സബ്സിഡി നിരക്കില്‍ അരിയില്ല, കുടുംബശ്രീ ഹോട്ടലുകള്‍ പ്രതിസന്ധിയില്‍
കണ്ണൂർ: പാചകവാതക ക്ഷാമത്തിനു പുറമെ സബ്സിഡി നിരക്കിലുള്ള അരി കൃത്യമായി ലഭിക്കാതായതോടെ കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍ പ്രതിസന്ധിയില്‍.
പൊതുവിപണിയില്‍ സാധനങ്ങള്‍ക്ക് വൻ വിലയായതോടെ സബ്സിഡി സാധനങ്ങള്‍ കൂടിയേ തീരുവെന്നാണ് ഹോട്ടല്‍ നടത്തിപ്പുകാർ പറയുന്നത്.
സാമ്പത്തിക വർഷം കഴിയുന്ന മാർച്ചിനുശേഷം സബ്സിഡി അരിക്കുള്ള കരാർ സിവില്‍ സപ്ലൈസുമായി ജില്ലാ മിഷൻ പുതുക്കേണ്ടതുണ്ട്. ഇത് പുതുക്കാത്തതിനാല്‍ 50 രൂപ വരെ അരിക്ക് വില നല്‍കേണ്ടി വരികയാണ്. 50 രൂപയുടെ അരി വാങ്ങി 30 രൂപയ്ക്ക് ഊണ്‍ നല്‍കേണ്ട ബാധ്യതയിലാണ് നിലവില്‍ കുടുംബശ്രീ സംരംഭകർ.
നഗരങ്ങളിലെ ഹോട്ടലുകളില്‍ ഊണിന് 100 രൂപ വരെ വാങ്ങിക്കുന്ന സാഹചര്യത്തിലാണ് 30 രൂപ ഊണുമായി കുടുംബശ്രീ പിടിച്ചുനില്‍ക്കുന്നത്. ചോറ്, തോരൻ, അച്ചാർ, നാടൻ വിഭവം ഉള്‍പ്പെടെ മൂന്ന് തൊടുകറിയും ഒരു ഒഴിച്ചുകറിയും ഉണ്ടാകണമെന്നാണ് നിബന്ധന.
സിവില്‍ സപ്ലൈസില്‍ നിന്ന് സബ്സിഡി നിരക്കില്‍ അരിയും കെട്ടിട വാടക, വെള്ളം, കറന്റ് നിരക്കുകള്‍ എന്നിവ അതത് തദ്ദേശസ്ഥാപനങ്ങളും നല്‍കുന്നതാണ് പദ്ധതി. എന്നാല്‍ സബ്സിഡി അരി കിട്ടാത്തതിനൊപ്പം ഗ്യാസിന്റെ തീവിലയും സാധനങ്ങളുടെ വിലക്കയറ്റവും സംരംഭകരെ തീർത്തും വലച്ചു. ഏതുനിമിഷവും പൂട്ടുമെന്ന അവസ്ഥയിലാണ് നിലവില്‍ ജില്ലയിലെ കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍.
ഒന്നാം പിണറായി സർക്കാരിന്റെ വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി വൻപ്രചാരണവുമായി നടപ്പാക്കിയ പദ്ധതിയാണിത്. 2020-21-ലെ സംസ്ഥാന ബഡ്ജറ്റിലാണ് കേരളത്തിലിനിയാരും പട്ടിണി കിടക്കില്ലെന്ന വാഗ്ദാനവുമായി കുടുംബശ്രീക്ക് കീഴില്‍ 1000 ജനകീയ ഹോട്ടലുകള്‍ പ്രഖ്യാപിച്ചത്.
71 ജനകീയ ഹോട്ടലുകള്‍
ജില്ലയില്‍ 71 ജനകീയ ഹോട്ടലുകള്‍ ഉണ്ടായിരുന്നെങ്കിലും ഇതില്‍ ഏതാനും ഹോട്ടലുകള്‍ക്ക് നേരത്തെ തന്നെ പൂട്ടുവീണിരുന്നു. മറ്റുള്ളവ പ്രതിസന്ധികള്‍ക്കിടയിലും പിടിച്ചു നില്‍ക്കുകയായിരുന്നു. എന്നാല്‍ നിലവിലെ സ്ഥിതിയില്‍ തുടരാൻ കഴിയില്ലെന്നാണ് നടത്തിപ്പുകാർ പറയുന്നത്.
30 രൂപയ്ക്ക് ഉച്ചയൂണ്‍ എന്നതാണ് ജനകീയ ഹോട്ടലിനെ വ്യത്യസ്തമാക്കുന്നത്. സാധനങ്ങള്‍ക്കെല്ലാം വില വർദ്ധിച്ച സാഹചര്യത്തില്‍ 30 രൂപയ്ക്ക് ഊണ്‍ നല്‍കാൻ സാധിക്കില്ല. ചില ജനകീയ ഹോട്ടലുകളില്‍ ഊണിന് 40 രൂപയാക്കിയിട്ടുണ്ട്.
ചെറുകിട ഹോട്ടലുകളും അടച്ചു പൂട്ടലിലേക്ക്
പാചകവാതക വിലവർദ്ധനവും സബ്‌സിഡികളുടെ നിർത്തലാക്കലും വിലക്കയറ്റവും കാരണം പിടിച്ചുനില്‍ക്കാനാവാതെ ചെറുകിട ഹോട്ടലുകളും പ്രതിസന്ധിയിലാണ്. ചെറുകിട ഹോട്ടലുകള്‍ പപ്പടമടക്കമുള്ള ഊണിന് 60 മുതല്‍ 70 രൂപ വരെയാണ് ഇപ്പോള്‍ ഈടാക്കുന്നത്. മത്സ്യം, ഇറച്ചി, മുട്ട എന്നിവയ്ക്കു വില വർദ്ധിച്ചിട്ടുണ്ട്.
Post a Comment