സോനം വാങ്ചുക്കിന്റേത് നിയമവിരുദ്ധമായ തടങ്കല്‍, ഡല്‍ഹി ഹൈക്കോടതിയിലേക്ക് ഭാര്യ ഗീതാഞ്ജലി
സോനം വാങ്ചുക്കിനെ ബലമായി സമരവേദിയില്‍ നിന്നു നീക്കിയതിനെതിരെ ഭാര്യ ഗീതാഞ്ജലി ജെ. ആഗ്മോ കോടതിയിലേക്ക്. ഭര്‍ത്താവ് നിയമവിരുദ്ധ തടങ്കലിലാണെന്നും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ അനുവദിക്കണം എന്നും ആവശ്യപ്പെട്ടാണ് ആഗ്മോ ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുന്നത്. പരാതിയില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്നും ഡല്‍ഹി ഹൈകോടതിയോട് സോനം വാങ്ചുകിന്റെ ഭാര്യ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സഫ്ദര്‍ജംഗ് ആശുപത്രിയില്‍ തന്റെ ഭര്‍ത്താവ് കഴിയുന്നതിനെ ‘നിയമവിരുദ്ധമായ തടങ്കല്‍’ എന്ന് വിശേഷിപ്പിച്ച ഗീതാഞ്ജലി ആംഗ്മോ, അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ അനുവദിക്കണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടു. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍, സോനം വാങ്ചുകിനെ ചികിത്സിച്ചിരുന്ന ഡോക്ടര്‍മാരെയും അദ്ദേഹത്തിന്റെ അഭിഭാഷകരെയും പൂര്‍ണ്ണമായി കാണാന്‍ അനുവദിക്കണമെന്നും ആഗ്‌മോ ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ജന്തര്‍ മന്തറില്‍ അനിശ്ചിതകാല നിരാഹാരം നടത്തിവന്നിരുന്ന ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിനെ ഡല്‍ഹി പൊലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയത്. സിവില്‍ വേഷത്തിലെത്തിയ പൊലീസ് സംഘം സോനം വാങ്ചുക്കിനെ ഡല്‍ഹിയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സഫ്തര്‍ജങ്ക് ആശുപത്രിയിലേക്കാണ് മാറ്റിയത്.
നിരാഹാര സമരത്തിന്റെ 21-ാം ദിവസമായിരുന്നു പൊലീസ് നടപടി. സോനം വാങ്ചുക്കിന് നിലവില്‍ ആശുപത്രിയില്‍ ലഭിക്കുന്നത് പരിചരണമല്ലെന്നും നിയമവിരുദ്ധമായ തടങ്കലാണെന്നും ഭാര്യ സമൂഹമാധ്യമത്തിലിട്ട പോസ്റ്റില്‍ ആരോപിക്കുന്നു.
രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തിന്റെ പരിഷ്‌കാരത്തിനും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിക്കും വേണ്ടിയുള്ള സിജെപി സമരത്തിന് പിന്തുണ നല്‍കിയാണ് സോനം വാങ്ചുക്ക് നിരാഹാരം ആരംഭിച്ചത്. ആരോഗ്യനില വഷളായതുമായി ബന്ധപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ കേസ് പരിഗണിക്കാനിരിക്കുന്നതിനിടെയാണ് പൊലീസ് നടപടി ഉണ്ടായത്. സോനം വാങ്ചുക്കിന്റെ ആരോഗ്യനില ദിവസേന പരിശോധിക്കാന്‍ രണ്ടുദിവസം മുന്‍പ് കോടതി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ”ഏത് പൗരന്റെയും ജീവന്‍ അമൂല്യമാണ്” എന്ന് നിരീക്ഷിച്ചുകൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്.
Post a Comment