Join News @ Iritty Whats App Group

ഹോംവർക്ക് ചെയ്യാത്തതിന് 6 വയസുകാരന്‍റെ മുഖത്തടിച്ചു, അധ്യപികയുടെ മടിയിൽ കുഴഞ്ഞുവീണ് ഒന്നാം ക്ലാസ് വിദ്യർത്ഥി മരിച്ചു

ഹോംവർക്ക് ചെയ്യാത്തതിന് 6 വയസുകാരന്‍റെ മുഖത്തടിച്ചു, അധ്യപികയുടെ മടിയിൽ കുഴഞ്ഞുവീണ് ഒന്നാം ക്ലാസ് വിദ്യർത്ഥി മരിച്ചു


അമരാവതി: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള സ്വകാര്യ സ്കൂളിൽ ഹോംവർക്ക് ചെയ്യാത്തതിന് അധ്യാപികയുടെ മർദ്ദനമേറ്റ ആറുവയസ്സുകാരൻ കുഴഞ്ഞുവീണ് മരിച്ചു. പ്രണയ് തേജ് എന്ന ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. അമരാവതിയിലുള്ള വൺ ടൗൺ ഏരിയയിലെ സ്വകാര്യ സ്കൂളിലാണ് കൊടും ക്രൂരത സംഭവിച്ചത്. ഹോംവർക്ക് ചെയ്യാത്തതിന് അധ്യാപിക അടിച്ചതിന് പിന്നാലെ പ്രണയ് തേജ കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് കുടുംബം പറഞ്ഞു. കുട്ടിയെ ഉടൻ തന്നെ കിങ് ജോർജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. അധ്യാപിക കുട്ടിയുടെ മുഖത്തടിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ക്ലാസ് മുറിയിലെ സിസിടിവി ദൃശ്യങ്ങളിൽ അധ്യാപിക കുട്ടിക്ക് നേരെ ദേഷ്യപ്പെടുന്നതും, ഭയന്നുപോയ കുട്ടി അടിക്കരുതെന്ന് അപേക്ഷിക്കുന്നതും കാണാം. തുടർന്ന് അധ്യാപിക കുട്ടിയുടെ ഷർട്ടിൽ പിടിച്ച് കരണത്തടിക്കുകയായിരുന്നു. അടികിട്ടിയ ഉടൻ തന്നെ കുട്ടി ബോധം പോയി അധ്യാപികയുടെ മടിയിലേക്ക് കുഴഞ്ഞുവീണു. കുട്ടി രാവിലെ പൂർണ്ണ ആരോഗ്യവാനായിട്ടാണ് സ്കൂളിലേക്ക് പോയതെന്നും, സംഭവം നടന്ന വിവരം സ്കൂൾ അധികൃതർ തങ്ങളെ അറിയിച്ചില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. വ്യാഴാഴ്ച രാവിലെ ഏകദേശം എട്ടു മണിയോടെയാണ് മകൻ എഴുന്നേറ്റത്. പിന്നാലെ സ്കൂളിൽ പോകണമെന്ന് നിർബന്ധം പിടിച്ചെന്ന് പിതാവ് പറഞ്ഞു. എന്നാൽ കുട്ടി സ്കൂളിലെത്തി മണിക്കൂറുകൾക്കു ശേഷം ഞെട്ടിക്കുന്ന വാർത്തയാണ് കുടുംബം അറിയുന്നത്.

തന്റെ മകന് എന്തോ സംഭവിച്ചുവെന്ന് ഏകദേശം ഉച്ചയോടെ തന്റെ ഭാര്യാസഹോദരന്റെ സ്ഥലത്തിനടുത്ത് ജോലി ചെയ്യുന്ന പാചകക്കാർ ഫോണിൽ വിളിച്ച് അറിയിച്ചെന്നും സ്കൂളിൽ നിന്ന് ആരും വിളിച്ചില്ലെന്നും പിതാവ് പറഞ്ഞു. കുട്ടിയെ കിങ് ജോർജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി സ്കൂൾ അധികൃതർ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. സംശയം തോന്നി തുടർന്ന് സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ്, ഗൃഹപാഠം ചെയ്തില്ലെന്ന് പറഞ്ഞ് അധ്യാപിക മുഖത്തടിക്കുകയും ശകാരിക്കുകയും ചെയ്യുന്നത് കണ്ടതെന്നും പിതാവ് പറഞ്ഞു. മുഖത്ത് അടിച്ചതിനു തൊട്ടുപിന്നാലെ കുട്ടി അധ്യാപികയുടെ ദേഹത്തേക്ക് കുഴഞ്ഞ് വീഴുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം.

സംഭവത്തെ തുടർന്ന് റവന്യൂ ഡിവിഷനൽ ഓഫിസർ ദിലീപ് ചക്രവർത്തി ആശുപത്രിയിലെത്തി. സംഭവത്തെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും സർക്കാർ വിഭാഗം ശേഖരിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. വിശാഖപട്ടണം വൺ ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കുട്ടി പേടിച്ച് ഹൃദയാഘാതം സംഭവിച്ചതാണോ അതോ മർദ്ദനമേറ്റതിന്റെ ആഘാതത്തിലാണോ മരിച്ചതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമേ വ്യക്തമാകൂവെന്ന് അധികൃതർ അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group