വ്യാജ നന്പറില്‍ തീര്‍ഥാടകരുമായി എത്തിയ വാഹനം ഇരിട്ടിയിൽ പിടിയില്‍
ഇരിട്ടി: മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ ഇന്നോവ കാറിന്റെ നന്പർ ഉപയോഗിച്ച് കർണാടകയില്‍നിന്നുള്ള തീർഥാടകരുമായി കൊട്ടിയൂരിലെത്തിയ എസി വാൻ മോട്ടോർ വാഹന വകുപ്പിന്റെ പിടിയില്‍.
വ്യാജ നന്പറുപയോഗിച്ച് രജിസ്ട്രേഷൻ നടത്താതെയും നികുതി അടയ്ക്കാതെയുമെത്തിയ അർബനിയ ട്രാവലർ ആണ് മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗം നടത്തിയ പരിശോധനയില്‍ പിടിയിലായത്.
ഇരിട്ടി പയഞ്ചേരി മുക്കില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് വാഹനം പിടിയിലായത്. വിശദമായ പരിശോധനയില്‍ ഇന്നോവ കാറിന്റെ നന്പർ പ്ലേറ്റ് പതിച്ചാണ് വാഹനം ഓടിയിരുന്നതെന്ന് കണ്ടെത്തി. തുടർ പരിശോധനയില്‍ രജിസ്ട്രേഷൻ നടത്തുകയോ നികുതി അടയക്കുകയോ ചെയ്തിട്ടില്ലെന്നും വ്യക്തമായി. ആർടിഒ കസ്റ്റഡിയിലെടുത്ത വാഹനം തുടർ നടപടികള്‍ക്കായി ഇരിട്ടി പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ബംഗളൂരു സ്വദേശികളായ യാത്രക്കാർക്ക് മറ്റൊരു വാഹനത്തില്‍ യാത്ര ചെയ്യാനുള്ള സൗകര്യം മോട്ടോർ വാഹന വകുപ്പ് ഒരുക്കി നല്‍കിയിരുന്നു.
ബംഗളൂരുവിലെ ഹരീഷ് ടൂർസ് ആൻഡ് ട്രാവല്‍സില്‍നിന്നു തീർഥാടകർ ബുക്ക് ചെയ്ത് എത്തിയ വാഹനമാണിത്. കർണാടകയില്‍നിന്നുള്ള ഇത്തരം വാഹനം 3360 രൂപയാണ് കേരള സർക്കാരില്‍ ടാക്സായി അടയ്ക്കേണ്ടത്. ഇവർ യാത്രക്കാരില്‍നിന്ന് ഈ ഇനത്തില്‍ 7000 രൂപ ഈടാക്കിയെങ്കിലും പണമടയ്ക്കാതെ കബളിപ്പിച്ചുവെന്നാണ് പറയുന്നത്.
ഒരു ഒരു തവണ കേരളത്തിലേക്ക് വരാൻ നികുതി അടയ്ക്കുന്ന വാഹനങ്ങള്‍ ഒരാഴ്ചയോളം ഇത് ദുരുപയോഗം ചെയ്യുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ വ്യാജ നമ്പർ പ്ലേറ്റുകള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ നിയമപരമായി ഗുരുതര കുറ്റകൃത്യത്തിന്റെ പരിധിയില്‍പ്പെടുന്നതാണെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ വ്യക്തമാക്കി. കൂടാതെ അപകടമുണ്ടായാല്‍ ഇൻഷ്വറൻസ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ പോലും ലഭിക്കില്ലെന്നും മോട്ടോർ വാഹന വകുപ്പധികൃതർ അറിയിച്ചു. എംവിഐ എം. മനോജ് കുമാർ, എഎംവിഐമാരായ വി.ആർ. ഷനില്‍ കുമാർ, പി. ജിതിൻ, കെ.വി. അഖില്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന നടത്തിയത്.
Post a Comment