Join News @ Iritty Whats App Group

മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് 'കട്ട്' പറഞ്ഞ് കറന്‍റ്; 'ഓടുന്ന വണ്ടിയിൽ കേറി ഓടിയിട്ട് കാര്യമില്ല, കറന്‍റ് വന്നാലേ സംസാരിക്കാൻ പറ്റൂ, ടെൻഷനാവണ്ട'

മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് 'കട്ട്' പറഞ്ഞ് കറന്‍റ്; 'ഓടുന്ന വണ്ടിയിൽ കേറി ഓടിയിട്ട് കാര്യമില്ല, കറന്‍റ് വന്നാലേ സംസാരിക്കാൻ പറ്റൂ, ടെൻഷനാവണ്ട'


തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശൻ പ്രസംഗിക്കുന്നതിനിടെ കറന്‍റ് കട്ട്. കേരള സമുദ്ര മിഷന്‍ നടത്തിയ മിഷന്‍ സമുദ്ര മാരിടൈം കോണ്‍ക്ലേവിനിടെയാണ് സംഭവം. ഏഴ് മണിയോടെ വേദിയിലെ മൈക്ക് ഓഫായപ്പോൾ സംഘാടകർ എഴുന്നേൽക്കുകയും ഇരിക്കാൻ മുഖ്യമന്ത്രി കൈ കൊണ്ട് കാണിക്കുകയും ചെയ്തു. ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചാണ് പിന്നീട് പരിപാടി തുടര്‍ന്നത്. അഞ്ച് മിനിട്ടോളം മുഖ്യമന്ത്രി കാത്തുനിന്നു. കറന്‍റ് വന്നപ്പോൾ മുഖ്യമന്ത്രി പറഞ്ഞതിങ്ങനെ- " സംഘാടകർക്ക് ടെൻഷനാവും. ടെൻഷനാവാതെ അവിടെ ഇരിക്കാനാ ഞാൻ പറഞ്ഞത്. ഓടുന്ന വണ്ടിയിൽ കേറി നമ്മൾ ഓടിയിട്ട് കാര്യമില്ല. വണ്ടി നിർത്തുമ്പോഴേ നമുക്ക് ഇറങ്ങാൻ പറ്റൂ. കറന്‍റ് വന്നാലേ സംസാരിക്കാൻ പറ്റുകയുള്ളൂ. വെറുതെ ടെൻഷനായിട്ട് കാര്യമില്ല"

വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാകാത്ത അടിയന്തര സാഹചര്യമെന്നാണ് മന്ത്രി സണ്ണി ജോസഫിന്‍റെ പ്രതികരണം. മുന്‍ വര്‍ഷത്തെക്കാള്‍ ഉപയോഗം കൂടുകയും ആഭ്യന്തര ഉൽപാദനം കുറയുകയും ചെയ്തു. വൈദ്യുത വിപണിയിലെ വിലക്കയറ്റവും വേനൽക്കാലത്ത് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കടം വാങ്ങിയ 530 മെഗാവാട്ട് മടക്കി നൽകേണ്ടി വന്നതും പ്രതിസന്ധി കൂട്ടി. എസി, അലങ്കാര വിളക്കുകള്‍ തുടങ്ങിയവയുടെ ഉപയോഗം നിയന്ത്രണിക്കണമെന്നും പ്രതിസന്ധി പരിഹരിക്കാൻ എല്ലാ ഇടപെടലും നടത്തുന്നുണ്ടെന്നുമാണ് മന്ത്രി പറഞ്ഞത്. സംസ്ഥാനത്ത് രണ്ട് ദിവസമായി രാത്രി കാലത്ത് കുറഞ്ഞത് രണ്ട് തവണയെങ്കിലും കറന്‍റ് കട്ടുണ്ട്. പീക്ക് സമയത്താകും വൈദ്യുതി നിയന്ത്രണമുണ്ടാകും എന്നാണ് കെ എസ് ഇ ബി അറിയിച്ചത്. എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്ന് മഴയിൽ കുറവുണ്ടായതും അന്തരീക്ഷ താപനില ഉയര്‍ന്ന നിലയില്‍ തുടരുന്നതും തിരിച്ചടിയായെന്നാണ് കെഎസ്ഇബി പറയുന്നത്.

കറന്‍റ് കട്ടിൽ സംസാന സർക്കാരിനെ പരിഹസിച്ച് എ എ റഹീം എംപി രംഗത്തെത്തി.'വെളിച്ചം ദുഃഖമാണുണ്ണി, തമസ്സല്ലോ സുഖപ്രദം' എന്ന അടിക്കുറിപ്പോടെ മെഴുകുതിരിയുടെ ചിത്രം പങ്കുവെച്ചു. 'ഓടുന്ന വണ്ടിയുടെ പുറകെ ഓടിയിട്ട് കാര്യമില്ല. പവര്‍കട്ടിന്‍റെ പുതുയുഗ നിര്‍വ്വചനം!'എന്നാണ് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റ് ശിവപ്രസാദ് പ്രതികരിച്ചത്. സ്വിച്ച് ഇട്ടാല്‍ ലൈറ്റ് കത്തുമെന്ന് പറഞ്ഞ ജഗതി ഫെയിം ഡയലോഗിനോട് സാദൃശ്യം തോന്നിയാല്‍ യാദൃശ്ചികം മാത്രമാണെന്നും ശിവപ്രസാദ് കുറിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group