സാമ്പത്തിക ബാധ്യത ഏറ്റെടുത്തതോടെ യാത്രാവിലക്ക് നീങ്ങി; വിമാന ടിക്കറ്റും നല്‍കി; പക്ഷാഘാതം ബാധിച്ച പ്രവാസിക്ക് രക്ഷകനായി എം.എ യൂസഫലി
ജിദ്ദ: അഭയകേന്ദ്രത്തില്‍ കഴിയുകയായിരുന്ന ഹൈദരാബാദ് സ്വദേശിയായ പ്രവാസിക്ക് സഹായഹസ്തവുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി. വലിയ സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് യാത്രാവിലക്ക് നേരിടുകയും പിന്നീട് പക്ഷാഘാതം ബാധിച്ച് ജിദ്ദയിലെ അഭയകേന്ദ്രത്തില്‍ കഴിയുകയും ചെയ്തിരുന്ന മുഹമ്മദ് അബ്ദുല്‍ അലീം (56) എന്ന ജിദ്ദ പ്രവാസിയാണ് യൂസഫലിയുടെ കരുണയില്‍ നാട്ടിലേക്ക് മടങ്ങിയത്.
ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് ഹോസ്പിറ്റലിലെ ചികിത്സയ്ക്ക് ശേഷം ഡിസ്ചാര്‍ജിന് സമയമായപ്പോള്‍ ഏറ്റെടുക്കാന്‍ ആളില്ലാത്തതിനാല്‍ അലീം ജിദ്ദയിലെ 'വഖഫ് ദാറകും' എന്ന അഭയകേന്ദ്രത്തില്‍ എത്തുകയായിരുന്നു. സെയില്‍സ് മാനായി 15 വര്‍ഷത്തിലേറെ സഊദി അറേബ്യയില്‍ ജോലി ചെയ്തിരുന്നയാള്‍ അഭയകേന്ദ്രത്തില്‍ എത്തിപ്പെട്ട ദയനീയ അവസ്ഥ ശ്രദ്ധയില്‍പെട്ടതോടെയാണ് യൂസുഫലി ഇടപെട്ടത്.
സെയില്‍സ് മാനായി ജോലി ചെയ്യുന്ന കാലത്ത് മാസാന്ത അടവില്‍ അലീം കാര്‍ വാങ്ങിയിരുന്നു. ഭാര്യക്ക് ഗുരുതരമായ അസുഖം ബാധിച്ചതോടെ തുക അടച്ചുതീര്‍ക്കുന്നതിന് മുമ്പ് നാട്ടിലേക്ക് പോയി. പിന്നാലെ ഭാര്യ മരണപ്പെടുകയും ആ ആഘാതത്തില്‍ അലീമിന് കൃത്യസമയത്ത് സഊദിയിലേക്ക് മടങ്ങാനാവാതെ വരികയും ചെയ്തു.
മൂന്ന് വര്‍ഷം മുന്‍പ് പുതിയ വിസയില്‍ ഹൗസ് ഡ്രൈവറായി അദ്ദേഹം വീണ്ടും സൗദിയില്‍ എത്തിയെങ്കിലും പഴയ കാര്‍ കണ്ടെത്താനായില്ല. കാറിന്റെ തിരിച്ചടവ് കുടിശ്ശികയെ തുടര്‍ന്ന് കമ്പനി നല്‍കിയ കേസില്‍ കോടതി അലീമിന് യാത്രാവിലക്കും ഏര്‍പ്പെടുത്തി. ഇതിനിടെ ശരീരത്തിന്റെ ഒരു വശം തളര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയുലുമായി. ആശുപത്രിയുടെ നിര്‍ദേശപ്രകാരമാണ് അലീമിനെ അഭയകേന്ദ്രം ഏറ്റെടുത്തത്.
തുടര്‍ന്ന് എം.എ. യൂസഫലി വിഷയത്തില്‍ ഇടപെടുകയും വാഹനം വാങ്ങിയ വകയില്‍ കമ്പനിക്ക് അടച്ചുതീര്‍ക്കാനുണ്ടായിരുന്ന മുഴുവന്‍ തുകയും സ്വന്തം നിലയില്‍ നല്‍കി കേസ് തീര്‍പ്പാക്കുകയും ചെയ്തു. നിയമനടപടികള്‍ പൂര്‍ത്തിയാക്കി യാത്രാവിലക്ക് ഒഴിവാക്കാന്‍ ലുലു ഗ്രൂപ്പ് പ്രതിനിധികളെ ചുമതലപ്പെടുത്തി. ലുലു സഊദി ഡയറക്ടര്‍ മുഹമ്മദ് ഹാരിസ് അഭയകേന്ദ്രം സന്ദര്‍ശിച്ച് അലീമിനും യാത്ര ചെയ്യുന്ന സഹായിക്കുമുള്ള വിമാന ടിക്കറ്റുകള്‍ കൈമാറി.
ഇന്ത്യന്‍ കോണ്‍സുലേറ്റ് അലീമിന് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് അനുവദിക്കുകയും ഫൈനല്‍ എക്‌സിറ്റ് അടക്കമുള്ള നടപടികള്‍ വേഗത്തിലാക്കുകയും ചെയ്തു. എല്ലാ നിയമനടപടികളും പൂര്‍ത്തിയായി കഴിഞ്ഞ ദിവസം അദ്ദേഹം ജന്മനാട്ടിലേക്ക് തിരിച്ചു. നടപടിക്രമങ്ങള്‍ക്കായി അവസാനം വരെ കൂടെയുണ്ടായിരുന്ന ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് സാമൂഹിക ക്ഷേമ വിഭാഗം അംഗം ഷമീര്‍ നദ്വിയും അലീമിനോടൊപ്പം യാത്ര ചെയ്യുന്നുണ്ട്. ലുലു റീജ്യണല്‍ ഡയറക്ടര്‍ അബ്ദുസലാം, ലുലു പ്രതിനിധി അബ്ദുല്‍ മജീദ് എന്നിവരും നടപടികള്‍ക്കായി കൂടെയുണ്ടായിരുന്നു.
Post a Comment