Join News @ Iritty Whats App Group

ജനങ്ങളുടെ സുരക്ഷ മുൻനിർത്തിയുള്ള നടപടിയെന്ന് കെഎസ്ഇബി; കർശനമായ പുതിയ എസ്ഒപി പുറത്തിറക്കി: പാതയോരങ്ങളിലെ 'കേബിൾ കെണിക്ക്' ഇനി പൂട്ടുവീഴും

ജനങ്ങളുടെ സുരക്ഷ മുൻനിർത്തിയുള്ള നടപടിയെന്ന് കെഎസ്ഇബി; കർശനമായ പുതിയ എസ്ഒപി പുറത്തിറക്കി: പാതയോരങ്ങളിലെ 'കേബിൾ കെണിക്ക്' ഇനി പൂട്ടുവീഴും


തിരുവനന്തപുരം: സംസ്ഥാനത്തെ പാതയോരങ്ങളിലും കെ.എസ്.ഇ.ബി പോസ്റ്റുകളിലും അലക്ഷ്യമായി തൂങ്ങിക്കിടക്കുന്ന കേബിളുകൾ ഉയർത്തുന്ന സുരക്ഷാ ഭീഷണിക്ക് പരിഹാരവുമായി സംസ്ഥാന സർക്കാർ. കേബിൾ ടി.വി, ഇന്റർനെറ്റ് സേവനദാതാക്കളുടെ കമ്യൂണിക്കേഷൻ കേബിളുകളുടെ സുരക്ഷ, നിയന്ത്രണം, നിരീക്ഷണം എന്നിവ ഉറപ്പാക്കുന്നതിനായി കർശനമായ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജർ പുറത്തിറക്കി.

തൂങ്ങിക്കിടക്കുന്ന കേബിളുകൾ പൊതുജനങ്ങൾക്ക് വലിയ അപകട ഭീഷണി സൃഷ്ടിക്കുന്ന പശ്ചാത്തലത്തിൽ മനുഷ്യാവകാശ കമ്മിഷൻ നൽകിയ നിർദേശത്തെ തുടർന്നാണ് നടപടി. പൊലീസ്, തദ്ദേശസ്വയംഭരണം, ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ്, കെ.എസ്.ഇ.ബി എന്നിവയുടെ പ്രതിനിധികൾ ഉൾപ്പെട്ട സമിതി സമർപ്പിച്ച ശുപാർശകളുടെ അടിസ്ഥാനത്തിലാണ് പുതിയ മാനദണ്ഡങ്ങൾ രൂപീകരിച്ചത്. കേബിളുകളുടെ സുരക്ഷ നിരീക്ഷിക്കാൻ സംസ്ഥാനതലത്തിലും ജില്ലാ, താലൂക്ക് തലങ്ങളിലും പ്രത്യേക മോണിറ്ററിംഗ് കമ്മിറ്റികൾ രൂപീകരിക്കും. ജില്ലാ തലത്തിൽ എഡിഎമ്മിൻ്റെ അധ്യക്ഷതയിലായിരിക്കും സമിതി പ്രവർത്തിക്കുക. തഹസിൽദാരുടെ അധ്യക്ഷതയിൽ താലൂക്ക് തല സമിതി രൂപീകരിക്കും.

കേബിൾ ശൃംഖലകൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുക, അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ പരിശോധന നടത്തുക, അനധികൃതവും അപകടകരവുമായ കേബിളുകൾ നീക്കം ചെയ്യുക എന്നിവയാണ് ഈ സമിതികളുടെ പ്രധാന ചുമതലകൾ. അംഗീകൃത കമ്യൂണിക്കേഷൻ കേബിളുകൾ ഏതെന്ന് തിരിച്ചറിയാൻ കെ.എസ്.ഇ.ബി പോസ്റ്റുകളിലോ സ്വതന്ത്ര പോസ്റ്റുകളിലോ സ്ഥാപിക്കുന്ന എല്ലാ കേബിളുകളിലും കാലാവസ്ഥാ പ്രതിരോധ ശേഷിയുള്ള ടാഗ് നിർബന്ധമാക്കി. ടാഗിൽ ഓപ്പറേറ്ററുടെ പേര്, ലൈസൻസ്/രജിസ്‌ട്രേഷൻ നമ്പർ, അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടാനുള്ള നമ്പർ, പ്രത്യേക തിരിച്ചറിയൽ കോഡ് എന്നിവ ഉണ്ടായിരിക്കണം.

പോസ്റ്റുകളിൽ അനധികൃത കേബിളുകൾ കണ്ടെത്തിയാൽ അത് നീക്കം ചെയ്യാൻ ബന്ധപ്പെട്ട ഓപ്പറേറ്റർമാർക്ക് 15 ദിവസത്തെ നോട്ടീസ് നൽകും. ഈ സമയത്തിനകം നീക്കം ചെയ്യാത്ത പക്ഷം കെ.എസ്.ഇ.ബി തന്നെ കേബിളുകൾ മുറിച്ചുമാറ്റും. പൊതുസുരക്ഷയ്ക്ക് അടിയന്തര ഭീഷണിയാണെങ്കിൽ നോട്ടീസ് കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് തന്നെ കേബിളുകൾ മാറ്റും. സ്വതന്ത്ര പോസ്റ്റുകളിലെ അനധികൃത കേബിളുകൾ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിന്റെ മേൽനോട്ടത്തിലാണ് നീക്കം ചെയ്യുക. തൂങ്ങിക്കിടക്കുന്ന കേബിളുകൾ, അപകടകരമായ നിർമ്മിതികൾ, റോഡ് തടസ്സങ്ങൾ എന്നിവയെക്കുറിച്ച് പൊതുജനങ്ങൾക്ക് പരാതി നൽകാൻ താലൂക്ക് തലത്തിൽ ഒരു മാസത്തിനകം പ്രത്യേക പരാതി പരിഹാര സംവിധാനം ഒരുക്കും. അടിയന്തര അപകടസാധ്യതയുള്ള പരാതികളിൽ 6 മണിക്കൂറിനകം പരിശോധന നടത്തി 24 മണിക്കൂറിനകം നടപടി സ്വീകരിക്കണമെന്ന് എസ്.ഒ.പിയിൽ നിർദേശിക്കുന്നു.

കേബിൾ ടി.വി, ഇന്റർനെറ്റ് ഓപ്പറേറ്റർമാർ കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ 2023-ലെ സുരക്ഷാ ചട്ടങ്ങൾ കർശനമായി പാലിക്കണം. ഉപേക്ഷിക്കപ്പെട്ട കേബിളുകൾ നീക്കം ചെയ്യുകയും വാർഷിക സുരക്ഷാ സ്വയംസാക്ഷ്യപത്രം സമർപ്പിക്കുകയും വേണം. പുതിയ കേബിളുകൾക്ക് പുതുക്കിയ സുരക്ഷാ അകല മാനദണ്ഡങ്ങൾ ബാധകമായിരിക്കും. ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ വൈദ്യുതി നിയമം (2003), ആവശ്യമായ സാഹചര്യങ്ങളിൽ ദുരന്തനിവാരണ നിയമം (2005) എന്നിവ പ്രകാരം കർശനമായ നിയമനടപടികൾ സ്വീകരിക്കും.

Post a Comment

Previous Post Next Post
Join Our Whats App Group