കിരാന ഹിൽസ് ഇന്ത്യ ആക്രമിച്ചോ? ഒടുവിൽ വെളിപ്പെടുത്തലുമായി അനിൽ ചൗഹാൻ; സൈന്യത്തിൻ്റെ ആ നീക്കം മോദിയുടെ നിർദേശപ്രകാരം
ദില്ലി: ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാന്റെ ആണവ കേന്ദ്രമായ കിരാന ഹിൽസിൽ ഇന്ത്യൻ ഡ്രോൺ പതിച്ചത് മനഃപൂർവമല്ലെന്ന് മുൻ സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ. പാകിസ്ഥാനിലെ സർഗോദയിലേക്ക് അയച്ച ആയുധങ്ങളിലൊന്ന് കിരാന കുന്നിനു മുകളിൽ പൊട്ടിത്തെറിച്ചത് ആണെന്ന് അനിൽ ചൗഹാൻ വ്യക്തമാക്കി. ജയിഷെ മുഹമ്മദ് ആസ്ഥാനം തകർക്കണം എന്നത് നരേന്ദ്ര മോദിയുടെ നിർദേശം ആയിരുന്നു എന്നും ജനറൽ അനിൽ ചൗഹാൻ വെളിപ്പെടുത്തി
സാർഗോധ മേഖലയിലെ പാകിസ്ഥാന്റെ റഡാർ സംവിധാനങ്ങൾ കണ്ടെത്തുന്നതിനായി ഇന്ത്യ ഡ്രോൺ സംവിധാനങ്ങൾ അയച്ചിരുന്നു. ആകാശത്ത് ദീർഘസമയം സഞ്ചരിച്ച് ലക്ഷ്യം കണ്ടെത്താൻ കഴിയുന്ന ഇത്തരം സംവിധാനം, നിർദിഷ്ട ലക്ഷ്യം കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ ഒടുവിൽ താഴേക്ക് പതിക്കും. ഇതാണ് അവിടെ വീണത്.
ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാനിലെ കിരാന ഹിൽസിൽ സ്ഫോടനമുണ്ടായതും തുടർന്ന് പുക ഉയർന്നതുമായ റിപ്പോർട്ടുകൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. കിരാന ഹിൽസ് പാകിസ്ഥാന്റെ ആണവ പദ്ധതികളുമായി ബന്ധമുള്ള അതീവ തന്ത്രപ്രധാന മേഖലയായി കണക്കാക്കപ്പെടുന്നതിനാൽ, ഇന്ത്യ ഈ പ്രദേശത്തെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. എന്നാൽ ഈ സംഭവത്തിൽ ഇപ്പോൾ വ്യക്തത വരുത്തുകയാണ് മുൻ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ.
സാർഗോധ മേഖലയിലെ പാകിസ്ഥാന്റെ റഡാർ സംവിധാനങ്ങൾ കണ്ടെത്തുന്നതിനായി ഇന്ത്യ ഡ്രോൺ സംവിധാനങ്ങൾ അയച്ചിരുന്നു. ആകാശത്ത് ദീർഘസമയം സഞ്ചരിച്ച് ലക്ഷ്യം കണ്ടെത്താൻ കഴിയുന്ന ഇത്തരം സംവിധാനം, നിർദിഷ്ട ലക്ഷ്യം കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ ഒടുവിൽ താഴേക്ക് പതിക്കും. അത്തരത്തിൽ ചിലത് കിരാന ഹിൽസിൽ പതിച്ചിരിക്കാമെന്നാണ് അനിൽ ചൗഹാൻ പറയുന്നത്. കിരാന ഹിൽസിലോ പാകിസ്ഥാന്റെ ആണവ സംവിധാനങ്ങളിലോ ആക്രമണം നടത്തുക എന്നത് ഇന്ത്യയുടെ ലക്ഷ്യങ്ങളിൽ ഇല്ലായിരുന്നു എന്ന സൂചനയാണ് മുൻ സിഡിഎസ് നൽകിയിരിക്കുന്നത്.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ തിരിച്ചടിക്ക് രാഷ്ട്രീയ അനുമതി ലഭിച്ചത് ഏപ്രിൽ 29ലെ നിർണായക യോഗത്തിലായിരുന്നു. പാകിസ്ഥാനെ വലിയൊരു പാഠം പഠിപ്പിക്കണമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശം. തിരിച്ചടിയുടെ സമയവും രീതിയും സൈന്യത്തിന് തീരുമാനിക്കാമെന്നും എന്നാൽ ഓപ്പറേഷനിൽ പരാജയത്തിന് ഇടവരരുതെന്നും പ്രധാനമന്ത്രി നിർദേശിച്ചതായി ചൗഹാൻ വ്യക്തമാക്കി. മസൂദ് അസറിൻ്റെ നേതൃത്വത്തിലുള്ള ഭീകര സംഘടനയായ ജയിഷെ മുഹമ്മദിൻ്റെ ആസ്ഥാനം തകർക്കുക എന്ന നിർദേശം രാജ്നാഥ് സിംഗ് മുഖേനയാണ് മോദി സൈന്യത്തിന് നൽകിയതെന്നും ജനറൽ അനിൽ ചൗഹാൻ അറിയിച്ചു.
Post a Comment