Join News @ Iritty Whats App Group

അടിക്കടി ഡീസൽ വില കൂടുന്നു, '20 വര്‍ഷത്തിന് ശേഷം വാടക കൂട്ടാതെ രക്ഷയില്ല'; ജെസിബി അടക്കമുള്ള യന്ത്രങ്ങളുടെ വാടക വർധിപ്പിച്ചു

അടിക്കടി ഡീസൽ വില കൂടുന്നു, '20 വര്‍ഷത്തിന് ശേഷം വാടക കൂട്ടാതെ രക്ഷയില്ല'; ജെസിബി അടക്കമുള്ള യന്ത്രങ്ങളുടെ വാടക വർധിപ്പിച്ചു


കൊച്ചി: നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജെസിബി അടക്കമുള്ള യന്ത്രോപകരണങ്ങളുടെ വാടക വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചതായി കണ്‍സ്ട്രക്ഷന്‍ എക്വിപ്‌മെന്റ്‌സ് ഓണേഴ്സ് അസോസിയേഷന്‍ എറണാകുളം ജില്ലാ കമ്മറ്റി (സിഇഒഎ) വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. വര്‍ദ്ധിപ്പിച്ച വാടക നിരക്ക് എറണാകുളം ജില്ലയില്‍ നിലവില്‍ വന്നു. നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എസ്‌കവേറ്റര്‍ , ബാക്‌ഹോലോഡറുകള്‍ (ജെസിബി) , ക്രെയിന്‍ , ടിപ്പര്‍, റോളര്‍ മുതലായ വാഹനങ്ങളുടെ വാടക നിരക്കില്‍ 10 ശതമാനം മുതല്‍ 20 ശതമാനം വരെ വര്‍ധനവാണുണ്ടാകുക.

ജെസിബി മണിക്കൂറിന് ഇപ്പോള്‍ ഇടാക്കുന്നത് 1300 രൂപയാണ്. ഇത് 1500 രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്. മിനി എക്‌സ്‌കവേറ്ററുകള്‍ക്ക് 1200 രൂപയില്‍ നിന്ന് 1300 രൂപയായും കൂട്ടിയിട്ടുണ്ട്. വാഹന വിലയും മറ്റു അനുബന്ധ സാമഗ്രികളുടെ വിലയും സ്‌പെയര്‍ പാര്‍ട്‌സും ടയറും അടിക്കടി ഉണ്ടാകുന്ന ഡീസല്‍ വിലയും മറ്റും ക്രമാതീതമായി വര്‍ധിച്ചതിനാല്‍ വാടക വര്‍ധിപ്പിക്കാതെ ഈ മേഖല മുന്നോട്ട് പോകാന്‍ കഴിയാത്ത അവസ്ഥയാണെന്ന സംഘടന ചൂണ്ടിക്കാട്ടി. നിര്‍മാണ മേഖലയിലെ അസംസ്‌കൃത സാധനങ്ങളുടെ വിലയും തൊഴിലാളികളുടെ വേതനവും ഈ കാലയളവില്‍ പതിന്മടങ്ങ് വര്‍ദ്ധിച്ചിട്ടുണ്ട്.

വാഹനങ്ങള്‍ക്ക് പ്രവര്‍ത്തിക്കുന്നതിന് വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുള്ള നിയന്ത്രണങ്ങളും അടിക്കടിയുള്ള പിഴ ചുമത്തലുകളും ഓടുന്നതിലെ സമയനിയന്ത്രണവും ഈ മേഖലയുടെ നിലനില്‍പ്പിനെ സാരമായി ബാധിച്ചിട്ടുണ്ട്. 20 വര്‍ഷത്തിന് ശേഷമാണ് വാടക നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചതെന്നും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. സിഇഒഎ ജില്ലാ പ്രസിഡന്റ് ലിജു സാജു, ജില്ലാ സെക്രട്ടറി ജിന്‍സാദ് ടിഎം, ഫ്രാങ്കലിന്‍ കെ ജോയ്, മുഹമ്മദ്ദ് സൈനുദ്ദിന്‍, മുജീബ് റെഹ്‌മാന്‍, ബ്രിന്‍സ് എബ്രഹാം, സെബി സെബാസ്റ്റ്യന്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു. കേരളത്തിന്റെ നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എസ്‌കവേറ്ററുകള്‍ , ബാക്ക്‌ഹോലോഡറുകള്‍ , ക്രൈന്‍ ,ടിപ്പര്‍, റോളര്‍ മുതലായ കണ്‍സ്ട്രക്ഷന്‍ മെഷിനറി ഉടമകളുടെ സംഘടനയാണ് കണ്‍സ്ട്രക്ഷന്‍ എക്വിപ്‌മെന്റ്‌സ് ഓണേഴ്സ് അസോസിയേഷന്‍.

Post a Comment

Previous Post Next Post
Join Our Whats App Group