Join News @ Iritty Whats App Group

അഞ്ച് വിലാപയാത്രകള്‍; പങ്കെടുക്കാന്‍ കോടികള്‍, കൊല്ലപ്പെട്ട ഖമനെയിയുടെ അന്ത്യവിശ്രമ ചടങ്ങുകള്‍ ചരിത്രമാവും

അഞ്ച് വിലാപയാത്രകള്‍; പങ്കെടുക്കാന്‍ കോടികള്‍, കൊല്ലപ്പെട്ട ഖമനെയിയുടെ അന്ത്യവിശ്രമ ചടങ്ങുകള്‍ ചരിത്രമാവും


തെഹ്‌റാന്‍: ഇറാനെതിരെ അമേരിക്കയും ഇസായേലും നടത്തിയ യുദ്ധത്തിന്റെ തുടക്കത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ മുന്‍ പരമോന്നത നേതാവ് അലി ഖമനെയിക്ക് നാല് മാസങ്ങള്‍ക്കു ശേഷം വിടവാങ്ങല്‍ ചടങ്ങ്. ഇറാനിലും ഇറാഖിലുമുള്ള അഞ്ച് നഗരങ്ങളിലായി നീളുന്ന ഒരാഴ്ചത്തെ വിലാപയാത്രയോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുക. ഖമനെയിയുടെ ജന്മസ്ഥലമായ മഷ്ഹദിലെ ഇമാം റെസ പള്ളിയോട് ചേര്‍ന്നാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. ചടങ്ങില്‍ രാഷ്ട്രത്തലവന്‍മാരും പ്രമുഖ വ്യക്തികളും പങ്കെടുക്കും. കോടിക്കണക്കിന് ആളുകള്‍ ഇതില്‍ പങ്കാളികളാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അമേരിക്കയുടെ 250-ാമത് സ്വാതന്ത്ര്യദിനത്തിലാണ് ഖമനെയിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കുന്നത്. മുഴുവന്‍ ചടങ്ങുകളും നടക്കുന്നത് ഇസ്ലാമിക മാസമായ മുഹര്‍റത്തിലാണ്. ശിയാവിശ്വാസികള്‍ രക്തസാക്ഷിത്വത്തിന്റെ മാസമായാണ് മുഹര്‍റത്തെ കാണുന്നത്. തങ്ങളുടെ ശത്രുക്കള്‍ക്കും ലോകത്തിനാകെയുമുള്ള സന്ദേശം എന്ന നിലയിലാണ് ഇറാന്‍ ഭരണകൂടം ഈ ചടങ്ങിനെ കാണുന്നത്.

ഇറാനില്‍ ഇതിനുമുമ്പ് ഇത്ര വലിയ വിലാപയാത്രകള്‍ മുമ്പ് നടന്നത് രണ്ട് തവണയാണ്. 1989-ല്‍ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ സ്ഥാപകന്‍ ആയത്തുല്ല റൂഹുല്ല ഖുമേനി മരിച്ചപ്പോഴും 2020-ല്‍ ഖുദ്സ് ഫോഴ്സ് കമാന്‍ഡര്‍ ഖാസിം സുലൈമാനി മരിച്ചപ്പോഴുമായിരുന്നു അത്. രണ്ട് വിലാപയാത്രകള്‍ക്കുമിടയില്‍ വമ്പന്‍ തിരക്കുണ്ടാവുകയും നിരവധി പേര്‍ മരിക്കുകയും ചെയ്തിരുന്നു. റെവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍ അലി അക്ബര്‍ പൂര്‍ജംഷിദിയനാണ് പരിപാടികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.

ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 6 മണിക്കാണ് മൃതദേഹം പൊതുദര്‍ശനത്തിന് വെക്കുക. തെഹ്‌റാനിലെ ഇമാം ഖുമൈനി മൊസല്ല എന്ന വലിയ പള്ളി സമുച്ചയത്തിനുള്ളിലെ വേദിയിലാണ് ആദ്യത്തെ പൊതുദര്‍ശനം. തെഹ്‌റാനിലെ വിമാനത്താവളങ്ങള്‍ വിലാപയാത്രയുടെ ദിവസങ്ങളില്‍ അടച്ചിടും, ഖൊമേനിയുടെ മൃതദേഹം കടന്നുപോകുന്ന നഗരങ്ങളില്‍ ദേശീയ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നാം ദിവസം, മൃതദേഹം വിശുദ്ധ നഗരമായ ഖോമിലേക്ക് കൊണ്ടുപോകും, അതിനുശേഷം ഇറാഖിലെ നജാഫിലെയും കര്‍ബലയിലെയും ശിയാ വിശുദ്ധ സ്ഥലങ്ങളിലേക്ക് വിമാനമാര്‍ഗ്ഗം കൊണ്ടുപോകും. അതിനുശേഷമാണ് അന്ത്യകര്‍മ്മങ്ങള്‍ക്കായി ജന്മസ്ഥലമായ മഷ്ഹാദിലെത്തിക്കുക.

