Join News @ Iritty Whats App Group

ബംഗാളിൽ സ്‌കോളര്‍ഷിപ് പിൻവലിക്കാനെത്തിയ ഏഴാം ക്ലാസുകാരി ഞെട്ടി; അക്കൗണ്ടില്‍ കണ്ടെത്തിയത് 759 കോടി രൂപ

ബംഗാളിൽ സ്‌കോളര്‍ഷിപ് പിൻവലിക്കാനെത്തിയ ഏഴാം ക്ലാസുകാരി ഞെട്ടി; അക്കൗണ്ടില്‍ കണ്ടെത്തിയത് 759 കോടി രൂപ


കൊല്‍ക്കത്ത: സ്‌കോളർഷിപ് തുക പിൻവലിക്കാൻ ബാങ്കിലെത്തിയ ഏഴാംക്ലാസുകാരിയുടെ അക്കൗണ്ടില്‍ കണ്ടെത്തിയത് 759 കോടിയിലധികം രൂപ.

പശ്ചിമബംഗാളിലെ കൂച്ച്‌ ബിഹാർ ജില്ലയിലാണ് സംഭവം. ഹല്‍ബാരി സ്വദേശിയായ സുപർണ റോയിയെന്ന വിദ്യാർത്ഥിനിയുടെ അക്കൗണ്ടിലാണ് ഇത്രയധികം പണം ബാലൻസ് കാണിച്ചത്.

കേരളത്തില്‍ കുടിയേറ്റ തൊഴിലാളിയായാണ് സുപർണയുടെ പിതാവ് ജോലി ചെയ്യുന്നത്. സർക്കാർ നല്‍കുന്ന സ്‌കോളർഷിപ് തുകയായ 800 രൂപ അക്കൗണ്ടില്‍ എത്തിയതായി മൊബൈല്‍ സന്ദേശം ലഭിച്ചതിനെ തുടർന്നാണ് കുടുംബം ബാങ്കിലെത്തിയത്. പഴകിപ്പോയ സ്‌കൂള്‍ ഷൂസിന് പകരം പുതിയൊരു ജോഡി വാങ്ങാനായി ഈ പണം ഉപയോഗിക്കാൻ തീരുമാനിച്ചു. തുടർന്ന് ശനിയാഴ്‌ച മൂത്ത സഹോദരനൊപ്പം സമീപത്തെ കസ്റ്റമർ സർവീസ് സെന്ററിലെത്തി 900 രൂപ പിൻവലിച്ചു, തുടർന്ന് അക്കൗണ്ടിലെ ബാക്കി തുക പരിശോധിച്ചപ്പോഴാണ് 759 കോടിയിലധികം രൂപ അക്കൗണ്ടിലുണ്ടെന്ന് കണ്ടെത്തിയത്.

പിന്നാലെ ഹല്‍ദിഹാരി മേഖലയില്‍ ഈ സംഭവം വലിയ ചർച്ചയായി. അക്കൗണ്ടില്‍ ഇത്രയധികം തുക എങ്ങനെയെത്തിയെന്ന കാര്യത്തില്‍ തങ്ങള്‍ക്ക് യാതൊരു അറിവുമില്ലെന്നും സംഭവം തങ്ങളെ അമ്പരപ്പിച്ചിരിക്കുകയാണെന്നും കുടുംബം പ്രതികരിച്ചു.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാങ്കേതിക തകരാറോ ബാങ്കിന്റെ സിസ്റ്റം പിഴവോ കാരണമാണോ ഇത്തരത്തില്‍ സംഭവിച്ചതെന്ന് അധികൃതർ പരിശോധിച്ചുവരികയാണ്. അതേസമയം, സമാനമായ രീതിയില്‍ ഒന്നിലധികം സംഭവങ്ങള്‍ മറ്റിടങ്ങളിലും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.

ജല്‍പായ്‌ഗുരി ജില്ലയില്‍ സർക്കാർ പദ്ധതിയുടെ ആനുകൂല്യം പിൻവലിക്കാനെത്തിയ മറ്റൊരു സ്‌ത്രീയുടെ ബാങ്ക് അക്കൗണ്ടിലും നൂറുകോടിയിലധികം രൂപയുടെ ബാലൻസ് കണ്ടെത്തിയിരുന്നു. ബീഹാറില്‍ പെൻഷൻ തുക പിൻവലിക്കാനെത്തിയ കാമേശ്വർ മിശ്രയെന്ന 82 കാരന്റെ അക്കൗണ്ടില്‍ 759 കോടി രൂപയാണ് കണ്ടെത്തിയത്. തുടർച്ചയായ ഇത്തരം സംഭവങ്ങള്‍ ബാങ്കിംഗ് സംവിധാനത്തിലെ സുരക്ഷയെക്കുറിച്ച്‌ ജനങ്ങള്‍ക്കിടയില്‍ ആശങ്ക സൃഷ്‌ടിച്ചിരിക്കുകയാണ്.

Post a Comment

Previous Post Next Post
Join Our Whats App Group