Join News @ Iritty Whats App Group

തിരുവോണത്തിന്റെ വരവറിയിച്ച് ഇന്ന് ഉത്രാടം, ഓണം കെങ്കേമമാക്കാൻ ഓ‌‌ട്ടപ്പാച്ചിൽ, നാ‌‌ടെങ്ങും ആഘോഷം

തിരുവോണത്തിന്റെ വരവറിയിച്ച് ഇന്ന് ഉത്രാടം, ഓണം കെങ്കേമമാക്കാൻ ഓ‌‌ട്ടപ്പാച്ചിൽ, നാ‌‌ടെങ്ങും ആഘോഷം


തിരുവനന്തപുരം: തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം. ഉത്രാടപ്പാച്ചിലിലാണ് നാടും നഗരവും. തിരുവോണം ഉത്സവമാക്കാനുള്ള തിരക്കിലാണ് മലയാളികൾ. ഓണം നിറവിന്റെ കൂടി ആഘോഷമാണ്. കാണം വിറ്റും ഓണമുണ്ണണം എന്ന പഴ‌ഞ്ചൊല്ല് അന്വർത്ഥമാക്കാനാണ് മലയാളിയുടെ ഉത്രാടപ്പാച്ചിൽ. സമൃദ്ധിയുടെ ഉത്സവം, സന്തോഷത്തിന്റെ ഉത്സവം, ഒത്തുചേരലിന്റെ ആഘോഷം. എല്ലാം പാരമ്യത്തിലെത്തുന്നത് തിരുവോണത്തിന്. അതെല്ലാം യാഥാർത്ഥ്യമാക്കാനുള്ള പാച്ചിലാണ് ഉത്രാടത്തിന്. വിപണികൾക്കും ഉത്സവം. പുത്തനുടുപ്പും പച്ചക്കറികളും പഴങ്ങളും പൂക്കളും പലവ്യഞ്ജനവും എല്ലാം വാങ്ങി അറനിറയ്ക്കും മലയാളി.

ഓണക്കോടി വീട്ടുകാർക്ക് മാത്രമല്ല, പ്രിയപ്പെട്ടവർക്കെല്ലാം കരുതുന്നതും സന്തോഷം. അവനവന്റെ കഴിവിനനുസരിച്ച് എല്ലാം വാങ്ങാനുള്ള ഓട്ടത്തിൽ ചെറുകിട കച്ചവടക്കാർമുതൽ വൻകിടക്കാർക്ക് വരെ കൈയും മനസും നിറയും. ഓൺലൈനിലും കച്ചവടം തകൃതിയാണെങ്കിലും കടകളിൽ പോയി തിക്കിത്തിരക്കി, കണ്ട്, തൊട്ടുനോക്കി വാങ്ങുന്നതിന്റെ ത്രില്ലൊന്നും അതിനില്ല. ഉത്രാടം ഉറക്കമില്ലാത്ത ദിവസം കൂടിയാണ്. വീട്ടുകാരെല്ലാം ഒത്തുചേർന്ന് കായ വറുക്കലും അച്ചാറുണ്ടാക്കലും ഇന്നത്തെ ദിവസം. അതുകൊണ്ടുതന്നെ ഏത്തക്കായക്കുല നിർബന്ധം. ഉത്രാടത്തിന് തുടങ്ങുന്ന ആഘോഷത്തിന് തിരുവോണവും കഴിഞ്ഞ് മൂന്നാമോണത്തിനേ കൊടിയിറങ്ങൂ. ഗ്രാമമായാലും നഗരമായാലും ഇതൊക്കെയും മറക്കാതെ സൂക്ഷിക്കുന്നു മലയാളി.

Post a Comment

Previous Post Next Post
Join Our Whats App Group