‘അമ്മ ആരെന്ന് അറിയാത്തവരാണ് വന്ദേമാതരം പാടുന്നതിനെ എതിർക്കുന്നത്’; വിവാദ പരാമർശവുമായി വി സി മോഹനൻ കുന്നുമ്മൽ
വിവാദ പരാമർശവുമായി കേരള സർവകലാശാല വി സി മോഹനൻ കുന്നുമ്മൽ. അമ്മയെ അറിയുന്നവർ വന്ദേമാതരം പാടുമെന്ന് പറഞ്ഞ മോഹനൻ കുന്നുമ്മൽ അമ്മ ആരെന്നറിയാത്തവർ വന്ദേമാതരം പാടില്ലെന്നും പറഞ്ഞു. മണിവിളയിൽ സംഘടിപ്പിച്ച സങ്കൽപ് 2026 യുവ സംഗമം എന്ന പരിപാടിയിലാണ് മോഹനൻ കുന്നുമ്മൽ വിവാദ പരാമർശം നടത്തിയത്.
പരിപാടിയിൽ പങ്കെടുത്ത വിസി, വേദിയിലെ ഭാരതാംബക്ക് മുന്നിലെ ദീപം കൊളുത്തി. വികസിത ഭാരതത്തിന് വേണ്ടി കുട്ടികളെ നിങ്ങളുടെ വീട്ടിൽ ഏൽപ്പിച്ചിരിക്കുകയാണ് എന്ന് മോഹനൻ കുന്നുമ്മൽ പറഞ്ഞു. കുട്ടികളെ മികച്ച പൗരന്മാരായി വളർത്തേണ്ട ചുമതല ഓരോ ഗൃഹനാഥനും ഗൃഹനാഥയ്ക്കും ഉള്ളതാണ്. അതിൽ ഏറ്റവും കൂടുതൽ പങ്കുവഹിക്കേണ്ടത് ഗൃഹനാഥയാണ്. കാരണം ഭാരതത്തെ സംബന്ധിച്ചിടത്തോളം അമ്മയാണ് ഭാരതം, അതുകൊണ്ടാണ് നമ്മൾ ഭാരതാംബ എന്ന് പറയുന്നത്. ഭാരതം അമ്മ ആയതിനാലാണ് വന്ദേമാതരം എന്ന് പാടുന്നത്.
അമ്മ ആരെന്ന് അറിയാത്തവരാണ് വന്ദേമാതരം പാടുന്നതിനെ എതിർക്കുന്നത്. എന്നാൽ അമ്മ ആരെന്നറിയുന്നവർ എപ്പോഴും വന്ദേമാതരം എന്ന് തന്നെ പറയും. അങ്ങനെയാണ് പറയേണ്ടതും… അവര് മാറും. ആളുകൾ മാറിക്കൊണ്ടിരിക്കുകയാണ്. ആ മാറ്റം നമ്മുടെ നാട്ടിലും വരും എന്നകാര്യത്തിൽ യാതൊരു സംശയവും ഇല്ല. എന്താണ് പേടിക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് കുട്ടികളാണ്. നിങ്ങൾക്ക് എത്രത്തോളം പഠിക്കണമോ അതിനുള്ള സൗകര്യം ചെയ്യാനായി ഈ രാജ്യം തന്നെ നിങ്ങളുടെ കൂടെയുണ്ട്. എന്ത് വേണമെങ്കിലും പഠിക്കണമെന്നും മോഹനൻ കുന്നുമ്മൽ പ്രസംഗത്തിൽ കൂട്ടിച്ചേർത്തു
Post a Comment