ചട്ടങ്ങൾ കാറ്റിൽപ്പറത്തി ശ്രീജിത്തിന് ഡിജിപി തൊപ്പി; കുരുക്കായി കോടതി ഉത്തരവ്, പ്രതിക്കൂട്ടിൽ സർക്കാരും
ഗുരുതര ആരോപണങ്ങൾ നേരിടുന്ന എഡിജിപി എസ്. ശ്രീജിത്തിന് ഡിജിപിയായി നൽകിയ സ്ഥാനക്കയറ്റം കടുത്ത നിയമക്കുരുക്കിലേക്ക് നീങ്ങുന്നു. ഹൈക്കോടതി നിർദ്ദേശിച്ച നടപടികൾ അവഗണിച്ചും, ഏറ്റവും പുതിയ വിജിലൻസ് ക്ലിയറൻസ് തേടാതെയുമാണ് സർക്കാരിൻ്റെ ഈ വഴിവിട്ട നടപടി. ഇതോടെ ശ്രീജിത്തിൻ്റെ പ്രമോഷൻ റദ്ദാക്കപ്പെടാനുള്ള സാധ്യതകൾ വർദ്ധിച്ചിരിക്കുകയാണ്. കഴിഞ്ഞ ഡിസംബറിൽ ചേർന്ന സ്ക്രീനിംഗ് കമ്മിറ്റിയുടെ പഴയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ എഡിജിപി ശ്രീജിത്തിന് ഉദ്യോഗക്കയറ്റം നൽകിയിരിക്കുന്നത്. എന്നാൽ, ഇതിനുശേഷമാണ് ശ്രീജിത്തിനെതിരായ രണ്ട് സുപ്രധാന പരാതികളിൽ നടപടിയെടുക്കാൻ ഹൈക്കോടതി ആഭ്യന്തര സെക്രട്ടറിയോട് നിർദ്ദേശിച്ചത്. സർക്കാർ അഭിഭാഷകൻ്റെ വാദങ്ങൾ പൂർണ്ണമായും തള്ളിക്കൊണ്ട് ജസ്റ്റിസ് ബദറുദ്ദീനാണ് കർശന നിർദ്ദേശം നൽകിയിരുന്നത്.
അഡ്വ. കെ.എം ഷാജഹാൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ, ബോഡി ബിൽഡർമാർക്ക് ഇൻസ്പെക്ടർ നിയമനം നൽകാൻ എഡിജിപി ശ്രീജിത്ത് വഴിവിട്ട ഇടപെടലുകൾ നടത്തി എന്നാണ് പ്രധാന ആരോപണം. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ ദിപിൻ ഇടവന നൽകിയ പരാതിയിലാകട്ടെ, ട്രാൻസ്പോർട്ട് കമ്മീഷണറായിരിക്കെ ശ്രീജിത്ത് നടത്തിയ അനധികൃത ഇടപെടലുകളും വിദേശ യാത്രകളുമാണ് ചൂണ്ടിക്കാണിക്കുന്നത്. ഈ രണ്ട് പരാതികളിലും വിജിലൻസ് അന്വേഷണം അനിവാര്യമാണ്. ഇതിനായി വിജിലൻസ് ഡയറക്ടർ ആഭ്യന്തര-വിജിലൻസ് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അനുമതി തേടിയിരുന്നെങ്കിലും അത് ലഭിച്ചില്ല. മുൻ ആഭ്യന്തര സെക്രട്ടറിയും ഇപ്പോഴത്തെ ചീഫ് സെക്രട്ടറിയുമായ ബിശ്വനാഥ് സിൻഹയും, നിലവിലെ ആഭ്യന്തര സെക്രട്ടറി മിൻഹാജ് ആലമും ശ്രീജിത്തിനെ വഴിവിട്ട് സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നാണ് പ്രധാന ആരോപണം.
കെ.എം ഷാജഹാൻ്റെ പരാതിയിൽ വിജിലൻസ് അന്വേഷണത്തിന് തീരുമാനമെടുക്കാൻ ഹൈക്കോടതി സർക്കാരിന് നൽകിയ രണ്ടാഴ്ചത്തെ സമയം ആഗസ്റ്റ് മൂന്നിന് അവസാനിക്കുകയാണ്. ദിപിൻ ഇടവനയുടെ പരാതി അട്ടിമറിക്കാൻ ശ്രമിച്ചതിന് ബിശ്വനാഥ് സിൻഹയെ ഹൈക്കോടതി രൂക്ഷമായി വിമർശിക്കുകയും അദ്ദേഹം നൽകിയ ക്ലീൻ ചിറ്റ് തള്ളുകയും ചെയ്തിരുന്നു. ഹൈക്കോടതി ഉത്തരവിൻ്റെ പശ്ചാത്തലത്തിൽ ശ്രീജിത്തിന് വിജിലൻസ് ക്ലിയറൻസ് നൽകരുതെന്ന് ആവശ്യപ്പെട്ട് ദിപിൻ ഇടവന വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ വിജിലൻസ് ഡയറക്ടർ ആഭ്യന്തര സെക്രട്ടറിക്ക് പ്രത്യേക കത്ത് നൽകിയെങ്കിലും യാതൊരു തുടർനടപടിയും ഉണ്ടായില്ല.
സാധാരണഗതിയിൽ ഇത്തരം സാഹചര്യങ്ങളിൽ ഉദ്യോഗക്കയറ്റം സീൽഡ് കവറിൽ വെക്കുകയാണ് ചെയ്യേണ്ടത്. സകല നിയമങ്ങളും ചട്ടങ്ങളും കാറ്റിൽപ്പറത്തിയാണ് ശ്രീജിത്തിന് ഇപ്പോൾ ഡിജിപി റാങ്ക് നൽകിയിരിക്കുന്നത്. ചെറിയ കാര്യങ്ങളുടെ പേരിൽ പോലും സാധാരണ പൊലീസുകാരുടെ പ്രമോഷനുകൾ സെക്രട്ടേറിയറ്റിലെ ചുവപ്പുനാടയിൽ കുരുങ്ങുമ്പോഴാണ് ഉന്നത ഉദ്യോഗസ്ഥനായുള്ള ഈ വഴിവിട്ട സഹായം. ഈ നിയമവിരുദ്ധ പ്രമോഷൻ കോടതിയിൽ ചോദ്യം ചെയ്യപ്പെടുന്നതോടെ, ഉത്തരവിൽ ഒപ്പിട്ട ചീഫ് സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും മാത്രമല്ല, സർക്കാരും പ്രതിക്കൂട്ടിലാകുമെന്ന കാര്യം ഉറപ്പാണ്.
Post a Comment