Join News @ Iritty Whats App Group

ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരെ കർഷകരോഷം; ദില്ലി ചലോ മാർച്ചുമായി കർഷകർ, ശംഭു അതിർത്തിയിൽ കടുത്ത നിയന്ത്രണം

ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരെ കർഷകരോഷം; ദില്ലി ചലോ മാർച്ചുമായി കർഷകർ, ശംഭു അതിർത്തിയിൽ കടുത്ത നിയന്ത്രണം


ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരെ പ്രതിഷേധിക്കാൻ ദില്ലിയിലേക്ക് മാർച്ച് നടത്തുന്ന കർഷകരെ ശംഭു അതിർത്തിയിൽ തടഞ്ഞ് പൊലീസ്. ‘ദേശ് ബച്ചാവോ മോർച്ച’യുടെ നേതൃത്വത്തിൽ ദില്ലിയിലെ കിസാൻ ഘട്ടിൽ നടക്കുന്ന കിസാൻ മഹാപഞ്ചായത്തിൽ പങ്കെടുക്കാനാണ് പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നുമുള്ള ആയിരക്കണക്കിന് കർഷകർ തലസ്ഥാനത്തേക്ക് തിരിച്ചത്. എന്നാൽ പഞ്ചാബിൽ നിന്നുള്ള കർഷകരെ ഹരിയാന പൊലീസ് ശംഭു അതിർത്തിയിൽ വെച്ച് തടയുകയായിരുന്നു.

പ്രതിഷേധത്തെ തുടർന്ന് ശംഭു അതിർത്തിയിൽ വൻ പൊലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. ബാരിക്കേഡുകളും സിമൻ്റ് കട്ടകളും നിരത്തി ഗതാഗതം പൂർണ്ണമായും തടഞ്ഞു. ജൂലൈ 27 വരെ അംബാല ജില്ലാ ഭരണകൂടം ഇവിടെ ബി.എൻ.എസ്.എസ് സെക്ഷൻ 163 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ബാരിക്കേഡുകളിൽ നിന്ന് 100 മീറ്റർ എങ്കിലും അകലെ നിൽക്കണമെന്ന് പൊലീസ് കർഷകർക്ക് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യാത്രാതടസ്സം ഒഴിവാക്കാൻ ചണ്ഡീഗഡ്, പഞ്ച്കുള വഴിയുള്ള ബദൽ മാർഗങ്ങൾ ഉപയോഗിക്കാൻ പൊതുജനങ്ങളോട് പൊലീസ് നിർദേശിച്ചു.

അതേസമയം ഹരിയാനയിലെ വിവിധ കർഷക സംഘടനകളിൽ നിന്നുള്ളവരെ കർണാലിലെ ബസ്താര ടോൾ പ്ലാസയിൽ വെച്ച് പൊലീസ് തടഞ്ഞു. വാഹനങ്ങൾ കടത്തിവിടില്ലെന്ന് പൊലീസ് അറിയിച്ചതിനെ തുടർന്ന് കർഷകർ തന്ത്രം മാറ്റി കാൽനടയായി ദില്ലിയിലേക്ക് മാർച്ച് ആരംഭിച്ചു. വഴിയിൽ എത്ര തവണ തടഞ്ഞാലും നടന്ന് ദില്ലിയിൽ എത്തുമെന്ന് കർഷക നേതാക്കൾ വ്യക്തമാക്കി.

ദില്ലിയിലേക്ക് പോവുകയായിരുന്ന ഭാരതീയ കിസാൻ യൂണിയൻ (ചരൂനി) വിഭാഗം തലവൻ ഗുർനാം സിംഗ് ചരൂനിയെ കുരുക്ഷേത്രയിൽ വെച്ച് ഹരിയാന പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിൽ പ്രതിഷേധിച്ച് കർഷകർ ഹിസാർ-ചണ്ഡീഗഡ് ദേശീയപാതയിലെ ടോൾ പ്ലാസയിൽ റോഡിൽ പായ വിരിച്ച് കുത്തിയിരിപ്പ് സമരം നടത്തിവരികയാണ്. സമാധാനപരമായി ദില്ലിയിലേക്ക് പോകാൻ ശ്രമിച്ച കർഷകരെ തടഞ്ഞ ഹരിയാന സർക്കാരിൻ്റെ നടപടിയെ പഞ്ചാബിലെ കർഷക നേതാവ് സർവൻ സിംഗ് പന്ദേർ രൂക്ഷമായി വിമർശിച്ചു. നിരന്തരം പഞ്ചാബ് സന്ദർശിച്ച് വലിയ വാഗ്ദാനങ്ങൾ നൽകുന്ന ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സെയ്നിയുടെ തനിനിറമാണ് ഇത്തരം നടപടികളിലൂടെ പുറത്തുവന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കർഷകരുടെ പ്രതിഷേധം കണക്കിലെടുത്ത് ദില്ലി ട്രാഫിക് പൊലീസ് കർശന ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കിസാൻ ഘട്ടിന് സമീപമുള്ള ഡൽഹി ഗേറ്റ്, രാജ്ഘട്ട് ക്രോസിംഗ്, ഐ.പി ഫ്ലൈഓവർ, ശാന്തിവൻ ചൗക്ക് തുടങ്ങിയ മേഖലകളിൽ ഗതാഗത നിയന്ത്രണമുണ്ട്. കഴിഞ്ഞ ദിവസം ദില്ലിയിൽ നടന്ന മറ്റൊരു വലിയ പ്രതിഷേധത്തിന് (CJP മാർച്ച്) പിന്നാലെയാണ് ഇപ്പോൾ കർഷകരും തലസ്ഥാനത്തേക്ക് നീങ്ങുന്നത് എന്നത് ദില്ലി പൊലീസിന് വലിയ വെല്ലുവിളിയായിരിക്കുകയാണ്.

Post a Comment

Previous Post Next Post
Join Our Whats App Group