Join News @ Iritty Whats App Group

കൊട്ടിയൂർ വൈശാഖ മഹോത്സവം;കർണ്ണാടകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഭക്തജനങ്ങളുടെ ഒഴുക്ക്,മാക്കൂട്ടം ചുരം പാതയിൽ വൻ ഗതാഗതക്കുരുക്ക്

കൊട്ടിയൂർ വൈശാഖ മഹോത്സവം;കർണ്ണാടകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഭക്തജനങ്ങളുടെ ഒഴുക്ക്,മാക്കൂട്ടം ചുരം പാതയിൽ വൻ ഗതാഗതക്കുരുക്ക്


ഇരിട്ടി : മുൻ വർഷങ്ങളിലൊന്നുമില്ലാത്തവിധം കർണ്ണാടകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്ന ഭക്തജനങ്ങളുടെ ഒഴുക്ക് മൂലം കണ്ണൂർ ജില്ലയെ കുടകുമായി ബന്ധിപ്പിക്കുന്ന മാക്കൂട്ടം ചുരം പാതയിൽ വൻ ഗതാഗതക്കുരുക്ക്. കഴിഞ്ഞ ശനി ഞായർ ദിവസങ്ങളിലും തുടർന്ന് തിങ്കളാഴ്ചയും ഗതാഗത സതംഭനം തുടരുകയാണ്. ഇതിനിടയിൽ കാലവർഷം ആരംഭിച്ചതോടെ പാതയിൽ മരം വീഴുന്നതും ഗതാഗത തടസ്സത്തിന് ആക്കം കൂട്ടുകയാണ്. തിങ്കളാഴ്ച പുലർച്ചെ 1മണിയോടെ റോഡിലേക്ക് മരം വീണതോടെ വാഹനങ്ങൾ പാതയിൽ കുടുങ്ങിയത് മണിക്കൂറുകളോളം. 
 

കർണ്ണാടകത്തിൽ നിന്നും മുൻ കാലങ്ങളിലൊന്നും കാണാത്ത വിധമുള്ള ഭക്തജന പ്രവാഹമാണ് വൈശാഖ മഹോത്സവത്തിൽ പങ്കെടുക്കാനും പെരുമാളെ തൊഴാനുമായി കൊട്ടിയൂരിലേക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇടുങ്ങിയതും കുത്തനെയുള്ള ഇറക്കങ്ങളും, നിരവധി കൊടും വളവുകളുമുള്ള കുട്ട- മാനന്തവാടി - പാൽച്ചുരം റോഡ് ഒഴിവാക്കി കർണ്ണാടകക്കാർ വീരാജ്പേട്ട- മാക്കൂട്ടംചുരം - കൂട്ടുപുഴ- ഇരിട്ടി വഴി കൊട്ടിയൂരിൽ എത്തണം എന്ന് കൊട്ടിയൂർ ദേവസ്വം അധികൃതരും പോലീസും അറിയിച്ചിരുന്നു. ബ്രഹ്മഗിരി വന്യജീവി സങ്കേതവും കൊടും വനവുമടങ്ങുന്ന മാക്കൂട്ടം ചുരം പാതയും വലിയ വളവുകളും അപകടകരമായ കൊല്ലികളും നിറഞ്ഞതാണ്. എന്നാൽ രണ്ടു വാഹനങ്ങൾക്ക് ഒരേസമയം ഇരു വശത്തേക്കും കടന്നു പോകാനുള്ള സൗകര്യം പാതയിലുണ്ടെങ്കിലും ഡ്രൈവർമാരുടെ അശ്രദ്ധ വലിയ അപകടങ്ങൾ ആണ് പലപ്പോഴും വിളിച്ചു വരുത്തുന്നത് . കൂടാതെ വൈദ്യുതീകരിക്കാത്ത പാതയിൽ രാത്രികാലങ്ങളിൽ കൂരിരുട്ടാണ്. കിലോമീറ്ററുകളോളം ദൂരം മൈബൈൽ കവറേജ് ഇല്ലാത്തതും അപകടങ്ങളുണ്ടാകുമ്പോൾ വിവരം പുറത്തെത്തിക്കാൻ കഴിയാതെ വരുന്നു. മഴക്കാലങ്ങളിൽ ഏതുനേരവും മറിഞ്ഞു വീഴാൻ തക്കവണ്ണമുള്ള നിരവധി കൂറ്റൻ മരങ്ങളും പാതക്കിരുവശങ്ങളിലുമുണ്ട്. 
   

കൊട്ടിയൂർ തീർത്ഥാടകരുമായി ടൂറിസ്റ്റ് ബസ്സുകളിലടക്കം ചെറുതും വലുതുമായ നൂറുകണക്കിന് വാഹനങ്ങളുടെ പ്രവാഹമാണ് മാക്കൂട്ടം ചുരം വഴി കഴിഞ്ഞ ദിവസങ്ങളിൽ കൊട്ടിയൂരിലേക്ക് എത്തിയത്. ഇതിനിടയിൽ എത്തുന്ന നിരവധി നാഷണൽ പെർമിറ്റ് ലോറികൾ അടക്കമുള്ള ചരക്കു വാഹനങ്ങളും ബംഗളൂരു പോലുള്ള നഗരങ്ങളിലേക്ക് സർവീസ് നടത്തുന്ന ടൂറിസ്റ്റ് ബസ്സുകളും ചേർന്നതോടെ ഇരു ഭാഗത്തേക്കുമുള്ള ഗതാഗതം ഇഴഞ്ഞു നീങ്ങുന്ന അവസ്ഥയിലായി മാറുകയായിരുന്നു. വീരാജ്പേട്ടയിൽ നിന്നും കൂട്ടുപുഴയിലേക്കും കൂട്ടുപുഴയിൽ നിന്നും വീരാജ്പേട്ടയിലേക്കും എത്താൻ സാധാരണഗതിയിൽ ഒരു മണിക്കൂർ മാത്രം സമയമെടുക്കേണ്ടിടത്ത് അത് രണ്ടും രണ്ടരമണിക്കൂറുമായി പലസമയങ്ങളിലും മാറി. 
ഇതിനിടയിൽ തിങ്കളാഴ്ച്ച പുലർച്ചെ ഒരുമണിയോടെ പാതയിൽ മരം വീണതും മണിക്കൂറുകളോളം ഗതാഗതം സ്തംഭിക്കുന്നതിനിടയാക്കി. കൊട്ടിയൂർ തീർത്ഥാടകരുടെ വാഹനങ്ങൾ കൂടാതെ ബംഗളൂരു, മൈസൂരു നഗരങ്ങളിൽ നിന്നും കണ്ണൂർ, തലശേരി ഭാഗങ്ങളിലേക്കുള്ള നിരവധി ടൂറിസ്റ്റ് ബസ്സുകളും ചുരത്തിൽ കുടുങ്ങി. അഗ്നി രക്ഷാ സേന എത്തി മരം മുറിച്ചുമാറ്റി തിങ്കളാഴ്ച രാവിലെ 8.30 ഓടെയാണ് ഗതാഗതം പൂർണ്ണമായും പുനഃസ്ഥാപിച്ചത്. ഇക്കുറി കാലവർഷം തുടങ്ങിയ ശേഷം മൂന്നാം താവണയാണ് ചുരം പാതയിൽ മരം വീണ് ഗതാഗതം സ്തംഭിക്കുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group