മഹാരാഷ്ട്രയിലും കോവിഡ് വ്യാപനം; രാജ്യത്ത് ജാഗ്രതാ നിർദേശവുമായി കേന്ദ്ര സർക്കാർ
ആന്ധ്രാപ്രദേശിന് പിന്നാലെ മഹാരാഷ്ട്രയിലും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ജാഗ്രതാ നിർദേശം പുറത്തിറക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. നിലവിൽ പുതിയ കോവിഡ് തരംഗത്തിന്റെ സൂചനകളില്ലെങ്കിലും പൊതുജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.
ഈ വർഷം ഇതുവരെ 48 കോവിഡ് കേസുകളാണ് മഹാരാഷ്ട്രയിൽ സ്ഥിരീകരിച്ചത്. അതേസമയം, ആന്ധ്രാപ്രദേശിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി ഉയർന്നു. ഒരു മാസത്തിനിടെ നാല് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. രോഗബാധിതരുടെ സാമ്പിളുകളിൽ ഒമിക്രോൺ ആർഎഫ്.5 (RF.5) ന്റെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്.
ഡെൽറ്റ, ഒമിക്രോൺ വകഭേദങ്ങൾ സൃഷ്ടിച്ച രൂക്ഷമായ കോവിഡ് തരംഗങ്ങൾക്ക് പിന്നാലെ രാജ്യവ്യാപകമായി നടത്തിയ വാക്സിനേഷൻ യജ്ഞത്തിന്റെ ഫലമായി 2022 മാർച്ചോടെ ഇന്ത്യയിലെ കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞിരുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം കോവിഡ് ആരംഭിച്ചതിനുശേഷം ഇന്ത്യയിൽ അഞ്ച് ലക്ഷത്തിലധികം കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
Post a Comment