും ബസുകൾ സാധാരണപോലെ സർവീസ് നടത്തുന്നുണ്ട്. വ്യാഴാഴ്ച സ്കൂളുകൾ തുറന്നുപ്രവർത്തിക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പും അറിയിച്ചു. പ്രാദേശികമായി എവിടെയെങ്കിലും ക്രമസമാധാന പ്രശ്നങ്ങളുണ്ടായാൽ സ്കൂളുകൾ അടച്ചിടുന്നത് സംബന്ധിച്ച് ജില്ലാ കമ്മീഷണർമാർ തീരുമാനമെടുക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
ബെംഗളൂരുവിലെ ഐടി സ്ഥാപനങ്ങളും വ്യവസായിക സ്ഥാപനങ്ങളും വ്യാഴാഴ്ച പതിവുപോലെ പ്രവർത്തിക്കുന്നതായാണ് റിപ്പോർട്ട്. ആശുപത്രികൾ,കോളേജുകൾ തുടങ്ങിയവയും പ്രവർത്തിക്കുന്നുണ്ട്. സർക്കാർ ഓഫീസുകളും പ്രവർത്തിക്കും. ബെംഗളൂരുവിലെ ഷോപ്പിങ് മാളുകളും മിക്ക വ്യാപാര സ്ഥാപനങ്ങളും തുറക്കും. ബിഎംടിസി, കർണാടക ആർടിസി, ബെംഗളൂരു നമ്മ മെട്രോ സർവീസുകളും പതിവുപോലെയുണ്ടാകുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽനിന്നുള്ള ബസ് സർവീസുകളും ഇതുവരെ പതിവുപോലെ ഓടുന്നുണ്ട്. തമിഴ്നാട് അതിർത്തിയിൽ പൊലീസ് സുരക്ഷയും ശക്തമാണ്.
അതേസമയം, കർണാടകയിലെ ഗ്രാമപ്രദേശങ്ങളിൽ ബന്ദ് അനുകൂലികൾ വാഹനങ്ങൾ തടയുന്നതായാണ് റിപ്പോർട്ട്. കൊപ്പാളിൽ ബന്ദ് അനുകൂലികൾ ലോറികളടക്കം തടഞ്ഞിട്ടു. പ്രകടനം നടത്തിയെത്തിയ ബന്ദ് അനുകൂലികളെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തുനീക്കി. ബന്ദിന് ആഹ്വാനമുണ്ടെങ്കിലും സമരാനുകൂലികൾ സമാധാനം പാലിക്കണമെന്ന് ബെംഗളൂരു സിറ്റി പൊലീസും ആവശ്യപ്പെട്ടു.
കന്നഡ അനുകൂല നേതാവ് വാട്ടാൾ നാഗരാജിന്റെ നേതൃത്വത്തിലാണ് വിവിധ കന്നഡ അനുകൂല സംഘടനകൾ ബന്ദിന് ആഹ്വാനംചെയ്തതെങ്കിലും അവസാനനിമിഷം പല സംഘടനകളും ബന്ദിൽനിന്ന് പിന്മാറിയിരുന്നു. കർണാടക രക്ഷണ വേദികെ ഉൾപ്പെടെയുള്ളവരാണ് ബന്ദിനെ പിന്തുണയ്ക്കില്ലെന്ന് അറിയിച്ചത്. ഇതോടെ ബന്ദ് ശക്തമാകില്ലെന്ന് നേരത്തേ തന്നെ സൂചനയുണ്ടായിരുന്നു. എന്നാൽ, ആരുടെയും പിന്തുണയില്ലെങ്കിലും ബന്ദിൽ ഉറച്ചുനിൽക്കുന്നതായും താൻ ഒറ്റയ്ക്ക് ബന്ദിന് നേതൃത്വം നൽകുമെന്നും കന്നഡ സംഘടനകളുടെ ഫെഡറേഷന്റെ അധ്യക്ഷനായ വാട്ടാൾ നാഗരാജ് പ്രതികരിച്ചു.
ഓഗസ്റ്റ് 12 മുതൽ 15 ദിവസത്തേക്ക് തമിഴ്നാടിന് 12,000 ക്യൂസെക്സ് വെള്ളം വിട്ടുകൊടുക്കാനുള്ള കാവേരി ജല മാനേജ്മെന്റ് അതോറിറ്റിയുടെ ഉത്തരവിനെതിരെയാണ് വിവിധ കന്നഡ സംഘടനകൾ ബന്ദിന് ആഹ്വാനംചെയ്തത്. അതേസമയം, അണക്കെട്ടുകളിൽ നീരൊഴുക്ക് കൂടിയതിനാലും വിഷയത്തിൽ സുപ്രീംകോടതിയിലടക്കം ഇടപെടൽ നടത്തുമെന്ന് സംസ്ഥാന സർക്കാർ ഉറപ്പുനൽകിയതിനാലും വിവിധ സംഘടനകൾ ബന്ദിൽനിന്ന് പിന്മാറിയിരുന്നു.
Post a Comment