Join News @ Iritty Whats App Group

'വിട്ടുവീഴ്ച ചെയ്ത് ഐക്യം നിലനിർത്തേണ്ടതില്ല'; പ്രതിപക്ഷ ഉപനേതാവ് പദവിയിൽ നിന്ന് പിന്നോട്ടില്ലെന്ന് സിപിഐ

'വിട്ടുവീഴ്ച ചെയ്ത് ഐക്യം നിലനിർത്തേണ്ടതില്ല'; പ്രതിപക്ഷ ഉപനേതാവ് പദവിയിൽ നിന്ന് പിന്നോട്ടില്ലെന്ന് സിപിഐ


തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് പദവിയിൽ നിന്ന് പിന്നോട്ടില്ലെന്ന് സിപിഐ. പ്രതിപക്ഷ ഉപനേതാവ് പദവിയിൽ നിന്ന് പിന്നോട്ട് പോകേണ്ടെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റിലെ തീരുമാനം. പാർട്ടി അഭിമാനം സിപിഎമ്മിന് മുൻപിൽ പണയം വെയ്ക്കേണ്ടതില്ലെന്നും വിട്ടുവീഴ്ച ചെയ്ത് ഐക്യം നിലനിർത്തേണ്ട സാഹചര്യമില്ലെന്നുമാണ് സിപിഐ വിലയിരുത്തൽ. കഴിഞ്ഞ ദിവസങ്ങളിലായി പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് ചർച്ചകൾ തുടരുകയാണ്

പദവിയെച്ചൊല്ലി എൽഡിഎഫിൽ സിപിഎമ്മും സിപിഐയും തമ്മിൽ തർക്കം കടുക്കുകയാണ്. പ്രതിപക്ഷ നിരയിൽ രണ്ടാമത്തെ വലിയ ഒറ്റക്കക്ഷിയായ സിപിഐ ഉപനേതൃപദവി വേണമെന്ന കടുംപിടിത്തം തുടരുകയാണ്. വിട്ടുവീഴ്ച്ച ആവശ്യമില്ലെന്നും, പരസ്യമായി ആവശ്യപ്പെട്ട പദവിയിൽ നിന്നും പിന്നോട്ട് പോകേണ്ടതില്ലെന്നുമാണ് സിപിഐ നിലപാട്.

എന്നാൽ പ്രതിപക്ഷ ഉപനേതൃപദവി നൽകാനാവില്ലെന്ന നിലപാടിലാണ് സിപിഎം. ഇടതുമുന്നണി പ്രതിപക്ഷത്തിരുന്ന കാലത്തെല്ലാം ഉപനേതാവ് പദവി വഹിച്ചിരുന്നത് സിപിഎം തന്നെയാണെന്നുള്ള കീഴ്‌വഴക്കം ചൂണ്ടിക്കാട്ടിയാണ് സിപിഎം നിലപാട് കടുപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇരുപാർട്ടികളുടെയും സംസ്ഥാന സെക്രട്ടറിമാർ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു.

അതേസമയം, മുന്നണിയിൽ ധാരണയാകും മുമ്പ് ഉപനേതൃപദവി പരസ്യമായി ആവശ്യപ്പെട്ട ബിനോയ് വിശ്വത്തിന്റെ നടപടിയിൽ സിപിഐയിൽ അമർഷമുണ്ട്. നിയമസഭയിൽ പ്രത്യേക ബ്ലോക്ക് ആയി ഇരുന്ന് പ്രതിഷേധം അറിയിക്കണമെന്നാണ് ഒരു വിഭാഗത്തിൻ്റെ നിലപാട്. മുന്നണി ഐക്യം കൂടി കണക്കിലെടുക്കണമെന്ന് ആവശ്യവും സിപിഐയിൽ ഉണ്ട്. പദവി ലഭിച്ചില്ലെങ്കിൽ എൽഡിഎഫിന്റെ പാർലമെന്ററി പാർട്ടി യോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും മറ്റ് ഔദ്യോഗിക ചുമതലകൾ ബഹിഷ്കരിക്കാനും സിപിഐ ആലോചിക്കുന്നുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group