മട്ടന്നൂർ-ഇരിട്ടി റോഡില്‍ നരയൻപാറയിൽ ഇടയ്ക്കിടെ അപകടം ഉണ്ടാകുന്ന സ്ഥലത്ത് സംയുക്ത പരിശോധന നടത്തും
മട്ടന്നൂർ-ഇരിട്ടി റോഡില്‍ നരയൻപാറയ്ക്കടുത്ത് ഇടയ്ക്കിടെ അപകടമുണ്ടാകുന്ന സ്ഥലം പോലീസ്, മോട്ടോർ വാഹന വകുപ്പ്, പിഡബ്ല്യുഡി (നിരത്ത്) വിഭാഗങ്ങള്‍ സംയുക്തമായി ജൂലൈ 24 ന് പരിശോധന നടത്തണമെന്ന് ജില്ലാ റോഡ് സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ ജില്ലാ കളക്ടർ പി വിഷ്ണുരാജ് നിർദേശിച്ചു.
അന്ന് തന്നെ വാരം ടൗണില്‍ ഗതാഗതകുരുക്കിനിടയാക്കുന്ന സ്ഥലവും സന്ദർശിക്കണം.
നരയൻപാറയ്ക്കടുത്ത് അപകട സാധ്യത കുറയ്ക്കാൻ എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്ന് പരിശോധിക്കും. ഇവിടെ സുരക്ഷാ ബോർഡുകളും നോ ഓവർടേക്കിങ് ബോർഡും റമ്പിള്‍ സ്ട്രിപ്പുകളും സ്ഥാപിച്ചതായി പൊതുമരാമത്ത് നിരത്ത് വിഭാഗം ഉദ്യോഗസ്ഥൻ യോഗത്തെ അറിയിച്ചു.
കണ്ണൂർ-കക്കാട് മെയിൻ റോഡില്‍ സീബ്ര ലൈൻ, സ്കൂള്‍ സോണ്‍ അടയാള ബോർഡുകള്‍, സ്പീഡ് ബ്രേക്കർ എന്നിവ സ്ഥാപിക്കണമെന്ന് മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടർ നിർദേശിച്ചിട്ടുണ്ട്. ഇരുവശത്തും നടപ്പാതയില്ലാത്ത ഭാഗത്ത് ഹാൻഡ് റെയ്ലോട് കൂടിയ നടപ്പാത നിർമ്മിക്കണമെന്നും നിർദേശമുണ്ട്.ഈ ഭാഗത്ത് നടപ്പാതയില്‍ കയ്യേറ്റങ്ങള്‍ ഉണ്ടെങ്കില്‍ അത് മാറ്റണമെന്ന് ജില്ലാ കലക്ടർ നിർദേശിച്ചു.
ആറോണ്‍ യു.പി സ്കൂളിന് മുന്നിലെ റോഡില്‍ സ്കൂള്‍ ഉണ്ടെന്നുള്ളതിന്റെ അറിയിപ്പോ അടയാളങ്ങളോ ഇല്ലെന്നും ഇത് അടിയന്തരമായി സ്ഥാപിക്കണമെന്നും കളക്ടർ നിർദ്ദേശിച്ചു.വളപട്ടണം പാലം-പാപ്പിനിശ്ശേരി-പുതിയതെരു ഭാഗത്ത് തെരുവിളക്ക് സ്ഥാപിക്കാൻ എസ്റ്റിമേറ്റ് തയ്യാറാക്കാൻ വളപട്ടണം ഗ്രാമപഞ്ചായത്തിന് നിർദേശം നല്‍കണം. തലശ്ശേരി-കൂത്തുപറമ്പ് റോഡില്‍ ഓവുചാലിന്റെ സ്ലാബ് ഇളകി അപകടസാധ്യത ഉയർത്തുന്ന വിഷയത്തില്‍ സ്ലാബുകള്‍ നന്നാക്കുന്ന പ്രവൃത്തി തുടങ്ങിയതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ മറുപടി നല്‍കി.
യോഗത്തില്‍ ഇരിട്ടി നഗരസഭ ചെയർപേഴ്സണ്‍ വി. വിനോദ്കുമാർ, കിയാല്‍ സി.ഒ.ഒ അശ്വനി കുമാർ വി കെ, കണ്ണൂർ സിറ്റി എ.സി.പി (നർകോട്ടിക്സ്) സുരേഷ് വി.എ, പൊതുമരാമത്ത് നിരത്ത്, ദേശീയപാത, മോട്ടോർ വാഹനം, കെ.എസ്.ആർ.ടി.സി, ജലസേചനം, ബി.എസ്.എൻ.എല്‍, തദ്ദേശസ്വയം ഭരണം, പോലീസ്, റവന്യു, വ്യവസായ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.
Post a Comment