10,00 മിസൈലുകൾ ലോഡ് ചെയ്ത് കഴിഞ്ഞു, എന്നെ കൊല്ലാൻ ശ്രമിച്ചാൽ ഇറാനിലേക്ക് പായും; ഭീഷണിയുമായി ട്രംപ്, അതേ നാണയത്തിൽ തിരിച്ചടിക്കുമെന്ന് ഇറാൻ
വാഷിങ്ടൺ: ഇടവേളയ്ക്ക് ശേഷം യുഎസ്-ഇറാൻ സംഘർഷം പുനഃരാരംഭിച്ചതോടെ ഭീഷണിയും തിരിച്ചടിയുമായി യുഎസും ഇറാനും. തന്നെ വധിക്കാൻ നോക്കിയാൽ ഇറാനിലേക്ക് 1000 മിസൈലുകൾ പായുമെന്നാണ് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ഭീഷണി. തനിക്കെതിരെ വധശ്രമത്തിന് ഇറാൻ മുതിർന്നാൽ രാജ്യം കടുത്ത പ്രത്യാക്രമണം നേരിടേണ്ടി വരുമെന്നാണ് ട്രംപിന്റെ കനത്ത മുന്നറിയിപ്പ്. ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമേനിയുടെ സംസ്‌കാര ചടങ്ങുകൾക്കിടെ ട്രംപിനെ വധിക്കാൻ പരസ്യമായി ആഹ്വാനങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് ട്രംപിന്‍റെ രൂക്ഷപ്രതികരണം. ഇറാന്റെ ഭാഗത്തുനിന്ന് വധശ്രമമുണ്ടായാൽ പ്രയോഗിക്കാനായി 1000 മിസൈലുകൾ ലോഡ് ചെയ്ത് കഴിഞ്ഞുവെന്നും ആവശ്യമെങ്കിൽ പ്രയോഗിക്കാൻ ആയിരക്കണക്കിന് മിസൈലുകൾ വേറെയും തയ്യാറാണെന്നും ട്രംപ് തുറന്നടിച്ചു
തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം വഴിയാണ് ട്രംപ് ഇറാന് ശക്തമായ ഭാഷയിൽ മുന്നറിയിപ്പ് നൽകിയത്. ഇറാന്റെ വധഭീഷണിയുള്ളവരുടെ പട്ടികയിൽ താൻ വളരെക്കാലമായി ഒന്നാം സ്ഥാനത്തുണ്ടെന്നും എന്നാൽ നിലവിൽ ഉടനടി വധശ്രമം ഉണ്ടാകുമെന്ന തരത്തിലുള്ള രഹസ്യാന്വേഷണ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും ട്രംപ് പറഞ്ഞു. ഇറാനെ ഒരു കാരണവശാലും ആണവായുധം നിർമിക്കാൻ അനുവദിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. അതിനിടെ ഇറാനെതിരെയുള്ള ഉപരോധം കടുപ്പിക്കുകയാണ് അമേരിക്ക. ഇറാന്‍റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനേയിയുടെ ഫണ്ട് മാനേജർക്കും നിരവധി എക്സ്ചേഞ്ച് കന്പനികൾക്കും യുഎസ് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ മിഡിൽ ഈസ്റ്റിൽ യുഎസും ഇറാനും തമ്മിൽ വ്യോമാക്രമണങ്ങളും പ്രത്യാക്രമണങ്ങളും നടന്നിരുന്നു. മിഡിൽ ഈസ്റ്റിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ട്രംപിന്റെ പ്രസ്താവന വലിയ അന്താരാഷ്ട്ര ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. അതേസമയം അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാനും രംഗത്തെത്തി. ധാരണാപത്രത്തിലെ വ്യവസ്ഥകൾ ലംഘിച്ചാൽ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇറാൻ യുഎസുമായി ചർച്ചകൾ തുടരാൻ ആവശ്യപ്പെട്ടെന്ന ട്രംപിന്റെ അവകാശവാദവും ഇറാൻ തള്ളി.
Post a Comment