Join News @ Iritty Whats App Group

ഹജ്ജ് കർമ്മങ്ങളിൽ പങ്കെടുക്കുന്നതിനിടെ മൂന്ന് മലയാളി വനിതാ തീർത്ഥാടകർ മരിച്ചു

ഹജ്ജ് കർമ്മങ്ങളിൽ പങ്കെടുക്കുന്നതിനിടെ മൂന്ന് മലയാളി വനിതാ തീർത്ഥാടകർ മരിച്ചു



റിയാദ്: ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങളിൽ പങ്കെടുക്കുന്നതിനിടെയും ചടങ്ങുകൾ പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെയും ഉണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് മൂന്ന് മലയാളി തീർത്ഥാടകർ മക്കയിൽ അന്തരിച്ചു. പാലക്കാട്, എറണാകുളം, കാസർകോട് സ്വദേശിനികളായ വനിതകളാണ് മരണപ്പെട്ടത്.

പാലക്കാട് കൊപ്പം പഞ്ചായത്ത് അൻസാർ നഗർ തെക്കുമല മർക്കശ്ശേരി വീട്ടിൽ സുലൈമാന്റെ ഭാര്യ പാത്തുമ്മ (58) ആണ് മിനയിലെ ആശുപത്രിയിൽ വെച്ച് ഏറ്റവും ഒടുവിലായി മരിച്ചത്. മിനയിലെ 1828-ാം നമ്പർ കെട്ടിടത്തിൽ താമസിച്ചിരുന്ന ഇവർ, ഹജ്ജ് ചടങ്ങുകളിൽ പങ്കെടുത്തു വരികെ പെട്ടെന്ന് അസുഖബാധിതയാവുകയായിരുന്നു. ഉടൻ തന്നെ മിന 2 ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും അസുഖം മൂർച്ഛിച്ച് ഞായറാഴ്ച പുലർച്ചെയോടെ അന്ത്യം സംഭവിച്ചു. സൗദി അധികൃതരുടെയും ഹജ്ജ് ഗ്രൂപ്പ് വളന്റിയർമാരുടെയും നേതൃത്വത്തിൽ മരണാനന്തര നടപടികൾ മിനയിൽ പുരോഗമിക്കുകയാണ്. ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മക്കയിൽ തന്നെ ഖബറടക്കും.

ഹജ്ജ് കർമ്മങ്ങൾ പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെ അസുഖബാധിതയായ എറണാകുളം ഇടവനക്കാട് സ്വദേശിനി സുലൈഖ (70) ആണ് മക്കയിൽ മരിച്ച മറ്റൊരു തീർത്ഥാടക. ചടങ്ങുകൾക്ക് ശേഷം താമസസ്ഥലത്ത് വെച്ച് ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച ഇവരെ ഉടൻ തന്നെ സൗദി നാഷനൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് ഇവർ മരണത്തിന് കീഴടങ്ങിയത്. സൗദി ഹജ്ജ് മിഷൻ ഭാരവാഹികളുടെ നേതൃത്വത്തിൽ ഇവർക്കായുള്ള മരണാനന്തര ഔദ്യോഗിക നടപടിക്രമങ്ങൾ മക്കയിൽ നടന്നു വരുന്നു.

കാസർകോട് പൈവളിക കയർക്കട്ടെ പഴയ കൃഷിഭവന് സമീപം താമസിക്കുന്ന കുഞ്ഞലിമ്മ (63) ആണ് മക്കയിൽ മരിച്ച മൂന്നാമത്തെ മലയാളി. ഹജ്ജ് കർമ്മങ്ങൾക്കിടയിൽ മിനയിൽ വെച്ച് പെട്ടെന്ന് അസുഖബാധിതയായതിനെ തുടർന്ന് ഇവരെ മക്കയിലെ സൗദി ജർമൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. സൗദി അധികൃതരുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഇവർക്കായുള്ള മരണാനന്തര നടപടിക്രമങ്ങളും മറ്റ് ഔദ്യോഗിക കർമ്മങ്ങളും മക്കയിൽ പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group