‘മാപ്പ് സ്വീകരിക്കുന്നു, ഖേദപ്രകടനത്തെ അഭിനന്ദിക്കുന്നു’; ബോബി ചെമ്മണ്ണൂരിൻ്റെ മാപ്പപേക്ഷയിൽ പ്രതികരിച്ച് ഹണി റോസ്
പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂരിൻ്റെ മാപ്പപേക്ഷയിൽ പ്രതികരിച്ച് നടി ഹണി റോസ്. മാപ്പപേക്ഷ സ്വീകരിക്കുന്നതായി ഹണി റോസ് പറഞ്ഞു. പ്രമുഖ മാധ്യമത്തോടായിരുന്നു താരത്തിന്റെ തുറന്ന് പറച്ചിൽ. ഏതെങ്കിലും തരത്തിൽ ആ വ്യക്‌തിയെ ഉപദ്രവിക്കാനോ ദ്രോഹിക്കാനോ ഉള്ള യാതൊരു ഉദ്ദേശവും തനിക്കോ കുടുംബത്തിനോ ഇല്ലെന്നും ഹണി റോസ് പറഞ്ഞു. അതേസമയം ബാക്കി കാര്യങ്ങൾ കുടുംബത്തോട് കൂടി ആലോചിച്ച് തീരുമാനിക്കുമെന്നും കൂട്ടിച്ചേർത്തു.
വിഷയവുമായി ബന്ധപ്പെട്ട് തൻ്റെ മാതാപിതാക്കളോട് സംസാരിച്ചതായും ഹണി റോസ് പറഞ്ഞു. ബോബി ചെമ്മണ്ണൂരിൻ്റെ ഭാഗത്തുനിന്നുണ്ടായ ഖേദപ്രകടനത്തെ അഭിനന്ദിക്കുന്നതായും, ബാക്കി നിയമനടപടികളുമായി എങ്ങനെ മുന്നോട്ട് പോകണമെന്ന് മാതാപിതാക്കളുമായി ആലോചിച്ച് പിന്നീട് ഒരു തീരുമാനമെടുക്കുമെന്നും ഹണി റോസ് വ്യക്തമാക്കി.
ഹണി റോസിനെതിരെ നടത്തിയ പരാമർശങ്ങളിൽ പരസ്യമായി ക്ഷമാപണം നടത്തുകയായിരുന്നു ബോബി ചെമ്മണ്ണൂർ. സമൂഹ മാധ്യമത്തിലൂടയാണ് ബോബി ചെമ്മണ്ണൂർ തന്റെ ഖേദം പ്രകടിപ്പിച്ചത്. തൻ്റെ പ്രസ്താവനകൾ നടിക്കും കുടുംബത്തിനും വലിയ രീതിയിൽ മാനസിക വിഷമം ഉണ്ടാക്കിയെന്ന് ബോധ്യപ്പെട്ടതായും, ഇതിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മാർഥമായി ക്ഷമ ചോദിക്കുന്നുവെന്നും ബോബി ചെമ്മണ്ണൂർ വ്യക്തമാക്കി. ഈ സാഹചര്യത്തിൽ തനിക്കെതിരെയുള്ള നിയമനടപടികൾ ഹണി റോസ് പിൻവലിക്കണമെന്നും ബോബി ചെമ്മണ്ണൂർ അഭ്യർഥിച്ചു.
Post a Comment