ബിജെപി കൗൺസിലർമാരുടെ പുനർ സത്യപ്രതിജ്ഞക്കെതിരെ പരാതി നൽകി യുഡിഎഫും എൽഡിഎഫും; 'എന്തിനായിരുന്നു ഇത്ര ധൃതി? പിൻവാതിലിലൂടെ നടത്തിയത് ദുരൂഹം'
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർമാരുടെ തിടുക്കത്തിലുള്ള പുനർസത്യപ്രതിജ്ഞക്ക് എതിരെ കോൺഗ്രസ്. 20 ബിജെപി അംഗങ്ങളുടെ പുനർ സത്യപ്രതിജ്ഞ പിൻവാതിലിലൂടെ ഇന്ന് നടത്തിയത് ദുരൂഹമാണെന്ന് കോണ്‍ഗ്രസ് നേതാവും കൌണ്‍സിലറുമായ ശബരീനാഥൻ ആരോപിച്ചു. ഇന്ന് ഉച്ചയ്ക്കാണ് ഈ വിഷയത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ ഉണ്ടായത്. നാലാഴ്ചകൾക്കുള്ളിൽ പുനർ സത്യപ്രതിജ്ഞാ നടത്തിയാൽ മതി എന്ന് വ്യക്തമായ വിധിയുള്ളപ്പോൾ എന്തിനാണ് ഇന്ന് തിടുക്കം കൂട്ടിയത് എന്നാണ് ശബരീനാഥിന്‍റെ ചോദ്യം.
തദ്ദേശ വകുപ്പിനെയും, മറ്റു കൗൺസിൽ അംഗങ്ങളെയും അറിയിക്കാതെ മാനദണ്ഡങ്ങൾ പാലിക്കാതെ പിൻവാതിൽ സത്യപ്രതിജ്ഞ ശരിയായ നടപടിയല്ലെന്ന് ശബരീനാഥൻ വിമർശിച്ചു. നഗരസഭ സെക്രട്ടറി തദ്ദേശ വകുപ്പിന്റെ നിർദേശങ്ങൾ ആരായാതെ ആണ് സ്വമേധയാ ഈ തീരുമാനം എടുത്തതെന്നും ഇത് സംബന്ധിച്ച പരാതി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും ശബരീനാഥൻ പറഞ്ഞു. ഹൈക്കോടതി ഉത്തരവിലെ നിബന്ധകൾ പാലിക്കാതെയാണ് സത്യപ്രതിജ്ഞയെന്ന് ചൂണ്ടിക്കാട്ടി എല്‍ഡിഎഫും തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് പരാതി നൽകി.
അസാധുവായത് 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ
പല ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്ത തിരുവനന്തപുരം കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞയാണ് ഹൈക്കോടതി അസാധുവാക്കിയത്. നാല് ആഴ്ചക്കകം അംഗങ്ങൾ വീണ്ടും ചട്ടപ്രകാരം സത്യപ്രതിജ്ഞ ചെയ്യണമെന്നും അതുവരെ കൗൺസിൽ അംഗമെന്ന അധികാരമുണ്ടാകില്ലെന്നും കോടതി ഉത്തരവിട്ടു. ദൃഢപ്രതിജ്‍ഞയോ ദൈവനാമത്തിലോ വേണം സത്യപ്രതിജ്ഞ ചെയ്യാനെന്നും ദൈവം എന്ന പദത്തിന് പഞ്ചായത്ത് രാജ്, മുനിപ്പൽ ചട്ടങ്ങളിൽ നിർവചനമില്ലെന്നും കോടതി വ്യക്തമാക്കി.
ഹൈക്കോടതിയുടെ നടപടിക്ക് പിന്നാലെ ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്ത തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍മാര്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. 19 പേർക്കും മേയർ വി വി രാജേഷാണ് സത്യവാചകം ചൊല്ലി കൊടുത്തത്. കോർപ്പറഷൻ ഡെപ്യൂട്ടി മേയർ ആശ നാഥ്, ചെമ്പഴന്തി ഉദയൻ, ഗോപകുമാർ അടക്കമുള്ളവരാണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞ ചടങ്ങിൽ പ്രതിപക്ഷം പങ്കെടുത്തില്ല.
Post a Comment