Join News @ Iritty Whats App Group

മൈതാനത്ത് മിന്നൽപ്പിണർ ആഞ്ഞടിച്ചു;തായ്‌ലൻഡിൽ ഫുട്ബോൾ മത്സരത്തിനിടെ ഇടിമിന്നലേറ്റ് 24-കാരന് ദാരുണാന്ത്യം, 12 കളിക്കാർക്ക് പരിക്ക്

മൈതാനത്ത് മിന്നൽപ്പിണർ ആഞ്ഞടിച്ചു;തായ്‌ലൻഡിൽ ഫുട്ബോൾ മത്സരത്തിനിടെ ഇടിമിന്നലേറ്റ് 24-കാരന് ദാരുണാന്ത്യം, 12 കളിക്കാർക്ക് പരിക്ക്


തായ്‌ലൻഡിൽ ഫുട്ബോൾ മത്സരത്തിനിടെ മൈതാനത്ത് ഇടിമിന്നലേറ്റ് 24-കാരനായ ഫുട്ബോൾ താരത്തിന് ദാരുണാന്ത്യം. മൂന്നാം ഡിവിഷൻ ക്ലബ്ബായ യാലാ എഫ്.സിയുടെ വിങ്ങറും സാംകോൾട്ട്സ് ടീം താരവുമായ സോഫ്‍വാൻ അവായ് (24) ആണ് മത്സരത്തിനിടെ മിന്നലേറ്റ് മരിച്ചത്. അപകടത്തിൽ ഒരു മലേഷ്യൻ പൗരൻ ഉൾപ്പെടെ 12 കളിക്കാർക്ക് പരിക്കേറ്റു.

തെക്കൻ തായ്‌ലൻഡിലെ സുങ്കായ് ഗോലോക്കിലുള്ള സന്തിഫാപ് സ്റ്റേഡിയത്തിൽ ചൊവ്വാഴ്ചയാണ് കായികലോകത്തെ നടുക്കിയ സംഭവം. തായ്‌ലൻഡിലെയും മലേഷ്യയിലെയും അമച്വർ ക്ലബ്ബുകൾ മാറ്റുരയ്ക്കുന്ന ഗോലോക്ക് എഫ്.എ കപ്പ് ടൂർണമെന്‍റിൽ സാംകോൾട്ട്സും അബു നോങ് സിരിനും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു അപകടം.

കനത്ത മഴയ്ക്കിടെ മത്സരം പുരോഗമിക്കവേ അപ്രതീക്ഷിതമായി വൻ ശബ്ദത്തോടെ ഗ്രൗണ്ടിലേക്ക് മിന്നൽ പതിക്കുകയായിരുന്നു. മിന്നലേറ്റ ഉടൻ തന്നെ സോഫ്‍വാൻ അവായ് ഗ്രൗണ്ടിൽ തഴെവീണു. സഹകളിക്കാർ അടിയന്തരമായി അവായ്ക്ക് പ്രഥമശുശ്രൂഷയും സി.പി.ആറും നൽകാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പ്രാദേശിക പോലീസ് മേധാവി തുൻ സിരിഖുന്ത് അറിയിച്ചു. പരിക്കേറ്റ മറ്റ് 12 താരങ്ങളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

Post a Comment

Previous Post Next Post
Join Our Whats App Group