കീം കൗണ്‍സിലിങ്ങിനായി ഒറ്റയ്ക്ക് നാട്ടിലെത്തിയ 17കാരിയോട് കണ്ണൂര്‍ വിമാനത്താവളത്തിലെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയെന്ന് ഖത്തര്‍ പ്രവാസിയുടെ ആരോപണം. പരാതി നല്‍കാനൊരുങ്ങി കുടുംബം.
ദോഹ/ കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇമിഗ്രേഷൻ വിഭാഗത്തിനെതിരെ കടുത്ത ആരോപണവുമായി ഖത്തർ പ്രവാസി.
കഴിഞ്ഞ ദിവസം കീം കോളജ് അഡ്മിഷൻ കൗണ്‍സിലിങ്ങിനായി ഖത്തറില്‍ നിന്ന് തനിയെ നാട്ടിലേക്ക് വന്ന 17 വയസ്സുള്ള തന്റെ മകളോട് ഇമിഗ്രേഷൻ ഉദ്യോഗസ്ഥൻ അനാവശ്യമായി പെരുമാറിയെന്ന് നാദാപുരം വാണിമേല്‍ സ്വദേശിയായ സുബൈർ സോഷ്യല്‍ മീഡിയ കുറിപ്പിലൂടെ ആരോപിച്ചു.
പുതിയ പാസ്പോർട്ടിനൊപ്പം പഴയ പാസ്പോർട്ട് പരിശോധിച്ച ഉദ്യോഗസ്ഥൻ, കാലാവധി തീരും മുൻപ് എന്തിന് പാസ്പോർട്ട് പുതുക്കി, എന്തിന് ഒറ്റക്ക് യാത്ര ചെയ്യുന്നു, എന്തിനാണ് ഗള്‍ഫില്‍ പോയത് തുടങ്ങി തുടരെ ചോദ്യങ്ങള്‍ ചോദിച്ച് പേടിപ്പിക്കുകയായിരുന്നു.
12-ാം വയസ്സിലെ പഴയ പാസ്പോർട്ടിലെ ഫോട്ടോയും ഇപ്പോഴത്തെ ഫോട്ടോയും തമ്മില്‍ വ്യത്യാസമുണ്ടെന്ന് പറഞ്ഞും കയർത്തു. കൗമാരക്കാരിയായ കുട്ടിയുടെ വളർച്ചയിലുണ്ടാകുന്ന സ്വാഭാവിക മാറ്റം പോലും തിരിച്ചറിയാൻ ഉദ്യോഗസ്ഥന് കഴിഞ്ഞില്ല.
വിമാനത്തില്‍ വെച്ച് പരിചയപ്പെട്ട സഹയാത്രികയായ സ്ത്രീ ഇടപെട്ട് സംസാരിച്ചതിന് ശേഷം മാത്രമാണ് ഉദ്യോഗസ്ഥൻ പാസ്പോർട്ട് സ്റ്റാമ്പ് ചെയ്യാൻ തയാറായതെന്നും സുബൈർ സോഷ്യല്‍ മീഡിയയില്‍ പങ്കെവെച്ച കുറിപ്പില്‍ കൂട്ടിച്ചേർത്തു.
ഇമിഗ്രേഷൻ ഉദ്യോഗസ്ഥന്റെ പെരുമാറ്റം ഒരു കുറ്റവാളിയോടെന്ന പോലെയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. തനിയെ യാത്ര ചെയ്യുന്ന ഒരു കൗമാരക്കാരിയോട് കാണിക്കേണ്ട മര്യാദ പോലും കാണിച്ചില്ല. ഇത് കേവലം അനാവശ്യ ചോദ്യം ചെയ്യലല്ല, മറിച്ച് അധികാരം ദുരുപയോഗം ചെയ്തുള്ള ഹരാസ്മെന്റാണ്.
നേരത്തെ തനിക്കും കണ്ണൂർ ഇമിഗ്രേഷനില്‍ നിന്ന് മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കിയ സുബൈർ, യാത്രക്കാരോട് പെരുമാറാൻ അറിയാത്ത ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും അവർക്ക് കൃത്യമായ പരിശീലനം നല്‍കണമെന്നും അധികാരികളോട് ആവശ്യപ്പെട്ടു.
സംഭവത്തില്‍ ഉദ്യോഗസ്ഥനെതിരെ പരാതി നല്‍കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് സുബൈർ പറഞ്ഞു. കഴിഞ്ഞദിവസം കണ്ണൂർ വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതർ വസ്ത്രം അഴിച്ച് ദേഹപരിശോധന നടത്തിയെന്ന് ആരോപിച്ച് യുവാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.
Post a Comment