രാജേഷിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയത് 35000 രൂപയുടെ പേരില്‍; ജീവൻ കൊടുത്ത് ജീവൻ രക്ഷിച്ചതിനുള്ള പ്രത്യുപകാരം!
കണ്ണൂർ: ചെറുപുഴ മീന്തുള്ളി വെള്ളച്ചാട്ടത്തില്‍ തുരുത്തില്‍പ്പെട്ട ബെന്നിയെ സ്വന്തം ലൈഫ് ജാക്കറ്റ് നല്‍കി സുരക്ഷിതനാക്കിയ ശേഷം തിരികെ നീന്തുന്നതിനിടെ ജീവൻ നഷ്ടപ്പെട്ട രാജേഷിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയത് വെറും 35,000 രൂപയുടെ പേരില്‍.
ഫ്രീസർ സൗകര്യമുള്ള ആംബുലൻസിന് ഈ തുക കൂടുതലാണെന്ന പയ്യന്നൂർ തഹസീല്‍ദാരുടെ നിലപാടും മൃതദേഹത്തിന് തകരാർ വരില്ലെന്ന് മെഡിക്കല്‍ സംഘം പറഞ്ഞതുമാണ് മനഃസാക്ഷിയെ ഞെട്ടിച്ച അനാദരവിന് ഇടയാക്കിയത്.
മൂന്ന് ദിവസം തെരച്ചില്‍ നടത്തി കണ്ടെത്തിയ മൃതദേഹം ചീർത്ത നിലയിലായിട്ടും ആ ത്യാഗത്തിന്റെ വില
തിരിച്ചറിയാനായില്ല.
. 450 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കേണ്ടതിനാല്‍ ഫ്രീസർ സൗകര്യമുള്ള ആംബുലൻസ് വേണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു. പരിയാരം മെഡിക്കല്‍ കോളേജിലെ രണ്ട് ആംബുലൻസുകളിലും ഫ്രീസർ ഇല്ലായിരുന്നു. സ്വകാര്യ ആംബുലൻസുകള്‍ 35,000 രൂപ വരെ ആവശ്യപ്പെട്ടു. ഇത് അധികമാണെന്ന നിലപാടാണ് പയ്യന്നൂർ തഹസീല്‍ദാർ സ്വീകരിച്ചത്. മൃതദേഹത്തിന് രണ്ട് ലെയർ സീലിംഗ് ഉള്ളതിനാല്‍ കുഴപ്പമുണ്ടാകില്ലെന്ന് പോസ്റ്റ് മോർട്ടം നടത്തിയ മെഡിക്കല്‍ കോളേജ് അധികൃതർ ഉറപ്പ് നല്‍കിയതോടെ ഫ്രീസറില്ലാത്ത ആംബുലൻസില്‍ യാത്ര ആരംഭിക്കുകയായിരുന്നു.
നാല് മണിക്കൂർ യാത്ര ചെയ്ത് കോഴിക്കോട് പിന്നിട്ടപ്പോഴേക്കും മൃതദേഹത്തിന്റെ അവസ്ഥ വഷളായി. വിവരമറിഞ്ഞ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് സ്വന്തം കൈയില്‍ നിന്ന് പണം മുടക്കി ചാവക്കാട് വെച്ച് ഫ്രീസർ സൗകര്യമുള്ള സ്വകാര്യ ആംബുലൻസ് ഏർപ്പാടാക്കി.ഇതിന് 22,000 രൂപ ചെലവായി.
``ഫ്രീസർ സൗകര്യമുള്ള ആംബുലൻസ് വേണമെന്ന് കളക്ടറോട് നേരിട്ട് ആവശ്യപ്പെട്ടിരുന്നു. വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടി വേണം.``
വി.കുഞ്ഞികൃഷ്ണൻ എം.എല്‍.എ
`` സർക്കാരും റവന്യൂ ഉദ്യോഗസ്ഥരും കടുത്ത അനാസ്ഥയാണ് കാട്ടിയത്``
കെ.കെ.രാഗേഷ്,
സി.പി.എം ജില്ലാ സെക്രട്ടറി
`` ഫ്രീസർ സൗകര്യമുള്ള ആംബുലൻസ് സജ്ജമാക്കാൻ നിർദേശം നല്‍കിയിരുന്നു. പണം ഒരിക്കലും തടസമായിരുന്നില്ല. വീഴ്ച വരുത്തിയവർക്കെതിരെ നടപടിയുണ്ടാകും. ``
-പി.വിഷ്ണുരാജ്,
ജില്ലാ കളക്ടർ
മെഡി.കോളേജ് സൂപ്രണ്ടിനും
തഹസീല്‍ദാർക്കും വീഴ്ച
#എ.ഡി.എം റിപ്പോർട്ട് നല്‍കി
കണ്ണൂർ: രാജേഷിന്റെ മൃതദേഹം ഫ്രീസർ സൗകര്യമില്ലാത്ത ആംബുലൻസില്‍ കൊണ്ടുപോവാനിടയായതില്‍ പരിയാരം മെഡിക്കല്‍ കോളജ് സൂപ്രണ്ടിനും പയ്യന്നൂർ തഹസില്‍ദാർക്കും ഗുരുതര വീഴ്ച സംഭവിച്ചതായി എ.ഡി.എം. പി.എൻ പുരുഷോത്തമൻ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നല്‍കി.
റിപ്പോർട്ട് ഇന്ന് റവന്യൂ മന്ത്രി എ.പി അനില്‍കുമാറിന് സമർപ്പിക്കും.
റവന്യൂ മന്ത്രി ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടിയിരുന്നു. പിന്നാലെ ഫ്രീസറില്ലാത്ത ആംബുലൻസില്‍ മൃതദേഹം അയച്ച സാഹചര്യം വ്യക്തമാക്കാൻ പയ്യന്നൂർ തഹസീല്‍ദാർക്കും പരിയാരം മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനും എ.ഡി.എം നോട്ടീസ് നല്‍കിയിരുന്നു.
`` ആംബുലൻസുകാർ കൊള്ളപൈസയാണ് ആവശ്യപ്പെട്ടത്. ഫ്രീസറിന്റെ ആവശ്യമില്ലെന്ന മെഡിക്കല്‍ കോളേജ് അധികൃതരുടെ നിർദ്ദശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്.
കെ.പി.പോള്‍,
പയ്യന്നൂർ താഹസീല്‍ദാർ
(എ.ഡി.എമ്മിന് നല്‍കിയ മൊഴി)
രാജേഷിന്റെ കുടംബത്തിന് സർക്കാർ എല്ലാവിധ സഹായവും നല്‍കും. മൃതദേഹം ഫ്രീസറില്ലാത്ത ആംബുലൻസില്‍ നാട്ടിലേക്ക് അയച്ച സംഭവത്തില്‍ ജില്ലാ കളക്ടറോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
-റവന്യൂമന്ത്രി, എ.പി.അനില്‍കുമാർ
Post a Comment