Join News @ Iritty Whats App Group

ഇനി ഡീസലിലും വിമാന ഇന്ധനത്തിലും എഥനോൾ കലർത്തും, ഇ50 പെട്രോളും വരുമെന്ന് കെജ്രിവാൾ; തെറ്റായ വിവരങ്ങളെന്ന് ബിജെപി നേതാവ് അമിത് മാളവ്യ; വാക്പോര്

ഇനി ഡീസലിലും വിമാന ഇന്ധനത്തിലും എഥനോൾ കലർത്തും, ഇ50 പെട്രോളും വരുമെന്ന് കെജ്രിവാൾ; തെറ്റായ വിവരങ്ങളെന്ന് ബിജെപി നേതാവ് അമിത് മാളവ്യ; വാക്പോര്


ന്യൂഡൽഹി: എഥനോൾ മിശ്രിത പെട്രോളിനെച്ചൊല്ലി ആംആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാളും ബിജെപി നേതാവ് അമിത് മാളവ്യയും തമ്മിൽ വാക്പോര്. സാമൂഹികമാധ്യമങ്ങളിലൂടെയാണ് ഇരുവരും വിഷയത്തിൽ പോരടിച്ചത്.

കേന്ദ്രം നടപ്പാക്കിയ ഇ20 പെട്രോളിനെതിരേ(20 ശതമാനം എഥനോൾ കലർത്തിയ പെട്രോൾ) ആംആദ്മി പാർട്ടി വിപുലമായ പ്രചരണം ആരംഭിച്ചിരുന്നു. ഇ20 പെട്രോൾ വാഹനങ്ങളെ നശിപ്പിക്കുന്നതായും അതിനാൽ ഇ20 പെട്രോൾ പിൻവലിക്കണമെന്നുമാണ് ആംആദ്മി പാർട്ടിയുടെ ആവശ്യം. ഇതിനുപിന്നാലെയാണ് എഥനോൾ മിശ്രിത പെട്രോളുമായി ബന്ധപ്പെട്ട് ഡൽ​ഹി മുൻ മുഖ്യമന്ത്രി കൂടിയായ അരവിന്ദ് കെജ്രിവാൾ വിവിധ ആരോപണങ്ങൾ ഉന്നയിച്ചത്.

ഇ20 പെട്രോളിന് ശേഷം കേന്ദ്രസർക്കാർ ഡീസലിലും എഥനോൾ കലർത്താൻ പദ്ധതിയിടുന്നു എന്നായിരുന്നു കെജ്രിവാളിന്റെ പ്രധാന ആരോപണം. ഇ20 പെട്രോളിന് പിന്നാലെ 50 ശതമാനം എഥനോൾ കലർത്തിയ പെട്രോൾ അവതരിപ്പിക്കാനാണ് കേന്ദ്രത്തിന്റെ നീക്കമെന്നും താമസിയാതെ വിമാന ഇന്ധനത്തിലും എഥനോൾ കലർത്താനാണ് കേന്ദ്രം പദ്ധതിയിടുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഡീസലിലടക്കം എഥനോൾ കലർത്താൻ കേന്ദ്രം ആലോചിക്കുന്നതിനാൽ കുറച്ചുകാലത്തേക്ക് ആരും ഡീസൽ, പെട്രോൾ വാഹനങ്ങൾ വാങ്ങരുതെന്നും കെജ്രിവാൾ പറഞ്ഞിരുന്നു.

ഇ50 പെട്രോളും വൈകാതെ വരും. നിലവിലെ സാഹചര്യങ്ങൾ ശാന്തമാകാനാണ് കേന്ദ്രം കാത്തിരിക്കുന്നത്. ഇന്ന് നിങ്ങൾ പുതിയ ഇ20 വാഹനം വാങ്ങിയാൽ ഏതാനുംദിവസങ്ങൾക്കുള്ളിൽ സർക്കാർ ഇ50 പെട്രോൾ അവതരിപ്പിക്കും. അത് നിങ്ങളുടെ വാഹനങ്ങളെ നശിപ്പിക്കുമെന്നും കെജ്രിവാൾ ആരോപിച്ചു. ഇ20 പെട്രോൾ അവതരിപ്പിക്കുന്നതിന് മുൻപ് ഏതെങ്കിലും രീതിയിലുള്ള ശാസ്ത്രീയ പഠനം നടത്തിയിരുന്നോ എന്നും കെജ്രിവാൾ ചോദിച്ചു. ഉണ്ടെങ്കിൽ ഈ പഠനങ്ങളുടെ വിവരങ്ങൾ പുറത്തുവിടണമെന്നും ബിജെപി ഐടി വിഭാ​ഗം മേധാവിയായ അമിത് മാളവ്യയെ കെജ്രിവാൾ വെല്ലുവിളിച്ചു.

അതേസമയം, കെജ്രിവാൾ പറയുന്നതെല്ലാം വ്യാജവാർത്തകളാണെന്നായിരുന്നു അമിത് മാളവ്യയുടെ മറുപടി. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് ആളുകളെ പരിഭ്രാന്തരാക്കാനാണ് കെജ്രിവാളിൻെ ശ്രമം. 20 ശതമാനത്തിൽ കൂടുതൽ എഥനോൾ കലർത്താൻ തീരുമാനിച്ചിട്ടില്ലെന്ന് സർക്കാർ കൃത്യമായി പറഞ്ഞിട്ടുണ്ട്. കെജ്രിവാൾ വെറുതേ സാങ്കൽപികമായ വിഷയത്തിലാണ് സംവാദം നടത്തുന്നതെന്നും അമിത് മാളവ്യ പറഞ്ഞു. ഇ20 പെട്രോൾ അവതരിപ്പിച്ചത് തിരക്കിട്ടായിരുന്നില്ല. പലരീതികളിലുള്ള പരിശോധനകൾക്ക് ശേഷമാണ് ഇത് നടപ്പാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Post a Comment

Previous Post Next Post
Join Our Whats App Group