വിലാപയാത്രയില്‍ പങ്കെടുക്കുന്നവര്‍ക്ക് നല്‍കാന്‍ അഞ്ച് കോടി കഷ്ണം റൊട്ടികള്‍ തയ്യാറാക്കുന്നുണ്ട്. തെഹ്‌റാനില്‍ 16 മൊബൈല്‍ ബേക്കറികള്‍ സ്ഥാപിച്ചിട്ടുണ്ട്. 2,500 ആംബുലന്‍സുകള്‍, 21 ഹെലികോപ്റ്ററുകള്‍, 100 ഡ്രോണുകള്‍, ആയിരക്കണക്കിന് രക്ഷാപ്രവര്‍ത്തകര്‍ എന്നിവരെ വിന്യസിച്ചിട്ടുണ്ട്, ഇരുപതിലധികം ആശുപത്രികള്‍, 500,000 ലിറ്റര്‍ ഐവി ഫ്‌ലൂയിഡുകള്‍, 20,000 ക്ലാസ് മുറികള്‍ എന്നിവ സജ്ജമാണെന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിലാപയാത്രയ്ക്കായി ടെഹ്‌റാന്‍, മഷ്ഹാദ്, ഖോം എന്നിവിടങ്ങളില്‍ എത്തുന്നവര്‍ക്ക് താമസിക്കാന്‍ വീടുകളില്‍ സൗകര്യം ഒരുക്കാന്‍ ജനങ്ങളോട് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ദേശീയ കാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്, പള്ളികള്‍, സ്‌പോര്‍ട്‌സ് ഹാളുകള്‍, പാര്‍ക്കുകള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍ എന്നിവയും ആളുകളെ ഉള്‍ക്കൊള്ളാന്‍ സജ്ജമാക്കിയിട്ടുണ്ട്.

40 ലക്ഷം മുതല്‍ ഒന്നരക്കോടി വരെ ആളുകള്‍ വിലാപയാത്രയില്‍ പങ്കെടുക്കുമെന്നാണ് ഇറാന്‍ അധികൃതര്‍ പ്രതീക്ഷിക്കുന്നത്. ഇത് ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ വിലാപയാത്രയായി മാറുമെന്നാണ് കരുതുന്നത്. 900 വിദേശ റിപ്പോര്‍ട്ടര്‍മാര്‍ ഉള്‍പ്പെടെ 14,000 മാധ്യമപ്രവര്‍ത്തകര്‍ ഈ പരിപാടി കവര്‍ ചെയ്യുമെന്നും ഇറാന്‍ അധികൃതര്‍ പ്രതീക്ഷിക്കുന്നു. എട്ട് രാഷ്ട്രത്തലവന്മാരും 12 പാര്‍ലമെന്റ് സ്പീക്കര്‍മാരും പങ്കെടുക്കുമെന്നാണ് ഇറാന്‍ അധികൃതര്‍ പറയുന്നത്. എന്നാല്‍ ജോര്‍ജിയന്‍ പ്രസിഡന്റ് മിഖായേല്‍ കാവേലാഷ്വിലി, പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, റഷ്യയുടെ സുരക്ഷാ കൗണ്‍സില്‍ ഡെപ്യൂട്ടി ദിമിത്രി മെദ്‌വദേവ് എന്നിവരൊഴികെ മറ്റ് ലോകനേതാക്കളാരും പങ്കെടുക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പുതിയ പരമോന്നത നേതാവായ മുജ്തബ ഖമനെയി വിലാപയാത്രയില്‍ പങ്കെടുക്കുമോ എന്ന കാര്യവും ചര്‍ച്ചയായിട്ടുണ്ട്. പിതാവ് കൊല്ലപ്പെട്ട ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മുജ്തബ യുദ്ധം ആരംഭിച്ചതു മുതല്‍ ഒളിവില്‍ കഴിയുകയാണ്. അതിനുശേഷം ഇതുവരെ അദ്ദേഹം സുരക്ഷാ കാരണങ്ങളാല്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. പിതാവിന്റെ സംസ്‌കാര ചടങ്ങില്‍ അദ്ദേഹം പങ്കെടുക്കുമോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.

Post a Comment

Previous Post Next Post
Join Our Whats App Group