ദേവസ്വം ജീവനക്കാരനാണ്, ആറന്മുള വള്ളസദ്യക്ക് പാസ് തരപ്പെടുത്താം; 3000 മുതൽ 5000 രൂപവരെ പോക്കറ്റിലാക്കി യുവാവ്, അന്വേഷണം
പത്തനംതിട്ട: ആറന്മുള വള്ളസദ്യയുടെ പേരിൽ തട്ടിപ്പ് നടത്തിയ യുവാവിനെതിരെ അന്വേഷണം. തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരനെന്ന വ്യാജേന വള്ളസദ്യയ്ക്ക് പാസ് തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞാണ് യുവാവ് തട്ടിപ്പ് നടത്തിയത്. 3000 മുതൽ 5000 രൂപ വരെയാണ് ഇയാൾ കൈക്കലാക്കിയത്. ആറന്മുളസദ്യക്ക് പുറത്തുനിന്നുള്ളവർ മുൻകൂട്ടി ബുക്ക് ചെയ്യാൻ നൽകേണ്ടത് 300 രൂപയാണ്. എന്നാൽ തിരുവിതാംകൂർ ദേവസ്വം ജീവനക്കാരനാണെന്നും ആറന്മുള ക്ഷേത്രത്തിലാണ് ജോലിയെന്നും തെറ്റിദ്ധരിപ്പിച്ചാണ് യുവാവ് തട്ടിപ്പ് നടത്തുന്നത്. ഹരിപ്പാട് സ്വദേശിനിയാണ് ഒടുവിൽ തട്ടിപ്പിനിരയായത്. 2000 രൂപയാണ് ഇവരിൽ നിന്നും പ്രതി തട്ടിച്ചത്.
ആവശ്യപ്പെട്ട തുക നൽകി ആറന്മുള സദ്യക്കായി ക്ഷേത്രത്തിലെത്തിയപ്പോഴാണ് താൻ കബളിപ്പിക്കപ്പെട്ടതാണെന്ന് പരാതിക്കാരി തിരിച്ചറിഞ്ഞത്. വാട്സ്ആപ്പ് വഴി സന്ദേശം അയച്ചാണ് സദ്യ ബുക്ക് ചെയ്തിട്ടുണ്ടെന്ന് ഇവരെ യുവാവ് തെറ്റിദ്ധരിപ്പിച്ചത്. ക്ഷേത്രത്തിലെത്തിയപ്പോൾ ഇങ്ങനെ ഒരു ജീവനക്കാരൻ ഇല്ലെന്നാണ് അധികൃതർ പറഞ്ഞത്. ഗൂഗിൾ പേ വഴിയാണ് പണം വാങ്ങിയത്. തുടർന്ന് ഹരിപ്പാട് സ്വദേശിനി ആറന്മുള പോലീസ് സ്റ്റേഷനിൽ പരാതി നൽകി. സമാനമായ തട്ടിപ്പ് നേരത്തെയും നടന്നിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. പള്ളിയോട സേവാസംഘം വഴി രണ്ടു പരാതികൾ ആറന്മുള സ്റ്റേഷനിൽ നേരത്തെ തന്നെ നൽകിയിരുന്നു. കബളിപ്പിക്കപ്പെട്ടവരിൽ ഏറെയും സ്ത്രീകളാണ്.
സമാനമായ തട്ടിപ്പ് സംബന്ധിച്ച് വീണ്ടും പരാതി എത്തിയതോടെ ശക്തമായ നടപടി വേണമെനാണ് പള്ളിയോട സേവാസംഘം ഭാരവാഹികൾ ആവശ്യപ്പെടുന്നത്. പള്ളിയോട സേവാസംഘം നൽകുന്ന സ്പെഷ്യൽ പാസ്സുകൾ 10 ദിവസം മുൻപേ തീർന്നിരുന്നു. ഇക്കൊല്ലം ഇനി സ്പെഷ്യൽ പാസുകൾ ഇല്ലന്നിരിക്കെയാണ് അത് മറച്ചു വെച്ചുള്ള തട്ടിപ്പ്. സംഭവത്തിൽ ആറന്മുള പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Post a Comment