Join News @ Iritty Whats App Group

ഓപ്പറേഷൻ ​ഗ്രിപ്പ്; സംസ്ഥാന വ്യാപകമായി പൊലീസിന്റെ ​ഗുണ്ടാവേട്ട; കണ്ണൂരിൽ അർജുൻ ആയങ്കിയുമായി ബന്ധമുള്ള എട്ടുപേർ കരുതൽ തടങ്കലിൽ

ഓപ്പറേഷൻ ​ഗ്രിപ്പ്; സംസ്ഥാന വ്യാപകമായി പൊലീസിന്റെ ​ഗുണ്ടാവേട്ട; കണ്ണൂരിൽ അർജുൻ ആയങ്കിയുമായി ബന്ധമുള്ള എട്ടുപേർ കരുതൽ തടങ്കലിൽ


തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി പൊലീസിന്റെ ​ഗുണ്ടാവേട്ട. ഓപ്പറേഷൻ ​ഗ്രിപ്പ് എന്ന പേരിലാണ് പൊലീസ് ​ഗുണ്ടകളെ പിടികൂടാനുള്ള ഓപ്പറേഷൻ ആരംഭിച്ചിരിക്കുന്നത്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നേതൃത്വത്തിലാണ് ഓപ്പറേഷൻ ​ഗ്രിപ്പ് പുരോ​ഗമിക്കുന്നത്.

അതിനിടെ, പൊലീസിനെ ഭീഷണിപ്പെടുത്തിയും ആഭ്യന്തരവകുപ്പിനെ വെല്ലുവിളിച്ചും ഒളിവിൽപോയ ക്രിമിനൽകേസ് പ്രതി അർജുൻ ആയങ്കിയ്ക്കായുള്ള തെരച്ചിലും പൊലീസ് ഊർജിതമാക്കി. കണ്ണൂരിൽ അർജുൻ ആയങ്കിയുടെ സുഹൃത്തുക്കളെ പൊലീസ് കരുതൽ തടങ്കലിലാക്കി. എട്ടുപേരെയാണ് കണ്ണൂർ വളപട്ടണം പൊലീസ് കരുതൽ തടങ്കലിലാക്കിയത്. ഇവരെ ചോദ്യംചെയ്തുവരികയാണ്. അർജുൻ ആയങ്കിയുടെ സാമൂഹികമാധ്യമ അക്കൗണ്ടുകൾ കൈകാര്യംചെയ്യുന്നവരെ കണ്ടെത്താനാണ് പൊലീസ് ഇവരെയെല്ലാം ചോദ്യംചെയ്യുന്നത്. അതിനിടെ, രണ്ടുദിവസം മുൻപ് അർജുൻ ആയങ്കി കണ്ണൂർ അഴീക്കോട് എത്തിയിരുന്നതായും സംശയമുണ്ട്.

മലപ്പുറത്ത് അർജുൻ ആയങ്കിയുമായി ബന്ധമുള്ള അഞ്ചുപേരെ പൊലീസ് ചോദ്യംചെയ്തു. ഓ​ഗസ്റ്റ് അഞ്ചിന് അർജുൻ ആയങ്കി മലപ്പുറം ജില്ലയിലെ എടപ്പാളിലെത്തിയിരുന്നു. ഇവിടെ അർജുൻ ആയങ്കിയുടെ സുഹൃത്തുക്കളായ അഞ്ചുപേരെയാണ് ചങ്ങരംകുളം പൊലീസും തിരൂർ പൊലീസും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തത്. അ‍ർജുൻ ആയങ്കി എടപ്പാളിലെത്തിയതിൻ്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

ശനിയാഴ്ച രാവിലെ തിരുവനന്തപുരത്ത് അർജുൻ ആയങ്കിയുമായി ബന്ധമുള്ള അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഷൈജു ഷാ, ശങ്കു, വെങ്കിടേഷ്, സം​ഗീത് സുരേഷ്, ആദിത്യൻ എന്നിവരാണ് കസ്റ്റഡിയിലെടുള്ളത്. ഇവരിൽ ഷൈജുവിനെതിരേ പൊലീസ് സൈബർ കേസും രജിസ്റ്റർചെയ്തു. സാമൂഹികമാധ്യമത്തിൽ ആഭ്യന്തരമന്ത്രിയെ അപകീർത്തിപ്പെടുത്തി പോസ്റ്റിട്ടതിനാണ് സൈബർ കേസെടുത്തത്. അതേസമയം, ഒളിവിൽപോയ അർജുൻ ആയങ്കിക്കായി വിവിധ ജില്ലകളിലും അയൽസംസ്ഥാനങ്ങളിലേക്കും പൊലീസ് തെരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group