Join News @ Iritty Whats App Group

E20 പെട്രോളിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി എഎപി; ഓഗസ്റ്റ് ഒന്നിന് ഡൽഹിയിൽ ‘നാഷണൽ ടൗൺ ഹാൾ’ പ്രഖ്യാപിച്ച് അരവിന്ദ് കെജ്‌രിവാൾ

E20 പെട്രോളിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി എഎപി; ഓഗസ്റ്റ് ഒന്നിന് ഡൽഹിയിൽ ‘നാഷണൽ ടൗൺ ഹാൾ’ പ്രഖ്യാപിച്ച് അരവിന്ദ് കെജ്‌രിവാൾ


E20 പെട്രോൾ ഉപയോഗം മൂലം രാജ്യത്തെ വാഹനങ്ങൾക്ക് തകരാർ സംഭവിക്കുന്നതിലും ഇന്ധനക്ഷമത (മൈലേജ്) കുറയുന്നതിലും പ്രതിഷേധിച്ച് കേന്ദ്ര സർക്കാരിനെതിരെ പോരാട്ടം കടുപ്പിച്ച് ആം ആദ്മി പാർട്ടി. എഥനോൾ കലർത്തിയ പെട്രോളിനെതിരെ ജനങ്ങളെ അണിനിരത്തി ഓഗസ്റ്റ് ഒന്നിന് ഡൽഹിയിൽ ‘നാഷണൽ ടൗൺ ഹാൾ എഗെയ്ൻസ്റ്റ് ഇ20’ (National Town Hall Against E20) സംഘടിപ്പിക്കുമെന്ന് എ.എ.പി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ പ്രഖ്യാപിച്ചു.

​വാഹന ഉടമകൾ, ഈ മേഖലയിലെ വിദഗ്ദ്ധർ, സാങ്കേതിക പ്രവർത്തകർ, സാധാരണക്കാർ എന്നിവരെ ഉൾപ്പെടുത്തിയാണ് ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ ടൗൺ ഹാൾ യോഗം ചേരുന്നത്. E20 ഇന്ധന നയം പിൻവലിക്കാനോ അല്ലെങ്കിൽ ഉപഭോക്താക്കൾക്ക് താൽപര്യമുള്ള ഇന്ധനം (E10 അല്ലെങ്കിൽ ശുദ്ധമായ പെട്രോൾ) തിരഞ്ഞെടുക്കാനുള്ള അവസരം നൽകാനോ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുകയാണ് എ.എ.പിയുടെ പ്രധാന ലക്ഷ്യം.

E20 പെട്രോളിനെതിരെ എ.എ.പി ആരംഭിച്ച ഓൺലൈൻ ഹർജിയിൽ ഇതിനോടകം രണ്ട് ലക്ഷത്തിലധികം ആളുകൾ ഒപ്പുവെച്ചതായി കെജ്‌രിവാൾ ചൂണ്ടിക്കാട്ടി. ശനിയാഴ്ച നടക്കുന്ന ടൗൺ ഹാൾ മീറ്റിംഗിന് ശേഷം ഈ ഭീമഹർജിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലേക്ക് മാർച്ച് നടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ​രാജ്യത്തെ യുവാക്കൾ ഒന്നിച്ചപ്പോൾ നീറ്റ് (NEET) പരീക്ഷാ വിവാദത്തിൽ മുൻ കേന്ദ്ര വിദ്യാഭ്യാസമന്ത്രിക്ക് രാജി വെക്കേണ്ടി വന്നുവെന്നും, സമാനമായ രീതിയിൽ E20 ഇന്ധന വിഷയത്തിലും ജനങ്ങൾ ഒന്നിച്ചു നിൽക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

വലിയൊരു പ്രക്ഷോഭമായി ഇത് മാറുന്നതിന് മുൻപ് പ്രധാനമന്ത്രി അടിയന്തരമായി ഇടപെട്ട് പ്രശ്നപരിഹാരം കാണണമെന്നും കെജ്‌രിവാൾ കൂട്ടിച്ചേർത്തു. ​ഓഗസ്റ്റ് 1 ശനിയാഴ്ച രാവിലെ 11.30-നാണ് ടൗൺ ഹാൾ ആരംഭിക്കുന്നത്. ഡൽഹിയിലുള്ളവർക്ക് നേരിട്ടും, മറ്റ് സംസ്ഥാനങ്ങളിലുള്ളവർക്ക് ഓൺലൈൻ വഴിയും ഈ ടൗൺ ഹാളിൽ പങ്കെടുക്കാം. ഇതിനായി പ്രത്യേക വാട്സാപ്പ് നമ്പറിലൂടെ ഓൺലൈൻ ലിങ്ക് ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തുന്ന കേന്ദ്ര സർക്കാരിന്റെ നയം പഴയ വാഹനങ്ങളുടെ എഞ്ചിനുകളെ കാര്യമായി ബാധിക്കുന്നുവെന്നാണ് ഉയരുന്ന പ്രധാന പരാതി. എന്നാൽ കേന്ദ്ര സർക്കാർ ഈ ആരോപണങ്ങളെ നിഷേധിക്കുകയാണ് ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് എ.എ.പി വിഷയം ദേശീയ തലത്തിൽ ഏറ്റെടുക്കുന്നത്

Post a Comment

Previous Post Next Post
Join Our Whats App Group